ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും രാജ്യാന്തര ശാഖകളുള്ള തിമിംഗലങ്ങളാണ് ഇതിനു പിന്നിലെന്നും സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്.നായർ. ഗൂഢാലോചനയിൽ മുൻ എംഎൽഎ പി.സി.ജോർജ്, സ്വപ്ന, സരിത്ത്, ക്രൈം നന്ദകുമാർ, ചില രാഷ്ട്രീയക്കാർ എന്നിവരുണ്ട്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പടുത്തുന്നില്ലെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു.

ജോർജിനും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനുമെതിരെ എടുത്ത കേസിൽ പൊലീസ് ആവശ്യപ്രകാരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷമാണു സരിത മാധ്യമങ്ങളെ കണ്ടത്. മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിലായിരുന്നു കേസ്. സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ടു പി.സി.ജോർജ് സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

സ്വപ്നയ്ക്കു പിന്നിൽ ജോർജും ക്രൈം നന്ദകുമാറും മാത്രമല്ല, അവരെ ഉപയോഗിക്കുന്ന വൻ തിമിംഗലങ്ങളുമുണ്ടെന്നും അതിന്റെ തെളിവുകൾ കോടതിക്കു കൈമാറിയെന്നും സരിത പറഞ്ഞു. തന്നെ ഇതിലേക്കു വലിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. തന്നെ ഇതിൽ ഉൾപ്പെടുത്തിയപ്പോഴാണ് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണു കിട്ടിയത്. ഗൂഢാലോചനക്കാർ പറയേണ്ട കാര്യങ്ങൾ തന്നിലൂടെ പറയാനാണ് അവർ ശ്രമിച്ചത്.

സംരക്ഷിക്കാമെന്നു ചിലർ വാക്കു കൊടുത്തതിനാലാണു സ്വപ്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ജോർജ് തന്നെ കുടുക്കാൻ ശ്രമിച്ചോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ. സ്വർണത്തിൽ പണം മുടക്കിയവർ അതു നഷ്ടമായാൽ തിരികെ ചോദിക്കും. സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമല്ല, അവരുടെ നിലനിൽപിന്റെ കാര്യമാണ്. 2 മാർഗങ്ങളാണ് അവർക്കു മുന്നിൽ ഉണ്ടായിരുന്നത്. പൈസ തിരികെ കൊടുക്കുക അല്ലെങ്കിൽ, ആരോപണങ്ങൾ ഉന്നയിക്കുക. രണ്ടാമത്തേതാണ് അവർ തിരഞ്ഞെടുത്തത്. സ്വർണം എവിടെ നിന്നു വന്നു എന്ന കാര്യമൊന്നും തനിക്കറിയില്ലെന്നും സരിത പറഞ്ഞു. 

പി.എസ്.സരിത്തിനെ ചോദ്യം ചെയ്തു

കൊച്ചി∙ സ്വർണക്കടത്തു കേസിലെ പ്രതി പി.എസ്.സരിത്തിനെ കെ.ടി.ജലീൽ എംഎൽഎ നൽകിയ ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തു നിന്നെത്തിയ അന്വേഷണ സംഘം എറണാകുളം പൊലീസ് ക്ലബ്ബിലാണു സരിത്തിനെ ചോദ്യം ചെയ്തത്. ഈ കേസിൽ സരിത എസ്.നായർ ഇന്നലെ തിരുവനന്തപുരത്തു കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. സരിത്തിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല.

English Summary: Saritha S Nair on Swapna suresh Conspiracy case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com