ADVERTISEMENT

കണ്ണൂർ ∙ പയ്യന്നൂരിൽ 3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി ആരോപിക്കപ്പെട്ട സംഭവത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു സിപിഎം ജില്ലാ നേതൃത്വം പറയുമ്പോഴും ഏരിയ കമ്മിറ്റിയിൽ ഉയർന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ബാക്കി ഉണ്ടാകേണ്ട 42 ലക്ഷം രൂപയും കെട്ടിട നിർമാണ ഫണ്ടിലെ ബാക്കി 9 ലക്ഷം രൂപയും അടക്കം 51 ലക്ഷം രൂപ എവിടെയെന്നാണ് ഏരിയ കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ട ചോദ്യം. 

ഇക്കാര്യം വിശദീകരിക്കാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല. ഇത്രയും രൂപ കാണാനില്ലെന്നതു തന്നെയാണ് പാർട്ടിയിൽ ഉയർന്ന പ്രധാന ആരോപണം. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന്റെ 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഏറ്റെടുത്തു വീട്ടുമെന്നു പറഞ്ഞാണു ധനസമാഹരണം നടത്തിയത്. പക്ഷേ, ബാധ്യത വീട്ടിയിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു. കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നു വി.കുഞ്ഞിക്ക‍‍‍ൃഷ്ണൻ യോഗത്തിൽ സമർഥിച്ചിരുന്നു. പാർട്ടി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇതു സംബന്ധിച്ചു വിശദീകരണമില്ല. 

കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്നു സിപിഎം പറയുന്നുണ്ടെങ്കിലും കണക്കുകൾ പരിശോധിക്കേണ്ടി വന്നത് കുഞ്ഞിക്കൃഷ്ണന്റെ ഇടപെടലിനെ തുടർന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓഡിറ്റിലാണു ക്രമക്കേടുകൾ കണ്ടെത്തിയതും ജില്ലാ നേതൃത്വത്തെ അറിയിച്ചതും. ഈ പരിശോധനയിൽ കണ്ടെത്തിയ 51 ലക്ഷം രൂപയുടെ കുറവാണ് ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. 

സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കുഞ്ഞിക്കൃഷ്ണനെയാണ് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടാകുമ്പോൾ ഓഡിറ്റ് ചെയ്യാൻ നിയോഗിച്ചിരുന്നത്. അദ്ദേഹത്തിനുള്ള പ്രാവീണ്യം കണക്കിലെടുത്തായിരുന്നു ഇത്. 

English Summary: CPM party fund fraud issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com