നടി കേസ്: മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കാമെന്നു പ്രോസിക്യൂഷൻ

high-court
SHARE

കൊച്ചി ∙ നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കേന്ദ്ര ലാബിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിർപ്പില്ലെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ നേരത്തെ ഇത് എതിർത്ത പ്രോസിക്യൂഷൻ വിചാരണ വൈകിപ്പിക്കാനാണ് ഇപ്പോൾ അനുകൂലിക്കുന്നതെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. പുകമറ സൃഷ്ടിക്കാനാണു ശ്രമം. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നാൽ പ്രതികൾ ഉത്തരവാദികളല്ല. കേസിന്റെ വിചാരണയെ ഇതു ബാധിക്കില്ലെന്നും ദിലീപിനുവേണ്ടി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ള വാദിച്ചു.

എന്നാൽ കോടതിയുടെ കസ്റ്റഡിയിലുള്ള രേഖയാണെന്നും അതിന്റെ സത്യസന്ധതയാണു ചോദ്യം ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടെന്നും  പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ചൂണ്ടിക്കാട്ടി. അന്വേഷണ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വിശദീകരിക്കാനാവില്ലെന്നും അറിയിച്ച പ്രോസിക്യൂഷൻ ആവശ്യവുമായി ബന്ധപ്പെട്ട രേഖയും കോടതിക്കു കൈമാറി. പ്രോസിക്യൂഷനു പ്രത്യേക അജൻഡയില്ല. ഹാഷ് വാല്യു മാറിയതിന്റെ പരിണിതഫലം സംബന്ധിച്ച ഫൊറൻസിക് വിശദീകരണമാണു തേടുന്നതെന്നും അറിയിച്ചു. 

എന്നാൽ കോടതിയിൽ രേഖപ്പെടുത്തിയ രേഖയാണിതെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. ഇതിന്റെ പകർപ്പ് കോടതി നിർദേശപ്രകാരം ലാബിൽ സൂക്ഷിച്ചിച്ചിട്ടുണ്ടെന്നാണു വിദഗ്ധർ വിശദീകരണം നൽകിയിരിക്കുന്നത്. പിന്നെന്തുകൊണ്ടാണു പരിശോധന ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. ദൃശ്യങ്ങളുടെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടില്ലെന്നും കോടതി പറഞ്ഞു. 

ഇതിനിടെ, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ചു സംസ്ഥാന ഫൊറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ടർ ദീപ പ്രോസിക്യൂഷൻ ആവശ്യപ്രകാരം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹൈക്കോടതിയിൽ വിശദീകരണം നൽകി. ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ ഹാഷ് വാല്യുവിൽ മാറ്റം വരുമെന്നു അവർ അറിയിച്ചു.

English Summary: Actress attack case; Memory card checking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS