തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധത്തെക്കുറിച്ചു കമ്പനിയുടെ വിമാനത്താവള മാനേജർ പൊലീസിനു നൽകിയ റിപ്പോർട്ട് കള്ളമാണെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാതി നൽകി. മാനേജരുടെ റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദ്വിവേദിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിമാനത്തിൽനിന്ന് ഇറങ്ങിയ ശേഷമാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നു സഹയാത്രികനായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ സംഭവത്തിനു തൊട്ടുപിന്നാലെ വെളിപ്പെടുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ കാര്യം പ്രസംഗത്തിൽ ആവർത്തിച്ചു. എന്നാൽ, പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന നിലയ്ക്കാണു വലിയതുറ പൊലീസിന് ഇൻഡിഗോ മാനേജർ റിപ്പോർട്ട് നൽകിയത്.
ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ പിടിച്ചുതള്ളുന്ന ദൃശ്യം പുറത്തുവന്നിട്ടും റിപ്പോർട്ടിൽ ജയരാജന്റെ പേരു പരാമർശിച്ചിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ആൾ പിടിച്ചുതള്ളിയെന്നാണു റിപ്പോർട്ടിലെ വാചകം. കണ്ണൂർ സ്വദേശിയായ വിമാനത്താവള മാനേജർ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയതു രാഷ്ട്രീയ സമ്മർദത്തെത്തുടർന്നും പൊലീസിന്റെ ആവശ്യപ്രകാരവുമാണെന്നും സതീശൻ ആരോപിച്ചു. ജയരാജന്റെ പേര് ഒഴിവാക്കിയതു ദുരൂഹമാണെന്നും വസ്തുതാവിരുദ്ധമായ റിപ്പോർട്ട് നൽകിയതിനു മാനേജരെക്കൊണ്ടു മറുപടി പറയിക്കുമെന്നും സതീശൻ പറഞ്ഞു.
ഡൽഹിയിൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ മിത്രങ്ങളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ 3 ദിവസമായി ചോദ്യം ചെയ്യുന്ന ഇഡിയുടെ കൈവശം സ്വപ്ന സ്വർണക്കടത്തു കേസിൽ നൽകിയ സത്യവാങ്മൂലമുണ്ട്. സിപിഎം നേതൃത്വവും സംഘപരിവാറുമായി ഉണ്ടാക്കിയ ധാരണയെത്തുടർന്നാണു സ്വപ്നയുടെ മൊഴിയിൽ തുടരന്വേഷണം നിലച്ചത്. നിരപരാധിയാണെങ്കിൽ മുഖ്യമന്ത്രി നിയമ വഴി തേടാത്തത് എന്തുകൊണ്ടാണ്? കേസിലെ പ്രതിയായ എം.ശിവശങ്കർ മുഖ്യമന്ത്രിക്കെതിരായ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തതെന്നും സതീശൻ ആരോപിച്ചു.
English Summary: V.D. Satheesan complaint against Indigo