ഫണ്ട് തിരിമറി വിവാദം: സിപിഎം ഇനി കണക്കുകളുടെ വിശദീകരണത്തിൽ

HIGHLIGHTS
  • വിവിധ ഫണ്ടുകളുടെ കണക്കുകൾ ബ്രാഞ്ച് യോഗങ്ങളിൽ വിശദീകരിക്കുന്നതിന് മുൻപുള്ള ഏരിയ കമ്മിറ്റി യോഗം ഇന്നു പയ്യന്നൂരിൽ
cpm-logo
SHARE

കണ്ണൂർ ∙ ഒരു കോടി രൂപയിലേറെയുള്ള ഫണ്ട് തിരിമറി വിവാദത്തെ തുടർന്ന് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത സിപിഎം ഇനി കണക്കുകളുടെ വിശദീകരണത്തിലേക്ക്. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവയുടെ കണക്കുകൾ ബ്രാഞ്ച് യോഗങ്ങളിൽ വിശദീകരിക്കുന്നതിനു മുന്നോടിയായുള്ള ഏരിയ കമ്മിറ്റി യോഗം ഇന്നു പയ്യന്നൂരിൽ ചേരും. ഫണ്ട് തിരിമറിയിൽ നേതാക്കൾക്ക് എതിരെ എടുത്ത അച്ചടക്ക നടപടികളും ബ്രാഞ്ചുകളിൽ വിശദീകരിക്കേണ്ടതുണ്ട്. 

കണക്കിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഫണ്ടുകളുടെ വ്യക്തമായ കണക്ക് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചേരുന്ന, അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്ത ശേഷമുള്ള ആദ്യ ഏരിയ കമ്മിറ്റി യോഗമാണ് ഇന്നത്തേത്.

 പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ യഥാസമയം അവതരിപ്പിക്കുന്നതിലെ  ജാഗ്രതക്കുറവാണു വീഴ്ചയ്ക്കു കാരണമായതെന്നും വിശദീകരിക്കാൻ ആരോപണ വിധേയർ മുന്നോട്ടുവച്ച കണക്കാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. 

കണക്കിലെ പൊരുത്തക്കേടുകളും വകമാറ്റലുകളും മറ്റു ക്രമക്കേടുകളും തെളിവുകളും രേഖകളും സഹിതം പയ്യന്നൂർ ഏരിയ കമ്മിറ്റി പരാതിക്കൊപ്പം ജില്ലാ നേതൃത്വത്തിനു നൽകിയിരുന്നെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, ജില്ലാ നേതൃത്വത്തിന്റെ അറിവോടെ കണക്കുകളുടെ രേഖകൾ ശേഖരിച്ചതടക്കം അച്ചടക്ക ലംഘനമായി കണ്ട് വി.കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു. 

ആരോപണ വിധേയർക്കെതിരെ കുറ്റത്തിന്റെ ഗൗരവം പരിഗണിക്കാതെയുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപവുമുണ്ട്. ഇതിലെല്ലാം പ്രതിഷേധിച്ചാണ് കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തന രംഗത്തു നിന്നു മാറിനിൽക്കുന്നത്.

 കണക്കുകൾ ഏരിയ കമ്മിറ്റിക്കും ബോധ്യപ്പെടേണ്ടതുണ്ട്. സമാന്തരമായ മറ്റൊരു കണക്ക് ഏരിയ കമ്മിറ്റിയിലെ ചിലരുടെ കയ്യിലുണ്ടെന്നാണ് അറിയുന്നത്. 

അത് ഔദ്യോഗിക  വിഭാഗം തയാറാക്കി കൊണ്ടുവരുന്ന കണക്കുമായി പൊരുത്തപ്പെടാതെ വന്നാൽ ഏരിയ കമ്മിറ്റിയുടെ കണക്കുകൾ കൂടി നേതൃത്വത്തിനു പരിഗണിക്കേണ്ടി വന്നേക്കാം. 

അതു മുഖവിലയ്ക്കെടുക്കാതെ, ഫണ്ട്  കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന തരത്തിലുള്ള കണക്കുകളും വിശദീകരണവുമാണെങ്കിൽ പ്രതിഷേധമുയരും. അങ്ങനെയുണ്ടായാൽ അച്ചടക്ക നടപടി വേണ്ടി വരുമെന്ന നിലപാടിലാണു നേതൃത്വം.

Content Highlight: CPM fund controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA