ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമം സിപിഎമ്മിനെ പാടേ പ്രതിരോധത്തിലാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന വേളയിൽ നടന്ന സംഭവവികാസങ്ങൾ നേതാക്കൾ പലരും അദ്ഭുതത്തോടെയാണ് ശ്രവിച്ചത്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട് ജില്ലാ നേതൃത്വം പാർട്ടിക്കു മുന്നിൽ പ്രതിക്കൂട്ടിലായി.

സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സംഭവത്തെ തള്ളിപ്പറ​ഞ്ഞു. എന്തിനു വേണ്ടിയായിരുന്നു ഈ അതിക്രമം എന്ന് പ്രതിപക്ഷം ചോദിക്കുന്ന അതേ ശൈലിയിലാണ് ഇ.പി.ജയരാജൻ ചോദിച്ചത്. സിപിഎമ്മിനെ അലട്ടുന്നതും ഈ ‘ടൈമിങ്’ തന്നെയാണ്. സ്വർണക്കടത്ത് കേസ് രണ്ടാമതും ഉയർന്നു വന്നപ്പോൾ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് കണ്ടില്ലേ എന്നായിരുന്നു പ്രതിപക്ഷത്തോടുളള സിപിഎമ്മിന്റെ ചോദ്യം. അതേ രാഹുലിന്റെ ഓഫിസാണ് ‘കുട്ടി സഖാക്കൾ’ തല്ലിത്തകർത്തത്. എസ്എഫ്ഐയുടെ പുതിയ നേതൃത്വം ഇതിന് പാർട്ടിക്ക് ഉത്തരം നൽകേണ്ടി വരും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തന്നെയാണ് മാർച്ചിനു നേതൃത്വം കൊടുത്തത്. പുതിയ സംസ്ഥാന സെക്രട്ടറിയുടെ പശ്ചാത്തലം നേരത്തെ തന്നെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തന്നയാണെന്ന് ആരോപിച്ച സിപിഎമ്മിന് എസ്എഫ്ഐക്കാരുടെ അക്രമത്തിൽ കൈ കഴുകാനും എളുപ്പമല്ല. സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പ്രവർത്തന രീതി അറിയാവുന്നവർ അത് വേഗം ഉൾക്കൊള്ളുകയുമില്ല.

ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് വഴിയൊരുക്കിയത് പിണറായി മന്ത്രിസഭ 2019 ൽ എടുത്ത തീരുമാനം ആണെന്ന വിമർശനം കഴിഞ്ഞ യുഡിഎഫ് യോഗം ഉന്നയിച്ചിരുന്നു. എസ്എഫ്ഐയുടെ അതിക്രമം ഇക്കാര്യം കൂടുതൽ ചർ‌ച്ചാ വിഷയമാക്കാനേ ഉപകരിക്കൂകയുള്ളൂവെന്ന ആശങ്കയും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

ദേശീയ തലത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും ആണ് രാഹുൽഗാന്ധിയെ വേട്ടയാടുന്നതെന്ന ആക്ഷേപവുമായി വരുംദിവസങ്ങളിൽ ശക്തമായി രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം. സ്വർണക്കടത്ത് കേസിൽ രക്ഷപ്പെടാനായി സംഘപരിവാറിനെ സുഖിപ്പിക്കാൻ നേതൃത്വത്തിന്റെ അറിവോടെ നടത്തിയ അക്രമം ആണെന്ന കടുത്ത ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരണവും മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ പ്രതിപക്ഷം അഴിച്ചുവിട്ടു. രണ്ടിന്റെയും രാഷ്ട്രീയ മുന തിരിച്ചറിഞ്ഞുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നാണു സിപിഎമ്മിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com