കോഴിക്കോട് ∙ സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശം നിശ്ചയിക്കണമെന്ന സുപ്രീം കോടതി വിധിയിൽ കേരളം ഉറ്റുനോക്കുന്നത് അയൽസംസ്ഥാനങ്ങളുടെ നിലപാടുകളും. അതിർത്തി ജില്ലകളോടു ചേർന്നുള്ള തമിഴ്നാട്ടിലെയും കർണാടകയിലെയും വനമേഖലകൾക്കു ചുറ്റും എത്ര കിലോമീറ്റർ പരിസ്ഥിതി ലോലമാക്കി നിർത്തുന്നു എന്നതാണു പ്രശ്നം.
കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള, തലക്കാവേരി, തമിഴ്നാട്ടിലെ ആനമല, മുതുമല, മേഘമല, കളക്കാട്–മുണ്ടൻതുറൈ എന്നീ വന്യമൃഗ സങ്കേതങ്ങളുടെ പരിസ്ഥിതിലോല പ്രദേശങ്ങൾ വയനാട്, കണ്ണൂർ, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളിലെ ജനവാസ മേഖലകളെ ബാധിക്കും. ഒരു കിലോമീറ്ററോ അതിൽ കൂടുതലോ പരിസ്ഥിതിലോലമാക്കാൻ തമിഴ്നാടും കർണാടകയും തീരുമാനിച്ചാൽ അത് കേരളത്തിനു ദോഷകരമാവും.
ബന്ദിപ്പൂർ കടുവാ സങ്കേതത്തിനു ശരാശരി 3.62 കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം വിജ്ഞാപനം (കുറഞ്ഞത് 0 കൂടിയത് 7.78 കി.മീ) ചെയ്തിരിക്കുന്നത്. നാഗർഹോളയുടെ വിജ്ഞാപനം വന്നിട്ടില്ല. തമിഴ്നാട്ടിലെ 11 സംരക്ഷിത പ്രദേശങ്ങൾക്ക് (ഇതിൽ കേരളവുമായി അതിർത്തി പങ്കിടുന്നവ ഇല്ല) 0 മുതൽ 6.2 കിലോമീറ്റർ വരെ നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ആയിട്ടുണ്ട്. മുതുമല വന്യജീവി സങ്കേതത്തിൽ കേരളത്തിന്റെ അതിർത്തിയോടു ചേർന്ന പ്രദേശത്ത് പൂജ്യം കിലോമീറ്റാക്കി നിശ്ചയിച്ചാണ് കരടു വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇത് അന്തിമമാക്കിയിട്ടില്ല.
വനം ഉന്നതതല സംഘത്തിന്റെ യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. കർണാടകയും തമിഴ്നാടുമായി യോജിച്ചു പ്രവർത്തിക്കേണ്ടി വരും. ഇതിനായി ചിലപ്പോൾ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കേണ്ടി വരും. കേന്ദ്രത്തിന്റെ പൊതു മാർഗ നിർദേശം ലഭിക്കുകയാണെങ്കിൽ അതിനു ശേഷം തീരുമാനിക്കാം.
വനം മന്ത്രി എ.കെ.ശശീന്ദ്രൻ
ഓരോ സംരക്ഷിത പ്രദേശത്തിനും അതത് ഇടത്തെ പ്രത്യേകതകൾ കണക്കിലെടുത്ത് പരിസ്ഥിതി ലോല പ്രദേശം നിർണയിക്കാം എന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ദൂരപരിധി നിശ്ചയിച്ച് നൽകുന്നതിൽ ഏറ്റവും പിന്നിലാണു കേരളം. 24 സംരക്ഷിത പ്രദേശങ്ങളിൽ മതികെട്ടാൻ സങ്കേതത്തിനു മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളൂ. സുപ്രീംകോടതി ഉത്തരവിൽ ഓരോ സംസ്ഥാനവും മറുപടി നൽകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നു പൊതു മാർഗനിർദേശം അടുത്തയാഴ്ച ലഭിച്ചേക്കും.
English Summary: ESZ: Karnataka, Tamil Nadu Stand is Crucial for Kerala