ADVERTISEMENT

പയ്യന്നൂർ ∙ പാർട്ടിക്കകത്തെ സാമ്പത്തിക ക്രമക്കേടുകൾ നേതൃത്വത്തിനു മുന്നിലെത്തിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിക്കു വിധേയനായ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിച്ച് സിപിഎം വേദിയിലെത്തിക്കാനുള്ള നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. സിപിഎം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടമായ പി.കണ്ണൻ നായർ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് പ്രസംഗകരിൽ ഒരാളായി കുഞ്ഞിക്കൃഷ്ണനെ ക്ഷണിച്ചെങ്കിലും സ്റ്റേജിൽ കയറാതെ അദ്ദേഹം സദസ്സിലിരുന്ന് സാന്നിധ്യം കൊണ്ടു പ്രതിഷേധിച്ചു. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടകനായിരുന്നു.

  പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച് പരാതി നൽകിയതിനു പിന്നാലെ നടപടി നേരിടേണ്ടി വന്നതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തനം മതിയാക്കുകയാണെന്ന് കുഞ്ഞിക്കൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിരുന്നു. ഏരിയാ കമ്മിറ്റി അംഗമായ അദ്ദേഹത്തിന്റെ നാട്ടിലാണ് പുതിയ ഓഫിസ് തുറന്നത്. അദ്ദേഹം വിട്ടുനിൽക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്നലെ രാവിലെ അനുനയ നീക്കം നടത്തിയിരുന്നു. കുഞ്ഞിക്കൃഷ്ണനെ വീട്ടിൽ ചെന്നു കണ്ട് വേദിയിൽ ഇരിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

 തിരിമറി ആരോപിക്കപ്പെട്ട 3 ഫണ്ടുകളുടെ കണക്കും പാർട്ടിയിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് അദ്ദേഹം പിന്മാറാൻ കൂട്ടാക്കിയില്ലെന്നാണു വിവരം. കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുത്തത് പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നുമായിരുന്നു സിപിഎം വിശദീകരണം. 

ഫണ്ട് സംബന്ധിച്ച കണക്കുകൾ യഥാസമയം പാർട്ടി ഘടകത്തിൽ അവതരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്നതിന്റെ പേരിൽ ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയ ടി.ഐ.മധുസൂദനൻ എംഎൽഎ പരിപാടിയിൽ പങ്കെടുക്കുകയും പതാകയുയർത്തി പ്രസംഗിക്കുകയും ചെയ്തു.

Content Highlight: CPM fund controversy, V. Kunjikrishnan, A. Vijayaraghavan, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com