ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ അപേക്ഷ പ്രകാരം രണ്ടാം പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിക്കും. ഇതേ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ (പിഎംഎൽഎ) സ്വപ്ന സ്വന്തം ഇഷ്ടപ്രകാരം നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്കു നേരത്തെ ലഭിച്ചിരുന്നു. രണ്ടു മൊഴിപ്പകർപ്പുകളും താരതമ്യം ചെയ്തു തുടരന്വേഷണം നടത്താൻ ഇതോടെ അവസരം ലഭിക്കും. 

കേസിൽ ഇഡിക്കു നേരത്തെ നൽകിയ മൊഴികളിൽ പറയാത്ത വിവരങ്ങളും വെളിപ്പെടുത്തലും രഹസ്യമൊഴി (സിആർപിസി 164) പറയുന്നുണ്ടെങ്കിൽ മാത്രം തുടരന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം. സ്വപ്ന നടത്തിയ ഗൗരവ സ്വഭാവമുള്ള വെളിപ്പെടുത്തലുകൾ നിയമപരമായി നിലനിൽക്കണമെങ്കിൽ അതിനാവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിയണം.

സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ കസ്റ്റംസിനു തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കള്ളക്കടത്തിൽ സ്വപ്നയെ അറസ്റ്റ് ചെയ്ത ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നീക്കങ്ങളെക്കുറിച്ചു കടുത്ത വിമർശനം സ്വപ്ന ഉന്നയിച്ചിരുന്നു. സ്വപ്നയുടെ കൂട്ടു പ്രതിയായ സന്ദീപ് നായർ കള്ളക്കടത്തു കേസുകളിലെ സ്ഥിരം കുറ്റവാളിയായിട്ടും സന്ദീപിനെ എൻഐഎ മാപ്പുസാക്ഷിയാക്കിയതു സംശയകരമാണെന്നാണു സ്വപ്നയുടെ നിലപാട്. കള്ളക്കടത്തു വിവരം പുറത്തുവന്ന ഉടൻ സന്ദീപ് നായർക്കൊപ്പം കേരളം വിടാൻ നിർദേശം നൽകിയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണു പിന്നീടു ബെംഗളൂരുവിൽ ഇവർ തങ്ങിയ ഹോട്ടലിന്റെ വിവരങ്ങൾ എൻഐഎക്കു കൈമാറി അറസ്റ്റിനു വഴിയൊരുക്കിയതെന്നും സൂചിപ്പിച്ചിരുന്നു. 

എൻഐഎയുടെ കൊച്ചി ഓഫിസിൽ തന്നെ ചോദ്യം ചെയ്യുമ്പോൾ അവിടെയുണ്ടായിരുന്ന എം. ശിവശങ്കർ ഒരു അന്വേഷണ ഉദ്യോഗസ്ഥനെപ്പോലെയാണു പെരുമാറിയതെന്നും എൻഐഎ സൂപ്രണ്ട് പോലും ശിവശങ്കറിന്റെ വിധേയനെപ്പോലെ ആയിരുന്നുവെന്നും സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു. 

സരിത നായരുടെ മകന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സരിത നായരുടെ മകന്റെയും ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തി. നേരത്തേ സരിതയുടെ മൊഴി അന്വേഷണ സംഘം വീട്ടിൽ പോയി രേഖപ്പെടുത്തിയിരുന്നു.

English Summary: Swapna Suresh, Sarith statement, court order in favor of Enforcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com