ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപു ശമ്പളം നൽകണമെന്നു ഹൈക്കോടതി വിധിച്ചു. സാധാരണ തൊഴിലാളികളുടെ ശമ്പളം സമയത്തു നൽകിയേ പറ്റൂ. ഇതു നടപ്പാക്കാതെ കാര്യക്ഷമത നേടാനാവില്ല. 

ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും മറ്റും ചോരയും നീരുമാണു വരുമാനം ഉണ്ടാക്കുന്നത്. വരുമാനത്തിൽനിന്ന് ആദ്യം നൽകേണ്ടത് ഇവരുടെ ശമ്പളമാണ്. അല്ലാത്തപക്ഷം കഷ്ടപ്പെടുന്നവർക്കു വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാകും. ധനസഹായം നൽകിയാൽ മാത്രം പോരെന്നും കെഎസ്ആർടിസിയുടെ ബാധ്യത പെരുകുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടണമെന്നും കോടതി നിർദേശിച്ചു. 

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുമെന്ന് സർക്കാർ അറിയിച്ചു. കോർപറേഷന്റെ ആസ്തി, ബാധ്യതകൾ എന്നിവ കണക്കിലെടുത്തു പരിഹാര മാർഗം കണ്ടെത്തണമെന്നു കോടതി നിർദേശിച്ചു. ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനും ഭൂമിയും മറ്റ് ആസ്തികളും വിനിയോഗിച്ച് ബാധ്യത തീർക്കാനും കഴിയുമോ എന്നു നോക്കണമെന്നും നിർദേശിച്ചു. 

യഥാസമയം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാരായ ആർ.ബാജി തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, മിനിസ്റ്റീരിയൽ, സ്റ്റോർ ജീവനക്കാർക്കു ശമ്പളം നൽകാതെ മേലുദ്യോഗസ്ഥർക്കു ശമ്പളം നൽകരുതെന്നുള്ള മുൻ ഉത്തരവു തുടരുമെന്നു കോടതി വ്യക്തമാക്കി. . 

ഉന്നത തല ഓഡിറ്റ് വേണം

കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വരേണ്ട സമയം അതിക്രമിച്ചുവെന്നു ഹൈക്കോടതി പരാമർശിച്ചു. 12,100.34 കോടി രൂപയാണു ബാധ്യത. വായ്പയെല്ലാം എന്തിന് എടുത്തതാണെന്നു പരിശോധിക്കണം. നിലവിലെ സ്ഥിതി വ്യക്തമാക്കി ധവളപത്രം പോലെയൊന്ന് ഇറക്കേണ്ടി വരും. സർക്കാർ പണം നൽകുന്നതിന്റെ പ്രയോജനം കിട്ടണമെങ്കിൽ വിവേകപൂർവം ഇടപെടണമെന്നും പറഞ്ഞു. 

3030.64 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പ എടുത്തിട്ടുണ്ടെന്നും 356.65 കോടി രൂപ കെടിഡിഎഫ്സിക്കു നൽകാനുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചിരുന്നു. ഈ ബാധ്യത തീർക്കാൻ എന്തു ചെയ്യുമെന്നു സർക്കാർ ആലോചിക്കണം. ഗതാഗത മന്ത്രി, സെക്രട്ടറി എന്നിവർക്കു കെഎസ്ആർടിസിയുടെ കാര്യങ്ങളിൽ എത്രത്തോളം പങ്കുണ്ടെന്നും കോടതി ചോദിച്ചു. 

ഇതും ‘കെ’ തന്നെ

സർക്കാർ മറ്റു ‘കെ’ യ്ക്കു നൽകുന്ന പ്രാധാന്യം കെഎസ്ആർടിസിക്കും നൽകണമെന്നു കെ റയിലിനെ പേരു പറയാതെ സൂചിപ്പിച്ച് കോടതി. കെഎസ്ആർടിസി അടച്ചു പൂട്ടാനാവില്ലെന്നും ഇതു പൂട്ടിയാലുള്ള പ്രത്യാഘാതം ഗുരുതരമാകുമെന്നും കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ ജീവനക്കാർ സമരം പ്രഖ്യാപിക്കുമ്പോൾ ജനങ്ങളുടെ മേലുള്ള കുതിരകയറ്റം ആണെന്നു പറഞ്ഞിട്ടു കാര്യമില്ല. നവ കേരളമല്ലേ, സർക്കാർ മറ്റൊരു കാഴ്ചപ്പാടിലൂടെ ഇതിനെ കാണണം. കുട്ടികളുടെ ഫീസ്, മരുന്ന് ഇതിനൊക്കെ കടം വാങ്ങേണ്ടി വരുന്നവരുടെ കണ്ണീർ കണ്ടില്ലെന്നു നടിക്കാനാവില്ല– കോടതി പറഞ്ഞു. 

റെഡ് സിഗ്നൽ കത്തി നിൽക്കുന്നു

കെഎസ്ആർടിസി ബസുകളുടെ നിറം പോലെ സ്ഥാപനത്തിലും അപായ സൂചനയുടെ ‘ചുവപ്പു’ കത്തി നിൽക്കുകയാണെന്നു കോടതി വ്യക്തമാക്കി. വരുമാനത്തെ കാർന്നു തിന്നുകയാണു ബാധ്യതകൾ. പ്രതിമാസം കിട്ടുന്ന വരുമാനം കൊണ്ട് അതതു മാസത്തെ ശമ്പളം നൽകാൻ കഴിയണം. ഇപ്പോൾ മുൻപത്തെ മാസത്തെ ശമ്പളം നൽകാനാണ് ഉപയോഗിക്കുന്നത്. ശമ്പളം നൽകാൻ വേണ്ടി ഓവർ ഡ്രാഫ്റ്റിലേക്കും താൽക്കാലിക വായ്പകളിലേക്കും പോകുകയാണെന്നു കോടതി പറഞ്ഞു. വരുമാനത്തിന്റെ മുഖ്യപങ്കും പലിശയ്ക്കും മറ്റും നൽകുകയാണ്. ശമ്പളം നൽകണമെന്നു പറഞ്ഞ് ഹർജി തീർപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിസന്ധിയുടെ മൂലകാരണം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അതു നടപ്പാക്കാൻ കഴിയാതെ വരുമെന്നും കോടതി പറഞ്ഞു. 

English Summary: KSRTC should pay salaries by the 5th of every month, says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com