ADVERTISEMENT

ചീമേനി (കണ്ണൂർ) ∙ ഒരുമയോടെ വിജയം കൊയ്യുന്ന പതിവ് ആവർത്തിച്ചപ്പോൾ ഹരിതയ്ക്കും ഹരിശ്രീക്കും ഒന്നാം റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല പ്ലാന്റ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഷയങ്ങളിലാണ് ഇരട്ടകളായ ഹരിതയും ഹരിശ്രീയും ഒരേ മാർക്കോടെ ഒന്നാം റാങ്ക് നേടിയത്.

കുഞ്ഞിപാറ കുന്നും കിണറ്റുകരയിലെ ശങ്കരൻ നമ്പൂതിരി (ഹരി) യുടെയും ഉഷാകുമാരിയുടെയും 3 മക്കളിൽ ഇരട്ടകളായ ഇവർക്ക് വിജയത്തിലെ ഈ ഒരുമ പുതുമയുള്ളതല്ല. 

കുഞ്ഞിപാറ ഗവ. വെൽഫെയർ യുപി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഏകദേശം ഒരേ മാർക്കോടെയാണ് ഇരുവരും വിജയിച്ചു കയറിയത്. കൊടക്കാട് കേളപ്പജി ഹൈസ്ക്കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷ വിജയിച്ചപ്പോൾ രണ്ട് പേർക്കും എല്ലാ വിഷയത്തിലും എ പ്ലസ്. 

ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു വിജയിച്ചപ്പോൾ രണ്ടു പേർക്കും 94% മാർക്ക്. 95.55% മാർക്ക് നേടി ഹരിതയും 95.56% മാർക്ക് നേടി ഹരിശ്രീയും ബിരുദത്തിനു റാങ്ക് നേടുമ്പോൾ ആ ചരിത്രം ആവർത്തിക്കുകയാണ്. 

പ്ലസ്ടു വരെ ഒരു ക്ലാസിലിരുന്നാണു പഠിച്ചതെങ്കിലും ബിരുദത്തിന് ഇഷ്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് ഇരുവരും വ്യത്യസ്ത ക്ലാസിലേക്കു മാറി. കാഞ്ഞങ്ങാട് നെഹ്റു കോളജിലായിരുന്നു ബിരുദപഠനം. 

ഇരട്ടക്കുട്ടികളുടെ മിന്നുന്ന വിജയം കോളജിന് അഭിമാനമാണെന്നു പ്രിൻസിപ്പൽ ഡോ. കെ.വി.മുരളി പറഞ്ഞു.  തുടർപഠനങ്ങളിലും ഒരേ മാർക്കോടെ മിന്നുന്ന വിജയം നേടണമെന്നാണ് ആഗ്രഹമെന്നു ഹരിതയും ഹരിശ്രീയും മനോരമയോട് പറഞ്ഞു.

 

English Summary: Twin sister score rank from Kannur university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com