സിൽവർലൈൻ പരിസ്ഥിതിയുടെ താളം തെറ്റിച്ചേക്കും: ഗാഡ്ഗിൽ

HIGHLIGHTS
  • പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റിദ്ധാരണ മൂലം
madav-gadgil
SHARE

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗറെയിൽ പദ്ധതി സംസ്ഥാനത്തു പരിസ്ഥിതിയുടെ താളം തെറ്റിച്ചേക്കുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകി. ചതുപ്പുനിലങ്ങൾ ഉൾപ്പെടെ ആവാസവ്യവസ്ഥകളെ ഇതു ഗുരുതരമായി ബാധിക്കും. പദ്ധതിക്കു വൻതോതിൽ കല്ലും മണലും ലോഹങ്ങളും വേണ്ടിവരും. കൂടുതൽ കരിങ്കൽ ക്വാറികൾ വരും. ഇതെക്കുറിച്ചുള്ള ആശങ്കകൾക്കുനേരെ അധികാരികൾ കണ്ണടയ്ക്കരുതെന്നും മനോരമ ഇയർബുക്ക് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

‘‘രാജ്യത്തെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലധാരണയുടെയും ഫലമാണ്. ഇതിനു പകരം ശുദ്ധജല ആവാസവ്യവസ്ഥ പരിരക്ഷിക്കാനുള്ള നിർദേശമാണു വേണ്ടിയിരുന്നത്. 

വന്യജീവിസങ്കേതം, ദേശീയോദ്യാനം, സംരക്ഷിതവനം എന്നിവയിലൂടെ ജൈവ വാസസ്ഥാനങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സുപ്രീം കോടതി ഉത്തരവ്. വനം വകുപ്പാണ് ഇതു നടപ്പാക്കാൻ യോജിച്ച സ്ഥാപനമെന്നാണു പൊതുധാരണ. ഇതു രണ്ടും തെറ്റാണ്. വനസംരക്ഷണത്തിനു വനംവകുപ്പിന്റെയല്ല പ്രദേശവാസികളുടെ സഹകരണമാണു പ്രധാനമായി വേണ്ടത്. 

മേഖലകളെ സംവേദനക്ഷമതയുടെ അടിസ്ഥാനത്തിൽ തീവ്രം, ഇടത്തരം, സൗമ്യം എന്നിങ്ങനെ തിരിക്കണം. ഇത് അടിസ്ഥാനമാക്കി സംരക്ഷണ മാനദണ്ഡങ്ങൾ നിശ്ചയിക്കണം. ഭൗമോപരിതലം, ചരിവ്, മഴലഭ്യത, സ്വാഭാവിക വാസസ്ഥാനങ്ങൾ, സസ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം. ഈ യാഥാർഥ്യങ്ങളെക്കുറിച്ച് നഗരവാസികളായ പ്രകൃതിസംരക്ഷകർക്ക് ഒരറിവുമില്ലെന്നതു നിർഭാഗ്യകരമാണ്. 

‘കല്യാശേരി മാതൃക’യാണു പരിസ്ഥിതി സംരക്ഷണത്തിലും പിന്തുടരേണ്ടത്. മുകളിൽനിന്ന് അടിച്ചേൽപിക്കുന്നതിനു പകരം തീരുമാനമെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകണമെന്നും ഗാഡ്ഗിൽ പറഞ്ഞു. സംസ്ഥാനത്തു ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കണ്ണൂർ കല്യാശേരി പഞ്ചായത്തിൽ പരീക്ഷിച്ച ആസൂത്രണ മാത‍ൃകയാണ് കല്യാശേരി മോഡൽ. 

ക്വാറികൾക്കും ക്രഷറുകൾക്കുമെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം കടനാട് പഞ്ചായത്ത് രൂപം നൽകിയ ജൈവവൈവിധ്യ റജിസ്റ്റർ സംസ്ഥാനമെങ്ങും നടപ്പാക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. 

English Summary: Silverline will badly affect environment says Madav Gadgil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA