ADVERTISEMENT

കൽപറ്റ ∙ എംപിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതാരെന്നതിൽ സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നിറയുന്നു. ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ എസ്എഫ്ഐക്കാർ ചിത്രം വലിച്ചു താഴെയിട്ടുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, എസ്എഫ്ഐക്കാർ മടങ്ങുന്നതുവരെ രാഷ്ട്രപിതാവിന്റെ ചിത്രം ചുമരിൽത്തന്നെയുണ്ടായിരുന്നുവെന്നും പിന്നീട് കോൺഗ്രസുകാർ തന്നെയാണു ചിത്രം നശിപ്പിച്ച് വിദ്യാർഥിസംഘടനാ പ്രവർത്തകരുടെ മേൽ കുറ്റം ചാരാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. കസേരയിൽ വാഴവച്ചതു കാണുന്ന ദൃശ്യത്തിൽ ഗാന്ധിചിത്രം വീണിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, പല സംഘങ്ങളായാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫിസിലെത്തി അക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എസ്എഫ്ഐ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനുശേഷവും അക്രമികൾ ഓഫിസിനുള്ളിലേക്കു കയറി. ഓഫിസ് ജീവനക്കാരെ മർദിച്ചു മടങ്ങിയ സംഘത്തിനു പിന്നാലെ എത്തിയവരാണ് ഗാന്ധിജിയുടെ ചിത്രം വലിച്ചുതാഴെയിട്ടത്.   ഇന്നു മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ദൃശ്യങ്ങൾ പരിശോധിക്കും.

പിണറായിയോട് ചോദിച്ചാൽ മതി; പൊട്ടിത്തെറിച്ച് സതീശൻ

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐക്കാരല്ലെന്നും വിഡിയോ ദൃശ്യങ്ങളിൽ അതു വ്യക്തമാണെന്നും പറഞ്ഞ മാധ്യമപ്രവർത്തകനോടു പത്രസമ്മേളനത്തിനിടെ കയർത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ‘അസംബന്ധങ്ങൾ ഉന്നയിക്കരുത്, ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോടു ചോദിച്ചാൽ മതി. ഇക്കണക്കിന് എംപി ഓഫിസ് ആക്രമിച്ചത് കോൺഗ്രസുകാരാണെന്നു നിങ്ങൾ പറയുമോ? ഇതൊരു വൈകാരിക പ്രശ്നമാണ്. വാർത്താ സമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടെയും ദേശാഭിമാനിയുടെയും ലേഖകനായി ഇവിടെ ഇരുന്നാൽ, ഞാൻ മര്യാദ കാണിക്കുന്നതുകൊണ്ടാണു നിങ്ങൾ ഇവിടെയിരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കിവിടും’’- സതീശൻ പറഞ്ഞു. 

English Summary: Who demolished Gandhi's photo in Rahul's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com