അഭയ കേസ്: ഫാ.കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം; ശിക്ഷ മരവിപ്പിച്ചു

HIGHLIGHTS
  • തെളിവുകളിലെ പൊരുത്തക്കേടുകൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് െഹെക്കോടതി
Sister-Abhaya-case-Sister-Sephy-and-Fr-Thomas-Kottoor
സിസ്റ്റർ സെഫി, ഫാ. തോമസ് കോട്ടൂർ (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി ഇവർക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതും തടഞ്ഞു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നതു വരെയാണു ശിക്ഷ മരവിപ്പിച്ചത്. 

Estephy
സിസ്റ്റർ സെഫി ജയിലിൽ നിന്നും പുറത്തുവന്നപ്പോൾ

നരഹത്യയാണെന്നും പ്രതികൾ കുറ്റക്കാരാണെന്നുമുള്ള നിഗമനത്തിൽ വിചാരണ കോടതി എത്തിയ സാഹചര്യങ്ങൾ വിലയിരുത്തിയാണു ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ ഉത്തരവ്. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോട്ടൂരും സെഫിയും ഹൈക്കോടതിയെ സമീപിച്ചത്. 

അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവച്ച് ഇന്നലെ 3 മണിയോടെ പുറത്തിറങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഫാ.തോമസ് കോട്ടൂരിന്റെ മോചനം ഇന്നുണ്ടായേക്കും. 

sister-abhaya
സിസ്റ്റർ അഭയ (ഫയൽ ചിത്രം)

കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കോടാലിയാണെന്നു പറഞ്ഞെങ്കിലും പിന്നീട് കൈക്കോടാലി ആയെന്നും ഇവ പിടിച്ചെടുത്തില്ലെന്നും കോടതിയിൽ ഹാജരാക്കിയില്ലെന്നുമടക്കം പ്രോസിക്യൂഷൻ ആശ്രയിച്ച തെളിവുകളിലെ പൊരുത്തക്കേടുകൾ പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. പ്രതിഭാഗം ചൂണ്ടിക്കാട്ടിയ തെളിവുകൾ സംബന്ധിച്ചു ഫലപ്രദമായി പ്രോസിക്യൂഷനു മറുപടി നൽകാൻ കഴിഞ്ഞില്ലെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതിയും വിലയിരുത്തി. 

അഭയ ജീവനൊടുക്കിയതാണെന്ന പ്രതികളുടെ വിചിത്രമായ വിശദീകരണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നില്ലെന്നു കോടതി പറഞ്ഞു. ഇവ സാഹചര്യങ്ങൾ കൂട്ടിയിണക്കാനുള്ള കണ്ണിയാണ്, അതുമാത്രംകൊണ്ടു കുറ്റക്കാരാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേരാനാവില്ല. നിർണായക സാക്ഷിയായ അടയ്ക്ക രാജുവിന്റെ മൊഴികളിലും കേസിന്റെ മെഡിക്കൽ രേഖകളിലും ബന്ധപ്പെട്ട വിദഗ്ദ്ധോപദേശങ്ങളിലും വൈരുധ്യമുണ്ടെന്നും കോടതി പറഞ്ഞു 

കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ആദ്യ 6 മാസത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഓഫിസർക്കു മുന്നിൽ എല്ലാ ശനിയാഴ്ചയും അതിനുശേഷം എല്ലാ രണ്ടാം ശനിയാഴ്ചയും ഹാജരാകണം തുടങ്ങിയവയാണു ജാമ്യ വ്യവസ്ഥകൾ. തിരുവനന്തപുരം സിബിഐ കോടതി 2020 ഡിസംബർ 23 നാണ് ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിന തടവും 6.5 ലക്ഷം രൂപയും സിസ്റ്റർ സെഫിക്കു ജീവപര്യന്തം തടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

കോട്ടയം പയസ് ടെൻത് കോൺവന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27 നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കു ജാമ്യം ലഭിക്കാൻ ഇടയായതു സിബിഐയുടെ വീഴ്ചകൊണ്ടാണെന്ന് സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സിബിഎയുടെ വീഴ്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബിഐ ഡയറക്ടർക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Sister Abhaya Murder Case: High Court Grants Bail To Sister Sephy, Father Kottoor With Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA