തിരുവനന്തപുരം ∙ ആലുവയിൽനിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ 2 സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ മെഡിക്കൽ കോളജ് അധികൃതർ നിയമനടപടി തുടങ്ങി. ഇവർ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പൊലീസിൽ പരാതി നൽകി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാൻ പോയ സ്വകാര്യ ആംബുലൻസുമായോ ബന്ധമില്ലാത്തവർ വൃക്ക എടുത്തുകൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആംബുലൻസിൽ ഉണ്ടായിരുന്ന പിജി ഡോക്ടർമാർ പിന്നാലെപോയെങ്കിലും പെട്ടി നൽകാൻ ഇവർ തയാറായില്ലെന്നും വിഡിയോ ചിത്രീകരിച്ചു വിവാദമുണ്ടാക്കാൻ ശ്രമിച്ചെന്നും അധികൃതർ പറയുന്നു. വൃക്കയുമായി ഇവർ വഴിയറിയാതെ നിൽക്കുന്നതും തിയറ്റർ മാറിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലൻസ് എത്തുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തിയറ്ററിലേക്കു കൊണ്ടുപോകാൻ പൊലീസ് സുരക്ഷയില്ലായിരുന്നു.
∙ സുരേഷിനെ തിരഞ്ഞെടുത്തത് നാലു പേരിൽനിന്ന്
വൃക്ക സ്വീകരിക്കാൻ തയാറായെത്തിയ 4 പേരിൽ യോജിച്ചത് സുരേഷ്കുമാറിനു മാത്രം. മൃതസഞ്ജീവനി പട്ടിക പ്രകാരം ശസ്ത്രക്രിയയ്ക്കായി വിളിച്ച 4 പേരിൽ ഒരാൾക്കു കോവിഡ് ബാധിക്കുകയും മറ്റു 2 പേർക്ക് വൃക്ക യോജിക്കില്ലെന്നു കണ്ടെത്തുകയും ചെയ്തു.
∙ ‘6.30ന് എത്തുമെന്നു പ്രതീക്ഷിച്ച വൃക്ക ഒരു മണിക്കൂർ നേരത്തേയെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. അപ്പോൾ രോഗി ഡയാലിസിസിലായിരുന്നു. വൃക്ക മാറ്റിവയ്ക്കുന്നയാൾക്കു 4 മണിക്കൂറെങ്കിലും ഡയാലിസിസ് ചെയ്യണം.’ – എ.നിസാറുദീൻ (ആശുപത്രി സൂപ്രണ്ട്)
Content Highlight: Kidney, Kidney Transplantation, Ambulance