ADVERTISEMENT

കണ്ണൂർ ∙പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകൾ തെളിവുകൾ സഹിതം നേതൃത്വത്തിനു മുന്നിൽ എത്തിച്ചതിന്റെ പേരിൽ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി.കുഞ്ഞിക്കൃഷ്ണനും നടപടിയിൽ പ്രതിഷേധിക്കുന്നവരും സിപിഎം നേതൃത്വത്തിന്റെ നിരീക്ഷണത്തിൽ. പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതും ആണ് വീഴ്ചയെന്നുമുള്ള മേൽ കമ്മിറ്റി തീരുമാനം പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിച്ചതോടെ ഇടഞ്ഞു നിൽക്കുന്നവരുടെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയിലാണു നേതൃത്വം.

പാർട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കു വിധേയമാക്കിയതിലും ആരോപണ വിധേയർക്ക് എതിരായി നാമമാത്രമായി നടപടി എടുത്തതിലും 21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു ഇത്.

കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് ഏരിയ കമ്മിറ്റിയിലെ മാനസിക അനൈക്യം പരിഹരിക്കാൻ ആണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കുഞ്ഞിക്കൃഷ്ണൻ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ വരവുചെലവ് കണക്ക് പരിശോധനയിലാണ് ഫണ്ട് തിരിമറി പുറത്തുവന്നത്. 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയെന്നാണു പുറത്തുവന്ന വിവരം.

അതിനിടെ, സിപിഎമ്മിനു വേണ്ടി ഫണ്ട് പിരിക്കുന്ന ഇടനിലക്കാർ എന്ന് ആരോപിക്കപ്പെടുന്ന 2 പേർക്കെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ പ്രതിഷേധം അണയുന്നില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്.

അക്കൗണ്ടിലെ 42 ലക്ഷം രൂപ എവിടെ?

ഫണ്ട് ദുർവിനിയോഗം നടന്നെന്നു സമർഥിക്കാൻ കഴിയുന്ന കണക്കുകളുടെ രേഖകൾ കുഞ്ഞിക്കൃഷ്ണന്റെ കൈവശമുള്ളതും സിപിഎം നേതൃത്വത്തിനു ഭീഷണിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി.ഐ.മധുസൂദനൻ എംഎൽഎയുടെയും മുൻ ഏരിയ സെക്രട്ടറി കെ.പി.മധുവിന്റെയും പേരിൽ എടുത്ത സംയുക്ത അക്കൗണ്ടിൽ അവശേഷിക്കുന്ന പണം എത്ര എന്ന വിവരം കുഞ്ഞിക്കൃഷ്ണന് അറിയാം എന്നതാണു നേതൃത്വത്തെ അലട്ടുന്നത്. കുഞ്ഞിക്കൃഷ്ണന്റെ കണക്കും നേതൃത്വം തയാറാക്കിയ കണക്കും തമ്മിൽ പൊരുത്തക്കേടുകൾ‌ ഉണ്ട്.

ധനരാജിന്റെ പേരിൽ ബാങ്കിലുള്ള കടം വീട്ടുമെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് 15 ലക്ഷം രൂപയോളം വേണം. അക്കൗണ്ടിൽ അവശേഷിക്കുന്നത് 20,600 രൂപ മാത്രമാണെന്നാണു വിവരം. ബാക്കി പണം എവിടെ നിന്ന് ആര് എടുത്തു നൽകുമെന്ന ചോദ്യവും അവശേഷിക്കുന്നു. അക്കൗണ്ടിൽ ബാക്കി ആകേണ്ടിയിരുന്ന 42 ലക്ഷം രൂപ എവിടെ പോയെന്ന കാര്യത്തിലും കീഴ്ഘടകങ്ങൾ വ്യക്തത ആവശ്യപ്പെട്ടേക്കാം.

English Summary: CPM Fund Row Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com