ADVERTISEMENT

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ നടന്ന എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരം നഗരത്തിൽ വിവിധ ഭാഗങ്ങളിൽ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എകെജി സെന്ററിന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചു. കേരള സർവകലാശാലയ്ക്കു മുന്നിൽ നിന്ന് എകെജി സെന്ററിലേക്കു പോകുന്ന റോഡിൽ വാഹനങ്ങൾ നിരത്തി പൊലീസ് ഗതാഗതം തടഞ്ഞു. ‌

പാളയത്തു നിന്നാരംഭിച്ച കോൺഗ്രസ് മാർച്ചും ഇതിനു സമാന്തരമായി ബേക്കറി ജംക്‌ഷനിൽ ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച മാർച്ചും പാളയത്ത് സംഗമിച്ച് എകെജി സെന്ററിലേക്ക് തിരിയുന്നതിനിടയിലാണ് പൊലീസ് തടഞ്ഞത്. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സിപിഎം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും തകർത്തു. മാർച്ച് ശക്തി പ്രാപിച്ചതോടെയാണ് എകെജി സെന്റർ സംരക്ഷിക്കാൻ വൻപൊലീസ് സംഘമെത്തിയത്. ഇവിടെ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റി.  വഴിയാത്രക്കാരായ സ്ത്രീകളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി ആരോപണമുയർന്നു. 

നഗരത്തിൽ പാളയത്തും ബേക്കറി ജംക്‌ഷനിലും നന്ദാവനത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റ് ചെയ്ത വനിതാ പ്രവർത്തകരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് നന്ദാവനത്ത് പൊലീസ് ക്യാംപിന് മുന്നിൽ പ്രവർത്തകർ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ചിനെ തുടർന്ന് നഗരത്തിൽ ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു.

∙ കൊല്ലത്ത് ചവറ പന്മനയ്ക്കു സമീപം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ദേശീയപാതയിലൂടെ കോൺഗ്രസ് പ്രകടനം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ കാർ അതുവഴി വന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കാറിനു നേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വലയം തീർത്തു കാർ കടത്തി വിട്ടു. കൊല്ലം നഗരത്തിൽ കോൺഗ്രസ്– യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. 

∙ കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തിയതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമായി. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവർക്കു സാരമായി പരുക്കേറ്റു. 

∙ പാലക്കാട്ട് യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരേ‍ാധിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള പ്രവർത്തകരെ പെ‍ാലീസ് അറസ്റ്റ് ചെയ്തു നീക്കി.

∙ കോഴിക്കോട് കമ്മിഷണർ ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

youth-congress
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പെ‍ാലീസിന്റെ ലാത്തിചാർജിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ. ചിത്രം: മനോരമ

മോദിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമെന്ന് കോൺഗ്രസ്

തിരുവനന്തപുരം ∙ മോദിയുടെ ഗുഡ് ബുക്കിൽ കയറാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്ന് കെ.സി.വേണുഗോപാൽ എംപി ആരോപിച്ചു. മോദി നിർത്തിയ ഇടത്തു പിണറായി വിജയൻ തുടങ്ങി. സ്വർണക്കടത്തു കേസിൽ നിന്നു രക്ഷപ്പെടാൻ മോദിക്കു മുന്നിൽ രാഹുൽവിരുദ്ധത വിറ്റഴിക്കാനാണു പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടെയാണു രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ചു തകർത്തത്. സ്വർണക്കടത്തു കേസിൽ നിന്നു രക്ഷപ്പെടാൻ ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണു പിണറായിയുടെ ശ്രമം. ബഫർ സോണിന്റെ പേരിൽ എസ്എഫ്ഐക്കാർ സമരം നടത്തേണ്ടതു പിണറായി വിജയന്റെ ഓഫിസിലേക്കാണ്. 

∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ 

ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചതു സ്വാഗതം ചെയ്യുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ആത്മാർഥതയിൽ സംശയമുണ്ട്. അക്രമികൾക്കു വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. 

∙ ഉമ്മൻ ചാണ്ടി

സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. പൊലീസ് നോക്കിനിന്നു എന്നതു വളരെ ഗൗരവമേറിയതാണ്.  

∙ രമേശ് ചെന്നിത്തല

സിപിഎം തീക്കൊള്ളി കൊണ്ടു തല ചൊറിയരുത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു ഹൈക്കോടതി ജാമ്യം നൽകിയത്. ആ നാണക്കേടു മറയ്ക്കാനാണു രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്തത്.

∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ

ബിജെപിയുടെ ബി ടീം ആയ സിപിഎമ്മിന്റെയും പിണറായി വിജയന്റെയും മോദി പ്രീണനമാണു വയനാട്ടിൽ കണ്ടത്. കേന്ദ്രവും പിണറായി സർക്കാരും തമ്മിലുള്ള കേസിലെ കൊടുക്കൽ വാങ്ങലുകൾ, ഒത്തുതീർപ്പുകൾ; അതിന്റെ ഭാഗമായി മോദിയെ സുഖിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സംഘം നടത്തിയ അഴിഞ്ഞാട്ടമാണു വയനാട്ടിൽ നടന്നത്.   

∙ പി.ജെ.ജോസഫ്

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹണ്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്. 

∙ സാദിഖലി തങ്ങൾ

രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ ആക്രമിച്ച സംഭവം നീചവും അപലപനീയവുമാണ്. ബിജെപിയെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. 

കൽപറ്റയിൽ തെരുവുയുദ്ധം

കൽപറ്റ ∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്നു കൽപറ്റയിൽ തെരുവുയുദ്ധം. ഇന്നലെ വൈകിട്ടു മൂന്നരയോടെ തുടങ്ങിയ സംഘർഷം രാത്രി വൈകിയാണ് അവസാനിച്ചത്.

ബഫർസോൺ വിഷയത്തിൽ അപ്രതീക്ഷിതമായാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. കൈനാട്ടിയിലെ എംപി ഓഫിസിനു മുന്നിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പൊലീസ് മാത്രം. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് പ്രതിഷേധത്തിന്റെ രൂപം മാറിയത്. പ്രകോപനമൊന്നുമില്ലാതെയാണ് എസ്എഫ്ഐക്കാർ ഓഫിസിനുള്ളിലേക്കു കയറിയത്. 

രാഹുൽ 30ന് കേരളത്തിൽ

ന്യൂഡൽഹി ∙ മുൻനിശ്ചയിച്ച പ്രകാരം 30, 1, 2 തീയതികളിൽ രാഹുൽ ഗാന്ധി കേരള സന്ദർശനം നടത്തുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

 

English Summary: Protest against SFI in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com