ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഇടപെട്ടതോടെ കെപിസിസിയുടെ അനുരഞ്ജന പട്ടികയിൽ മാറ്റം വരും. കേരളത്തി‍ൽ നിന്നു കൈമാറിയ പട്ടിക സംബന്ധിച്ച് സംസ്ഥാന വരണാധികാരി ജി.പരമേശ്വര വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അൻപതിൽത്താഴെ പ്രായമുള്ളവരുടെ കൂടുതൽ പ്രാതിനിധ്യം വേണമെന്നും നിർദേശിച്ചു. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട ‘ഇലക്ടറൽ കോളജ്’ ആയ കെപിസിസി ജനറൽബോഡി പട്ടികയിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി.സതീശൻ, എം.എം.ഹസൻ എന്നിവർ ചേർന്ന് അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക കൈമാറാനാണ് ധാരണയായത്. നിലവിലുള്ള 280 അംഗ പട്ടികയിൽ മരിച്ചുപോയവരുടെയും പാർട്ടി വിട്ടു പോയവരുടെയും ഒഴിവുകൾ മാത്രം നികത്താനായിരുന്നു തീരുമാനം. അങ്ങനെ അൻപതോളം പേരെ മാത്രം പുതുതായി ഉൾപ്പെടുത്തിയ പട്ടിക കേരളത്തിൽ നിന്നു കൈമാറി.

എന്നാൽ ഇതു പഴയ ഗ്രൂപ്പ് വീതംവയ്പിലേക്കുള്ള തിരിച്ചുപോക്കാണെന്നും 50% പുതുമുഖങ്ങൾക്കു നീക്കിവയ്ക്കണമെന്ന ചിന്തൻശിബിര തീരുമാനം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എംപി അടക്കമുള്ളവർ ഹൈക്കമാൻഡിനെ സമീപിച്ചു. ഇതോടെ അംഗങ്ങളുടെ പ്രായം, മതം, സ്ത്രീയോ പുരുഷനോ തുടങ്ങിയ വിശദാംശങ്ങൾ ചോദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അതോറിറ്റി പട്ടിക മടക്കി.

ചെറുപ്പക്കാരുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു കൂടി നിർദേശിച്ചതോടെ പട്ടികയിൽ ചെറിയ അഴിച്ചുപണി വേണ്ടിവരുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. 280 അംഗ പട്ടികയിൽ നിലവിൽ 75– 80 പേർ അൻപതിൽത്താഴെ പ്രായമുള്ളവരാണ്. എണ്ണം 100 എങ്കിലും ആക്കി വർധിപ്പിക്കാനാണു ശ്രമിക്കുന്നത്. പ്രവർത്തന രംഗത്ത് തീർത്തും സജീവമല്ലാത്ത മുതിർന്ന നേതാക്കളിൽ ചിലർ അതോടെ കെപിസിസി പട്ടികയിൽ നിന്നു പുറത്താകും.

കെ.സുധാകരനും സതീശനും ഇതു സംബന്ധിച്ച ആശയവിനിമയം തുടങ്ങി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണനും കെ.ജയന്തും തിരഞ്ഞെടുപ്പ് അതോറിറ്റി ആവശ്യപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെക്കൂടി വിശ്വാസത്തിലെടുത്ത് പുതിയ പട്ടിക സമർപ്പിക്കാനാണു ശ്രമം. തങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് തയാറാക്കുന്ന പട്ടിക ഡൽഹിയിൽ വച്ച് ആകെ അഴിച്ചുപണിതാൽ ഒത്തുതീർപ്പ് അന്തരീക്ഷത്തിനു മങ്ങലേൽക്കുമെന്നു ഗ്രൂപ്പുകൾ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.

എം.എം.ഹസൻ കെപിസിസി പ്രസിഡന്റായ സമയത്താണ് ഒടുവിൽ കെപിസിസി ജനറൽ ബോഡി പട്ടിക ഇതുപോലെ തയാറാക്കി സമർപ്പിച്ചത്. അന്ന് 5 തവണ തിരുത്തൽ വേണ്ടി വന്നു. ആ പട്ടിക അടിസ്ഥാനമാക്കിയും ഒഴിവുകൾ നികത്തിയും തയാറാക്കിയ പുതിയ പട്ടികയിലാണ് ഇപ്പോൾ ഹൈക്കമാൻഡിന്റെ ഇടപെടൽ.

English Summary: KPCC list may change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com