ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകർപ്പിനു ക്രൈംബ്രാഞ്ചും വിജിലൻസും നൽകിയ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലാണു സ്വപ്ന രഹസ്യമൊഴി നൽകിയത്. അതിനാൽ ഈ മൊഴിയും അനുബന്ധ സത്യവാങ്മൂലവും ലഭിക്കാനുള്ള നിയമപരമായ അവകാശം ഈ കേസ് അന്വേഷിക്കുന്ന ഇഡി ഓഫിസർക്കു മാത്രമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ജഡ്ജി ഹണി എം.വർഗീസ് ഹർജികൾ തള്ളിയത്. ഇഡി ഉദ്യോഗസ്ഥനു പകർപ്പ് കൈമാറിയിരുന്നു.

വ്യാജ ആരോപണങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണു സ്വപ്ന രഹസ്യമൊഴി നൽകിയതെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിനായാണ് അവർ സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിനാണു വിജിലൻസ് പകർപ്പു തേടിയത്.

രഹസ്യമൊഴിയെ ആയുധമാക്കുന്നു എന്നു പ്രോസിക്യൂഷൻ

അന്വേഷണത്തെ വഴിതെറ്റിക്കാനായി പ്രതിഭാഗം ഗൂഢാലോചന നടത്തി രഹസ്യ മൊഴിയെ ആയുധമാക്കുകയാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗം തന്നെ മൊഴികളിലെ വിവരങ്ങൾ ചോർത്തുകയാണ്. ദേശവിരുദ്ധ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ നിയമവ്യവസ്ഥയെ ദുർബലമാക്കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചു. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ചോർന്നതായി പറഞ്ഞ് കോടതിയെക്കൂടി പ്രോസിക്യൂഷൻ ഇതിൽ കക്ഷിയാക്കുകയാണെന്നു പ്രതിഭാഗം വാദിച്ചു. എന്നാൽ, കോടതിയിൽനിന്നാണ് മൊഴി ചോർന്നതെന്നു കരുതുന്നില്ലെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.

English Summary : Crime branch in court asking for Swapna's 164 statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com