ADVERTISEMENT

തിരുവനന്തപുരം ∙ പുരാവസ്തു തട്ടിപ്പു കേസിൽ വിവാദത്തിൽപെട്ട പ്രവാസി വനിത അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ അനുവാദമില്ലാതെ കടന്ന സംഭവത്തിൽ നാലു കരാർ ജീവനക്കാർക്കെതിരെ നടപടിക്കു സ്പീക്കർ എം.ബി.രാജേഷ് നിർദേശം നൽകി. സഭാ ടിവിക്കു സാങ്കേതിക സഹായം നൽകുന്ന ബിട്രേറ്റ് സൊലൂഷനെന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരായ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെ സഭാ ടിവി ചുമതലയിൽ നിന്ന് ഒഴിവാക്കാനാണു നിർദേശം. ഇതിൽ ആദ്യ മൂന്നു പേർ കമ്പനിയുടെ ഡയറക്ടർമാരാണെന്നാണു വിവരം.

നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായി എത്തിയ അനിതയെ ഫസീലയാണു സ്വന്തം പാസ് ഉപയോഗിച്ച് അകത്തു കടത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭാ ടിവി ഓഫിസിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും അനിതയ്ക്കൊപ്പം സമയം ചെലവിട്ടു.

ഓപ്പൺ ഫോറത്തിനുളള 500 ക്ഷണക്കത്തുകൾ പ്രവാസി സംഘടനകൾ വഴിയും മലയാളം മിഷൻ വഴിയുമാണു വിതരണം ചെയ്തത്. അതിലൊന്നാണ് അനിത സംഘടിപ്പിച്ചതെന്നു സ്പീക്കർ പറഞ്ഞു. നിയമസഭാ മന്ദിരത്തിൽ പ്രവേശിക്കാനുള്ള പാസില്ലാതെ വരാന്തയിലും സഭാ ടിവി ഓഫിസിലും കയറിയതു സുരക്ഷാ മാനദണ്ഡ ലംഘനവും ഗുരുതര വീഴ്ചയുമാണ്. എന്നാൽ ലോകകേരള സഭ നടക്കുന്ന ഹാളിലോ, പരിസരത്തോ ഇവർ വന്നതായി സിസിടിവികളിൽ ദൃശ്യമല്ല. സംഭവത്തിൽ വാച്ച് ആൻഡ് വാർഡിനു വീഴ്ച സംഭവിച്ചിട്ടില്ല. അനിതയെ അവർക്ക് അറിയുമായിരുന്നില്ല. വിവാദമായപ്പോഴാണു ശ്രദ്ധയിൽപെട്ടത്. അപ്പോൾ തന്നെ ഇവർ ഇടപെട്ടു. സഭാ ടിവിയുടെ ഒടിടി പ്ലാറ്റ്ഫോമിലുള്ള അനിതാ പുല്ലയിലിന്റെ അഭിമുഖം ഒഴിവാക്കണമോ എന്നത് എഡിറ്റോറിയൽ ടീം പരിശോധിക്കും. 2021ൽ എടുത്ത അഭിമുഖമാണിത്. പാസില്ലാതെ കയറുന്നവർക്കെതിരെ ഇതുവരെ കേസെടുത്തതായി അറിവില്ലെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, സ്വകാര്യ കമ്പനിയുടെ ജീവനക്കാർക്കെതിരെയല്ലാതെ കമ്പനിക്കെതിരെ നടപടിയില്ല. വീഴ്ച വരുത്തിയതു ജീവനക്കാരാണെന്നാണ് അതിനു സ്പീക്കർ നൽകിയ വിശദീകരണം. കമ്പനിയുടെ പേരു പറയണമെന്ന മാധ്യമപ്രവർത്തകരുടെ ആവശ്യത്തോടു സ്പീക്കർ പ്രതികരിച്ചത് ഇങ്ങനെ: ‘‘പേര് നിങ്ങൾക്ക് അറിയാമല്ലോ. അൽപം സൗമ്യമായി പെരുമാറുന്നു എന്നു കരുതി എന്നെ ഇത്തരത്തിൽ നിർബന്ധിക്കാം എന്നു കരുതരുത്. നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഏജൻസിയുമായുള്ള കരാർ. കരാറിനെക്കുറിച്ചുള്ള തുടർ തീരുമാനങ്ങളും ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ വേണം.’’

അനിതയ്ക്ക് ആരാണു ക്ഷണക്കത്തു നൽകിയതെന്നും വരവിനു പിന്നിൽ മറ്റെന്തെങ്കിലും ആസൂത്രണമുണ്ടോയെന്നുമുള്ള വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതല്ലെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ ശുപാർശ ചെയ്യുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല.

 

പ്രതിനിധികൾ ആരൊക്കെയെന്നത് ഇപ്പോഴും ‘രഹസ്യം’

ലോക കേരളസഭയിലെ പ്രതിനിധികൾ ആരൊക്കെയെന്ന് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്താതെ സർക്കാർ. സമ്മേളനത്തിനു ദിവസങ്ങൾക്കു മുൻപ് നോർക്ക വകുപ്പ് ഉത്തരവിറക്കിയെങ്കിലും സമ്മേളനം അവസാനിച്ച് ഒരാഴ്ചയായിട്ടും പുറത്തുവിട്ടിട്ടില്ല. 

ഉത്തരവ് ഇറങ്ങിയെന്നും എന്നാൽ വെബ്സൈറ്റിൽ ഉൾപ്പെടെ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വകുപ്പ് സ്ഥിരീകരിച്ചു. എന്തുകൊണ്ടു രഹസ്യമാക്കിവച്ചിരിക്കുന്നു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഇല്ല. അനിത പുല്ലയിൽ ലോകകേരളസഭയോടനുബന്ധിച്ചു നിയമസഭാ മന്ദിരത്തിലെത്തിയത് ഒച്ചപ്പാടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഉത്തരവ് രഹസ്യമാക്കി വച്ചതെന്നാണു വിവരം. പ്രതിനിധികളായി ക്ഷണിച്ച എല്ലാവരുടെയും പേരുകൾ ഉത്തരവിലുണ്ട്. അവരെല്ലാം പങ്കെടുത്തോ എന്നു വ്യക്തമല്ല. ആകെ 296 പ്രതിനിധികളാണു പങ്കെടുത്തതെങ്കിലും കൂടുതൽ പേരെ ക്ഷണിച്ചിരുന്നു. കൂടുതൽ വിവാദങ്ങൾക്ക് ഇട നൽകാതിരിക്കാനാണ് ഉത്തരവ് രഹസ്യമാക്കി വച്ചതെന്നു കരുതുന്നു.

English Summary: Anitha Pullayil row: Disciplinary action against officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com