കെട്ടിട നികുതി കുറഞ്ഞ നിരക്ക് 75 രൂപ; വാർഷിക വർധന കുറഞ്ഞത് 5%

house-representational-image
SHARE

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതിയുടെ (പ്രോപ്പർട്ടി ടാക്സ്) പരിധിയിൽ ചെറിയ വീടുകൾ കൂടി കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം നടപ്പാകുന്നതോടെ ഏറ്റവും കുറഞ്ഞ വാർഷിക നിരക്ക് 75 രൂപയാകും. 50 ചതുരശ്ര മീറ്ററിനു (538 ചതുരശ്ര അടി) മുകളിലുള്ള വീടുകളെ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനാണു മന്ത്രിസഭ തീരുമാനിച്ചത്. ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണിത്. നിലവിൽ 60 ചതുരശ്ര മീറ്ററിൽ (645 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള വീടുകൾക്കാണ് നികുതി നൽകേണ്ടത്. 

നിലവിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തുകളിൽ 3 രൂപ മുതൽ 8 രൂപ വരെയും നഗരസഭകൾക്ക് 6 മുതൽ 15 രൂപ വരെയും കോർപറേഷനുകളിൽ 8 മുതൽ 20 രൂപ വരെയും ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. അതതു സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് ഈ പരിധിക്കകത്തു നിന്നു തുക നിശ്ചയിക്കാം. 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനു ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതിയായിരിക്കും കെട്ടിട നികുതി ഈടാക്കുക എന്നു സർക്കാർ വ്യക്തമാക്കിയിട്ടുള്ളതിനാൽ തുക വീണ്ടും കുറയും.

കഴിഞ്ഞ ഏപ്രിൽ 1 മുതൽ നിർമിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് അടിസ്ഥാന നികുതിയുടെ 15% തുക അധിക നികുതി നൽകണം. തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെയാണു നികുതി ഈടാക്കുക. 

മൊബൈൽ ടവറുകളുടെ നികുതി നിരക്കും പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ചതുരശ്ര മീറ്ററിന് 400 മുതൽ 500 രൂപ വരെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള നിരക്ക്. 

വസ്തുനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടപ്പാക്കാനുള്ള കമ്മിഷന്റെ ശുപാർശ നടപ്പായാൽ കുറഞ്ഞത് 5% വർധന പ്രതീക്ഷിക്കാം. നിലവിൽ 5 വർഷത്തിലൊരിക്കലാണു പരിഷ്കരണം. ഇതിനു മുൻപ് വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്ത് 2011 ജനുവരിയിൽ കെട്ടിട നികുതി പരിഷ്കരണത്തിനു തീരുമാനിച്ചെങ്കിലും നടപടികൾ തുടങ്ങിയത് പിന്നീടു വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 2013 ൽ ആരംഭിച്ച് 2018 ന് അകം പരിഷ്കരിച്ച നികുതി പിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. തുടർന്ന് 2016–21 എന്ന രീതിയിൽ സമയക്രമം പുതുക്കി നിശ്ചയിച്ചു. 

വിനോദ നികുതി: നിയമം ഭേദഗതി ചെയ്തു; നടപ്പാക്കിയില്ല

വിനോദനികുതി നിയമം ഭേദഗതി ചെയ്ത് നിരക്ക് 10% എന്നു മന്ത്രിസഭ തീരുമാനിച്ചത് പ്രധാനമായും ടിക്കറ്റ് ഈടാക്കി നടത്തുന്ന പ്രദർശനങ്ങൾക്കും പരിപാടികൾക്കും ആണ് ബാധകം. സിനിമ തിയറ്ററുകളിൽ നിന്നു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി കൂടി പിരിക്കാൻ സർക്കാർ 2 വർഷം മുൻപു തീരുമാനിച്ചുവെങ്കിലും കോവിഡ് കാലത്ത് നൽകിയ ഇളവുകൾ കാരണം പിരിച്ചു തുടങ്ങിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനം ആയിരുന്നു വിനോദ നികുതി. ഇതു പിൻവലിച്ചത് അവരുടെ തനതു വരുമാനം കുറയാൻ ഇടയാക്കിയിരുന്നു.

വീടുകളുടെ കുറഞ്ഞ നികുതി (സാധ്യത ഇങ്ങനെ)

∙ പഞ്ചായത്ത്: 75 രൂപ– 200 രൂപ

∙ നഗരസഭ: 150 രൂപ – 375 രൂപ

∙ കോർപറേഷൻ: 200 രൂപ – 500 രൂപ

Content Highlight: Building tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA