ADVERTISEMENT

പത്തനംതിട്ട ∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണു നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം. തിരുവനന്തപുരത്തു കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യണമെങ്കിൽ അതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കണം. അതിനുള്ള അവസരമാണു നേമത്തുണ്ടായിരുന്നത്.

നേമം പദ്ധതിക്ക് അനുമതി ലഭിക്കണമെങ്കിൽ സംസ്ഥാനം സമ്മർദം ശക്തമാക്കാതെ മറ്റു വഴികളില്ല. പദ്ധതി കേരളത്തിന്റെ അടിയന്തരാവശ്യമാണെന്നു ബോധ്യപ്പെടുത്തുന്നതിൽ ദക്ഷിണ റെയിൽവേ പരാജയപ്പെട്ടിരിക്കുന്നു. കൊച്ചുവേളിയിൽ അധിക പ്ലാറ്റ്ഫോം ലൈനുകൾ നിർമിക്കുന്നതിനാൽ നേമം ടെർമിനൽ എന്തിനെന്ന അയഞ്ഞ നിലപാ‌ടാ‌ണ് ഉദ്യോഗസ്ഥർക്കുള്ളത്.

2005ൽ തുറന്ന കൊച്ചുവേളി സ്റ്റേഷനിൽ അധിക പ്ലാറ്റ്ഫോമുകളുടെ നിർമാണത്തിനു 2020 നവംബറിൽ മാത്രമാണ് അനുമതി ലഭിച്ചത്. 6 മാസം കൊണ്ടു തീരേണ്ട പദ്ധതി ഇപ്പോഴും തീർന്നിട്ടില്ല. കൊച്ചുവേളിയിലെ 2 പ്ലാറ്റ്ഫോമുകൾ കൊണ്ടു മാത്രം തിരുവനന്തപുരത്തെ തിരക്കിന് പരിഹാരമാകില്ല.

തിരുനെൽവേലി–നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി നാഗർകോവിലിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 5 പിറ്റ്‌ലൈനുകളും 9 സ്റ്റേബിളിങ് ലൈനുകളുമടങ്ങുന്ന ബൃഹത് പദ്ധതി റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) നടപ്പാക്കുന്നുണ്ട്. അതിനുവേണ്ടി നേമത്തെ ഇല്ലാതാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ ആ പദ്ധതിയുമായി നേമം പദ്ധതിക്കു ബന്ധമില്ലെന്നും നാഗർകോവിലിലെ തിരക്കു കുറയ്ക്കാനുള്ള പദ്ധതിയാണു ആർവിഎൻഎൽ അവിടെ നടപ്പാക്കുന്നതെന്നുമാണു അധികൃതരുടെ വിശദീകരണം. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ റെയിൽവേ നിർമാണ വിഭാഗവും തിരുനെൽവേലി–നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ ആർവിഎൻഎല്ലുമാണു നടപ്പാക്കുന്നത്. നേമം വരെ രണ്ടാം പാതയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ ടെർമിനലിനുവേണ്ട ഭൂമിയുടെ ഒരു പങ്കും റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നിരിക്കെ പദ്ധതിയിൽ നിന്നു പിൻമാറാനുള്ള റെയിൽവേ ബോർഡ് തീരുമാനം തിരുത്തണമെന്നു യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.

English Summary: Nemom railway terminal project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com