ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് പട്ടികയിൽ നിന്നായിരിക്കണമെന്നു പൊതു‌വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഈ പട്ടികയിൽ അർഹരില്ലെങ്കിൽ 3 മലയാളം പത്രങ്ങളിലും 2 ഇംഗ്ലിഷ് പത്രങ്ങളിലും പരസ്യം നൽകി അർഹരെ കണ്ടെത്തണം.

കാൽനൂറ്റാണ്ട് മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. 1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ 3%, അതിനു ശേഷം 4% വീതം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ സർക്കാർ ഉത്തരവിറക്കിരുന്നു. ഈ സംവരണ ഒഴിവുകൾ കണക്കാക്കി ഇനിയുള്ള നിയമനങ്ങളിൽ ഭിന്നശേഷിക്കാരെ ആനുപാതികമായി പരിഗണിക്കാനും നിർദേശിച്ചു. 

ഈ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അതിനുശേഷം എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. 

ആ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശം.

∙ ഉത്തരവിറങ്ങുന്നതിനു മുൻപ് കഴിഞ്ഞ നവംബർ 7 വരെ നടത്തിയ നിയമനങ്ങൾ ഹൈക്കോടതിയിലെ കേസുകളുടെ വിധി വന്നശേഷം അതിന്റെ അടിസ്ഥാനത്തിലേ അംഗീകരിക്കൂ. അതിനു ശേഷമുള്ള നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാകും അംഗീകാരം നൽകുക.

∙ 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെയാണ് 3% സംവരണം. ഇതിനായി 33 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കു നൽകണം. 2017 ഏപ്രിൽ 19 മുതലുള്ള നിയമനങ്ങളിൽ 4% സംവരണം നടപ്പാക്കാൻ 25 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക നീക്കിവയ്ക്കണം.

∙ കാഴ്ചപരിമിതി, ശ്രവണപരിമിതി, അംഗപരിമിതി, ലോക്കോമോട്ടർ ഡിസെബിലിറ്റി, സെറിബ്രൽ പാൾസി എന്ന ക്രമത്തിലാണ് സംവരണത്തിലെ മുൻഗണന.

∙ റൊട്ടേഷൻ വ്യവസ്ഥ പ്രകാരം അധ്യാപക–അനധ്യാപക തസ്തികകളിലെ ഏതു വിഭാഗം ഭിന്നശേഷി സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് 2020 ലെ സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവിലുണ്ട്.

∙ റൊട്ടേഷൻ അടിസ്ഥാനത്തിൽ തസ്തിക നിശ്ചയിക്കുമ്പോൾ നിലവിൽ 4% ഭിന്നശേഷിക്കാരുള്ള വിഭാഗത്തിലെ തസ്തിക തന്നെ വീണ്ടും വന്നാൽ അടുത്ത വിഭാഗത്തിലേക്ക് സംവരണ സീറ്റ് മാറ്റണം.

∙ സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ മാനേജ്മെന്റുകൾ സൂക്ഷിക്കണം. ഇതിന്റെ പകർപ്പ് നിയമന അംഗീകാര ശുപാർശയ്ക്കൊപ്പം വിദ്യാഭ്യാസ ഓഫിസർക്കു നൽകണം.

∙ ഒന്നിലേറെ സ്കൂളുകളുള്ള മാനേജ്മെന്റുകൾക്ക് അവയെ ഒറ്റ യൂണിറ്റായി പരിഗണിച്ച് മുൻകാല പ്രാബല്യത്തോടെയുള്ള സംവരണം നടപ്പാക്കാം. ഒഴിവുകളുടെ സ്കൂൾ തിരിച്ചുള്ള പട്ടിക പ്രസിദ്ധപ്പെടുത്തണം.

 

English Summary: Disabled appointment in aided school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com