ADVERTISEMENT

തിരുവനന്തപുരം ∙ ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ വൈദ്യുത പദ്ധതിക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. സംസ്ഥാനത്തു വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനുളള പദ്ധതിയാണിത്. 200 മെഗാവാട്ടിന്റെ 4 ജനറേറ്ററുകളാണ് ഇടുക്കിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 2700 കോടി രൂപ മുതൽമുടക്ക് വേണ്ടിവരും. 

2023 ൽ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും. തുരങ്കവും പവർ ഹൗസും ഉൾപ്പെടെയുള്ള ഭൂഗർഭ നിർമാണ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. പാരിസ്ഥിതിക ആഘാതം പരമാവധി കുറയ്ക്കും. ഇടുക്കി ജലാശയത്തിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംഭരണ ശേഷിയുണ്ട്.

നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി നിലയം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. പുതിയ പദ്ധതി വരുന്നതോടെ പീക് ലോഡ് സമയത്തെ വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ ചെലവിൽ ഏറക്കുറെ പൂർണമായി നിറവേറ്റാനാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കിയിലെ ഉൽപാദനശേഷി 259 കോടി യൂണിറ്റായി വർധിക്കും. ജനസമ്പർക്ക പരിപാടി ഉൾപ്പെടെ ഒരു വർഷം നീളുന്ന പാരിസ്ഥിതിക ആഘാത പഠനം നടത്തും. തുടർന്ന് രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി ആരംഭിക്കും.

English Summary: Government of India approval for Idukki extension project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com