അവയവമാറ്റം വൈകി രോഗി മരിച്ച സംഭവം: സർക്കാരും ഡോക്ടർമാരും തമ്മിൽ പോരു മുറുകി

HIGHLIGHTS
  • ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് സംഘടനകൾ
Doctor
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ  രോഗി മരിച്ച വിവാദത്തിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനകളും തമ്മിൽ പോരു മുറുകി. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.എസ്.വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോർജ് എന്നിവരെ സസ്പെൻഡ് ചെയ്ത നടപടി വിശദമായ അന്വേഷണം ഇല്ലാതെ ആണെന്ന് ആരോപിച്ചും പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തി. ഇതിനു പിന്നാലെ സസ്പെൻഷനെ ന്യായീകരിച്ചും ഡോക്ടർമാർക്ക് അല്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തം എന്ന മറുചോദ്യവുമായി മന്ത്രി വീണാ ജോർജും പരസ്യ പ്രസ്താവന നടത്തി. 

മന്ത്രി വീണാ ജോർജ്:

സംഭവത്തിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തം ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തം?. വിദ്യാർഥികൾക്കോ? സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രികളാണ്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് അവ പ്രവർത്തിക്കുന്നത്. ആംബുലൻസിൽ നിന്നു രണ്ട് ഡോക്ടർമാരും ഇറങ്ങി വരും മുൻപ് രണ്ടു പേർ വന്ന് വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിൽ വിശദമായ അന്വേഷണം നടക്കും. ‍ഡോക്ടർമാർ എന്താണ് ആവശ്യപ്പെട്ടതെന്നു കണ്ടില്ല. അന്വേഷണ വിധേയമായാണു രണ്ടു പേരെ സസ്പെൻഡ് ചെയ്തത്. അതു ശിക്ഷാ നടപടിയല്ല. സർക്കാരിനെ സംബന്ധിച്ച് മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. കാലാകാലങ്ങളായി മുന്നോട്ടു പോകുന്ന ചില രീതികളുണ്ട്. അങ്ങനെ പോകാൻ ഒരു കാരണവശാലും അനുവദിക്കില്ല. സമഗ്ര അന്വേഷണം നടത്തും. ഇവരെ മാറ്റി നിർത്തി അന്വേഷണം നടത്തുകയാണ്. പക്ഷേ അത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് ശരിയല്ല. 

സസ്പെൻഷൻ പിൻവലിക്കണം: കെജിഎംസിടിഎ

ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. വിശദമായ അന്വേഷണം നടത്താതെ ആണു നടപടി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവു മൂലം ഉള്ള പരിമിതികൾ കാരണം ഉണ്ടാകുന്ന സംഭവങ്ങളിൽ ഡോക്ടർമാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടി വരികയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഇതെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമൽ ഭാസ്കറും സംസ്ഥാന സെക്രട്ടറി ഡോ.സി.എസ്.അരവിന്ദും കുറ്റപ്പെടുത്തി.

സംവിധാനത്തിന്റെ പിഴവ്: ഐഎംഎ

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകാൻ കാരണം സംവിധാനത്തിന്റെ പിഴവാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം കുറ്റപ്പെടുത്തി. അതിനു വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും ഐഎംഎ പറഞ്ഞു. മതിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപിച്ചു.

English Summary: Patient death due to delay in organ transplant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS