ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ കൂറ്റൻ പ്രതിഷേധ മാർച്ച്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, നേതാക്കളായ കെ.സി.വേണുഗോപാൽ, ടി.സിദ്ദീഖ്, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് എംപിമാരും എംഎൽഎമാരും പ്രകടനത്തിൽ അണിനിരന്നു. ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പൊലീസിനു നേരെ രോഷം തിളച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാർത്താസമ്മേളനത്തിനിടെ ഡിസിസി ഓഫിസിലേക്കു കയറിയ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കോൺഗ്രസ് പ്രവർത്തകർ ഗേറ്റിനു പുറത്താക്കി. 

വാർത്താസമ്മേളനത്തിനു ശേഷമുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതിപക്ഷനേതാവിന്റെ സുരക്ഷാച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം ഓഫിസിലേക്ക് ഇരച്ചുകയറിയത്. എംപി ഓഫിസിനു സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസിന് ഡിസിസി ഓഫിസിൽ എന്തു കാര്യമെന്ന ചോദിച്ചാണ് സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ പുറത്താക്കിയത്.

മറ്റു ജില്ലാ ആസ്ഥാനങ്ങളിലും വൻ പ്രതിഷേധപ്രകടനങ്ങൾ നടന്നു. കോട്ടയത്തു യുഡിഎഫിന്റെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷത്തെത്തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. 

ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിനും ഒട്ടേറെ പ്രവർത്തകർക്കും പരുക്കേറ്റു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിൽ സിപിഎം - കോൺഗ്രസ് സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനെയും ഇടുക്കിയിൽ റോഷി അഗസ്റ്റിനെയും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇതിനിടെ, രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി 30നു കൽപറ്റയിലെത്തും.

 

30 പേർ അറസ്റ്റിൽ; അന്വേഷണത്തിനു പ്രത്യേക സംഘം

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയൽ ജോസഫ് എന്നിവരുൾപ്പെടെ 30 പ്രവർത്തകരെ റിമാൻഡ് ചെയ്തു. 200 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി ടി.പി.ചന്ദ്രന്റെ നേതൃത്വത്തിൽ 15 അംഗ  അന്വേഷണസംഘം രൂപീകരിച്ചു.

 

English Summary: Rahul Gandhi's office attack; Massive protest in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com