ഭാര്യ ജോലി ചെയ്ത ടെക്നോപാർക്കിൽ ബെഹ്റയുടെ സൗജന്യ പൊലീസ് സേവനം; ബാധ്യത 1.70 കോടി

HIGHLIGHTS
  • 1.70 കോടി രൂപയുടെ ഫീസ് ബാധ്യതയായി
  • ഡിജിപി സർക്കാരിനു കത്തെഴുതി തലയൂരി
Loknath Behera
ലോക്നാഥ് ബെഹ്റ
SHARE

തിരുവനന്തപുരം ∙ടെക്നോപാർക്ക് സുരക്ഷയ്ക്കായി മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കാലത്ത് അവശ്യപ്പെട്ടതിൽ അധികം പൊലീസിനെ നൽകി 1.70 കോടി രൂപയുടെ ബാധ്യത വരുത്തിയ നടപടി സംസ്ഥാന പൊലീസിനു തലവേദനയായി. 

ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്നു നിർദേശം നൽകാൻ ഡിജിപി അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. അധികമായി നൽകിയ 18 വനിതാ പൊലീസുകാരെ ടെക്നോപാർക്കിൽ നിന്നു ഡിജിപി പിൻവലിക്കുകയും ചെയ്തു. ബെഹ്റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി തങ്ങൾ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നൽകിയതെന്നാണു ടെക്നോപാർക്ക് അധികൃതർ ഡിജിപിയെ അറിയിച്ചത്. എന്നാൽ ഇവർ വാക്കാൽ ആവശ്യപ്പെട്ട പ്രകാരമാണ് അധിക പൊലീസിനെ നൽകിയതെന്നു ബെഹ്റയും അനിൽ കാന്തിനെ അറിയിച്ചു. 

ടെക്നോപാർക്കിന്റെ സുരക്ഷ കേരള പൊലീസിനു കീഴിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ്. സുരക്ഷയ്ക്കായി പൊലീസിനു ടെക്നോപാ‍ർക്ക് പണം നൽകുമെന്നു വ്യക്തമാക്കി 2017ൽ ധാരണാ പത്രത്തിൽ ഒപ്പിട്ടു. 22 പൊലീസുകാരെയാണു ടെക്നോപാർക്ക് ആവശ്യപ്പെട്ടത്. എന്നാൽ 40 പേരെ നിയോഗിച്ചു ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. 18 വനിതാ പൊലീസുകാരെയാണ് അധികമായി നൽകിയത്. 

സർക്കാരോ ടെക്നോപാർക്കോ അറിയാതെയായിരുന്നു ഇത്. ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാർക്ക് സർക്കാരിനു നൽകുന്നത്. എല്ലാവർഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്നോപാർക്ക് സർക്കാരിനു നൽകി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്ഐഎസ്എഫ് കമൻഡാന്റ് ടെക്നോപാർക്കിനു കത്തു നൽകി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാർക്കു ശമ്പളം നൽകില്ലെന്നു ടെക്നോപാർക്ക് സിഇഒ മറുപടി നൽകി. കുടിശിക കുമിഞ്ഞിട്ടും അധികമായി നിയോഗിച്ചവരെ പിൻവലിച്ചില്ല. ബെഹ്റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനിൽ കാന്ത് പിൻവലിച്ചു.

നിയമിച്ചവർ പണം നൽകണമെന്ന് എസ്ഐഎസ്എഫ്

ബെഹ്റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തിൽ 1.70 കോടി ടെക്നോപാർക്ക് നൽകണമെന്നു ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി. അതു നൽകില്ലെന്നു ടെക്നോപാർക്ക് കടുത്ത നിലപാടെടുത്തു. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരിൽ നിന്നു പണം ഈടാക്കണമെന്നു എസ്ഐഎസ്എഫ് കമൻഡാന്റ് ഡിജിപിയെ അറിയിച്ചു. അക്കൗണ്ടന്റ് ജനറൽ ഈ ക്രമക്കേടു കണ്ടുപിടിച്ചാൽ പുലിവാലാകുമെന്നു പൊലീസ് ഉന്നതർക്കും ബോധ്യപ്പെട്ടു. തുടർന്നാണു ആഭ്യന്തര വകുപ്പിനു കത്തെഴുതി അനിൽ കാന്ത് തലയൂരിയത്. 

English Summary: Free security for technopark on behalf of Loknath Behera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA