ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചത് പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേരളത്തിന്റെ സമ്പദ്‌‌ഘടനയിൽ നിർണായക സംഭാവനകൾ നൽകുന്ന ജനവിഭാഗമാണ്‌ പ്രവാസികൾ. സംസ്ഥാനം പ്രളയം ഉൾപ്പെടെ ദുരന്തം നേരിടുന്ന ഘട്ടത്തിൽ, ജനിച്ച നാടിനെ കൈപിടിച്ചുയർത്താൻ പ്രവാസികൾ നൽകിയ സഹായം ആർക്കും വിസ്‌മരിക്കാനാവില്ല.

പ്രവാസികളുടെ പ്രശ്‌നങ്ങൾ സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നമായിക്കണ്ട്‌ പരിഹരിക്കുന്നതിനുള്ള സംവിധാനമായാണ് ലോക കേരളസഭ പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രതിപക്ഷത്തിനു താൽപര്യമില്ലെന്നു വ്യക്തമായെന്നും സിപിഎം അഭിപ്രായപ്പെട്ടു.

∙ ‘പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലി കൊടുക്കുന്ന പരിപാടിയല്ല ലോക കേരളസഭ. രണ്ടു ലോക കേരളസഭയുടെ തീരുമാനങ്ങളിൽ എന്തെല്ലാം നടപ്പാക്കിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇത്രയും പണം മുടക്കി നടത്തുമ്പോൾ അതിന്റെ ഫലം എന്താണെന്നു ജനങ്ങളോടു പറയേണ്ടതല്ലേ?’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

∙ ‘ലോക കേരളസഭയിൽ യുഡിഎഫ് നേതാക്കൾ മാത്രമാണു പങ്കെടുക്കാത്തത്. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ട്. പ്രവാസികളെ യുഡിഎഫ് മാനിക്കുന്നു. അവരുടെ കാര്യത്തിൽ വേർതിരിവില്ല. ലോക കേരളസഭയിൽ പങ്കെടുക്കേണ്ട എന്നത് യുഡിഎഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോക കേരളസഭയിൽ പങ്കെടുത്തോട്ടെ എന്ന നിലപാടാണു ലീഗിന്.’ – പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി

ലോക കേരളസഭ: പ്രതിപക്ഷം പങ്കെടുക്കാത്തത് ചർച്ചയായി

തിരുവനന്തപുരം ∙ ലോക കേരളസഭയിൽ യുഡിഎഫ്, എൻഡിഎ നേതാക്കൾ പങ്കെടുക്കാത്തതിൽ വിമർശനമുയർന്നു. അസുഖം കാരണം മുഖ്യമന്ത്രി പങ്കെടുക്കാത്തതും വലിയ ഒരുക്കങ്ങളോടെ സംഘടിപ്പിച്ച സമ്മേളനത്തിന്റെ പൊലിമ കുറച്ചു. പ്രതിനിധികൾക്കായി ഒരുക്കിയ ഒട്ടേറെ സീറ്റുകളും ഒഴിഞ്ഞുകിടന്നു. 

മുന്നണിനേതാക്കൾ പങ്കെടുത്തില്ലെങ്കിലും തങ്ങളോടു പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഡിഎഫ് അനുകൂല സംഘടനകൾ യോഗത്തിൽ വ്യക്തമാക്കി. പ്രവാസികാര്യത്തിൽ പ്രതിപക്ഷ, ഭരണപക്ഷ ഭിന്നത പാടില്ലെന്നും ഇപ്പോൾ ഭരിക്കുന്ന സർക്കാർ പ്രതിപക്ഷത്തു വന്നാൽ ലോക കേരളസഭ ബഹിഷ്കരിക്കരുതെന്നും എം.എ.യൂസഫലി പറഞ്ഞു.

സഭ സംഘടിപ്പിച്ചതിനു സർക്കാരിനെ ലീഗ് അനുകൂല സംഘടനയായ കെഎംസിസിയുടെ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി പ്രശംസിച്ചു. പാർട്ടി നിർദേശപ്രകാരമാണു പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് നേതാക്കളെ കൊണ്ടുവരാൻ സാധിച്ചില്ലെന്നു യൂസഫലി ചോദിച്ചു.

Content Highlight: Loka Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com