ADVERTISEMENT

കോട്ടയം ∙ ഇല്ലാത്ത സ്ഥലത്തു കൂടി ഓവർടേക്കിങ് നടത്തുന്ന വിദ്യ കാണണോ? നമ്മുടെ നഗരങ്ങളിലെത്തിയാൽ മതി. ഇടതുവശത്തു കൂടിയായാലും വാഹനങ്ങൾക്കിടയിലൂടെയായാലും ഓവർടേക് ചെയ്യാൻ മത്സരിക്കുകയാണു പലരും.

ഏറ്റവും മാരകമായ അപകടങ്ങൾക്കു വഴിവയ്‌ക്കുന്ന ഒന്നാണ് അശ്രദ്ധമായ ഓവർടേക്കിങ്. അതിൽ ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിങ്ങാണ് ഏറ്റവും അപകടം പിടിച്ചത്. അപകടമുണ്ടായാൽ നിർത്താതെ വാഹനം ഓടിച്ചുപോകുന്ന കേസുകളും വർധിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു പൊലീസിന്റെ തീരുമാനം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ കണ്ടുപിടിച്ചു നടപടി സ്വീകരിക്കും.

നിയമങ്ങൾ പാലിച്ചു മാത്രം ഓവർടേക്കിങ് നടത്തുക എന്നത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. അതേസമയം, വാഹനം ഓടിക്കുന്നവർ ഇടതുവശത്തേക്കു പരമാവധി ചേർന്നു പോവുകയും മറ്റു വാഹനങ്ങൾക്ക് വലതുവശത്തുകൂടി ഓവർടേക് ചെയ്യാൻ സൗകര്യമൊരുക്കിക്കൊടുക്കുകയും വേണം.

ഇടതു വശത്തുകൂടിയുള്ള ഓവർടേക്കിങ് പൊലീസ് അനുവദിക്കില്ല. കർശന നടപടിയെടുക്കും. അശ്രദ്ധമായ ഓവർടേക്കിങ്ങും അനുവദിക്കാനാവില്ല. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പലരും ലംഘിക്കുന്ന മറ്റൊരു നിയമമാണ് വൺവേ. ‘നോ എൻട്രി’ എന്നെഴുതി വച്ചിരിക്കുന്ന ബോർഡിനെ കൊഞ്ഞനംകുത്തിക്കൊണ്ടു തന്നെ മിക്കവരും നിയമം തെറ്റിച്ചു പായും. അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് ഓടിച്ചുകയറലാണിത്. അപകടം സംഭവിച്ചുപോയാൽ നഷ്ടപരിഹാരം പോലും കിട്ടില്ല.

 

റോഡിലിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ

 

∙ ഓവർടേക്കിങ് സംബന്ധിച്ച നിയമങ്ങൾ പാലിക്കുക.

∙ നടക്കുന്നതു ഫുട്‌പാത്തിലൂടെയാക്കുക. ഫുട്‌പാത്തില്ലെങ്കിൽ റോഡിന്റെ വലതുവശം ചേർന്നു നടക്കുക.

∙ റോഡിനു കുറുകെ കടക്കാൻ സീബ്രാ വരകൾ ഉപയോഗിക്കുക. സീബ്രാ ക്രോസിങ് ഇല്ലാത്തിടത്തു റോഡിനു നേരെ കുറുകെ തന്നെ കടക്കുക. കോണോടുകോണായും വളഞ്ഞുപുളഞ്ഞുമുള്ള കുറുകെ കടക്കൽ അപകടം വരുത്തും.

∙ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ അരികിലൂടെ ഓടിച്ചുപോകുമ്പോൾ ശ്രദ്ധിക്കുക. നിർത്തിയ വാഹനത്തിന്റെ വാതിൽ പെട്ടെന്നു തുറന്നേക്കാം.

∙ സിഗ്നലുകൾ എപ്പോഴും നൽകുക. സിഗ്നൽ മറ്റുള്ളവർക്കുവേണ്ടി മാത്രമല്ല; സ്വന്തം സുരക്ഷയ്‌ക്കുകൂടി വേണ്ടിയാണ്.

 

English Summary: Overtaking: Kerala police warn of action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com