ADVERTISEMENT

കൊച്ചി ∙ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വധശ്രമം ആണു നടന്നതെന്നു സർക്കാരും പ്രതിഷേധം മാത്രമാണു നടത്തിയതെന്നു പ്രതിഭാഗവും വാദിച്ചു. ചെറിയ വിമാനത്തിൽ സിസിടിവി ഇല്ലെന്നു വിമാനക്കമ്പനി അറിയിച്ചതിന്റെ രേഖ സർക്കാർ കൈമാറി. അറസ്റ്റിലുള്ള ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ. കെ. നവീൻ എന്നിവർ നൽകിയ ജാമ്യഹർജിയും മൂന്നാം പ്രതി സുജിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയുമാണു ജസ്റ്റിസ് വിജു ഏബ്രഹാം പരിഗണിച്ചത്.

മൂന്നു പേരും മുൻകൂട്ടി ആസൂത്രണം ചെയ്ത് എത്തിയതാണെന്ന് സർക്കാരിനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ അറിയിച്ചു. ഇതിനു തെളിവായി ഫോൺ കോൾ വിവരങ്ങളും ഒന്നിച്ചു ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖയും മൂവരും ഒന്നിച്ചുള്ള വിമാനത്താവളത്തിലെ ദൃശ്യങ്ങളും ഉണ്ടെന്ന് അറിയിച്ചു. വിമാനത്തിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ എന്നു കോടതി ചോദിച്ചെങ്കിലും ഇല്ലെന്നു സർക്കാർ അറിയിച്ചു. 

മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണു വലിയതുറ പൊലീസ് കേസ് എടുത്തിട്ടുള്ളത്. കേസിലെ ആരോപണങ്ങൾ വ്യാജമാണെന്നും വധശ്രമം ഉണ്ടായെന്ന് ആരോപിക്കുന്നതു തെറ്റാണെന്നും കാണിച്ചാണ് ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ. ഇ. പി. ജയരാജൻ തള്ളിയിട്ടപ്പോൾ പരുക്കേറ്റതായും പറഞ്ഞു. സംഭവം മൊബൈലിൽ പകർത്തിയതല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു മൂന്നാം പ്രതിയുടെ വാദം.

നാളെ വരെ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ∙  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നാളെ  വൈകിട്ടു 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 6 ദിവസത്തെ കസ്റ്റഡിയാണു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത്രയും അനുവദിച്ചില്ല. പ്രതിഷേധത്തെത്തുടർന്നു മർദനമേറ്റതിനാൽ പ്രതികളുടെ വൈദ്യപരിശോധന നടത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഇതുവരെ നടപ്പായില്ല. കസ്റ്റഡി കാലയളവിൽ വൈദ്യപരിശോധന നടത്താമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ഉറപ്പു നൽകിയതായി പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു. പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

English Summary: Bail petition of Youth Congress members changed for verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com