ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിൽ സിൽവർലൈൻ പദ്ധതി നടപ്പാകില്ലെന്നത് യാഥാർഥ്യമാണെന്നും റെയിൽവേ കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും മന്ത്രി പി.രാജീവ്. തത്വത്തിൽ അനുമതി ലഭിച്ചതിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം സംസ്ഥാനം ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുണ്ടാകൂ. തുടക്കം മുതൽ നിലനിൽക്കുന്ന ഈ യാഥാർഥ്യമാണു മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞതെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.

മൈനിങ്–ജിയോളജി വകുപ്പ് ക്വാറികളിൽ ഡ്രോൺ സർവേ നടത്തും. അനുവദനീയ അളവിലാണോ ഖനനമെന്ന് ഡിജിറ്റൽ നിരീക്ഷണം നടത്താനാകും. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലും തടയാം. നിശ്ചിത അളവു വരെയുള്ള വീടുകൾക്കായി മണ്ണെടുക്കുമ്പോൾ ജിയോളജി അനുമതി വേണ്ടെന്നും തദ്ദേശ സ്ഥാപന അനുമതി മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനു ചട്ടഭേദഗതി കൊണ്ടുവരും. 

വ്യവസായ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാനുള്ള സമിതിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഒറ്റ നിയമനിർമാണത്തിലൂടെ പരിഷ്കരിക്കാൻ കഴിയുന്നവ അങ്ങനെയും അല്ലാത്തവ വകുപ്പുതലത്തിലും പരിഷ്കരിക്കും. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ രാഷ്ട്രീയക്കാരല്ലാത്ത വിദഗ്ധരെയും ഉൾപ്പെടുത്തും. കൊച്ചി – ബെംഗളൂരു വ്യവസായി ഇടനാഴി പദ്ധതിക്കാവശ്യമായ ഭൂമിയുടെ 80% ജൂലൈ 31നു കൈമാറും – മന്ത്രി പറഞ്ഞു.

ലാപ്ടോപ് കമ്പനിയെ ബെൻസിനോട് ഉപമിച്ച് മന്ത്രി

തിരുവനന്തപുരം∙ ലാപ്ടോപ് നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച കൊക്കോണിക്സ് കമ്പനിയെ സ്വകാര്യ ആഡംബര കാർ നിർമാണക്കമ്പനിയായ ബെൻസിനോട് ഉപമിച്ച് മന്ത്രി പി.രാജീവ്. കൊക്കോണിക്സ് ലാപ്ടോപ്പുകൾ പവർ സ്വിച്ച് തകരാർ മൂലം പിൻവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് 10 ലക്ഷം കാറുകൾ ബ്രേക്ക് തകരാറിനെത്തുടർന്നു ബെൻസ് കമ്പനി പിൻവലിച്ചിട്ടില്ലേ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2150 കൊക്കോണിക്സ് ലാപ്ടോപ്പുകളിൽ 461 എണ്ണം പവർ സ്വിച്ച് തകരാറിന്റെ പേരിൽ മാറ്റിനൽകിയെന്നാണു സർക്കാർ നിയമസഭയിൽ വച്ച കണക്ക്.

English Summary: Minister Rajeev about Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com