വിലക്കുകൾ വാർത്തയായ ദിവസം; കറുപ്പണിഞ്ഞ് പ്രതിപക്ഷം, വീറോടെ ഉമയും

udf-protest-2 - Copy
കറുത്ത ഷർട്ടണിഞ്ഞ് യുഡിഎഫ് എംഎൽഎമാരുടെ പ്രതിഷേധം
SHARE

വിലക്കുകൾ വാർത്തയായ ദിവസം ഒരു ‘എൻട്രി’യാണ് പ്രതിപക്ഷം കാത്തിരുന്നത്. അവരുടെ കയ്യടികൾക്കിടയിലൂടെ വന്ന ഉമ തോമസ് ഇരിപ്പിടത്തിൽ ഇരുന്നപാടേ മുദ്രാവാക്യങ്ങളാൽ സഭ പ്രകമ്പനം കൊണ്ടു തുടങ്ങി. അങ്ങനെ കന്നി ദിനം തന്നെ ബാനറുമായി ഉമ നടുത്തളത്തിൽ പ്രതിഷേധിക്കാൻ ഇറങ്ങി. പി.ടി.തോമസിന്റെ വീറോടെ അവർ അതു നിർവഹിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ മുതൽ കോൺഗ്രസ് പ്രകടിപ്പിക്കുന്ന വൈകാരികത സഭയിലും പ്രതിഫലിക്കുന്നതാണ് ഒന്നാം ദിനം കണ്ടത്. സ്വന്തം അടിയന്തരപ്രമേയ നോട്ടിസിനെപ്പോലും അനാഥമാക്കി സഭ സ്തംഭിപ്പിക്കുന്നതിലേക്ക് പ്രതിപക്ഷം കടന്നു.

സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രണ്ട് അവസരങ്ങൾ പ്രതിപക്ഷം നേരത്തേ ഒരുക്കിവച്ചതാണ്. ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ഒരു പിടി ചോദ്യങ്ങൾ അവർ നൽകിയിരുന്നു. രാഹുലിന്റെ ഓഫിസ് തകർത്ത എസ്എഫ്ഐക്കാരെയും നോക്കിനിന്ന പൊലീസിനെയും ഉന്നമിട്ടുള്ള അടിയന്തരപ്രമേയ നോട്ടിസും രാവിലെ നൽകി.

എന്നാൽ കറുത്ത മാസ്ക്കിനും കറുത്ത ഷർട്ടിനും കറുത്ത ബാനറുകൾക്കും വിലക്കില്ലെന്ന് ഉറപ്പാക്കി സഭാ മന്ദിരത്തിൽ പ്രവേശിച്ച ശേഷം പ്രതിപക്ഷം ആ തിരക്കഥ മാറ്റി. രാഹുലിന്റെ ഓഫിസ് വരെ തല്ലിത്തകർത്തിരിക്കെ, സഭയിലും സംവാദത്തിനല്ല, പ്രതിഷേധത്തിനാണ് പ്രസക്തി എന്ന വികാരം യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ ഉയർന്നു. നോട്ടിസ് അവതരണവും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതിപക്ഷനേതാവിന്റെ മറുപടിയും എന്ന സാമ്പ്രദായിക രീതി വേണ്ടെന്ന അഭിപ്രായത്തിനായി മേൽക്കൈ. ചോദ്യോത്തരവേളയിൽ പ്രതിപക്ഷ പ്രതിഷേധത്തെ അതേ നാണയത്തിൽ ഭരണപക്ഷം നേരിടുക കൂടി ചെയ്തതോടെ നിസ്സഹകരണം നടപ്പാക്കുന്നതിലേക്കു പ്രതിപക്ഷം കടന്നു.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ നടുത്തളത്തിന്റെ വക്കിലെത്തി ഭരണപക്ഷം നേരിടുന്നതാണ് ചോദ്യോത്തര സമയത്ത് സഭ കണ്ടത്. എഴുന്നേറ്റു നിന്ന് അഭ്യർഥിച്ചിട്ടും വഴങ്ങാതെ വന്നതോടെ സഭ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് സ്പീക്കർ എം.ബി.രാജേഷ് ഇറങ്ങിപ്പോയി. ശേഷം പതിവ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് അദ്ദേഹം മുതിർന്നില്ല. ശ്രമിച്ചാലും അനുരഞ്ജനം അസാധ്യമായി തോന്നിക്കാണും. കാരണം ആ ഒരു മണിക്കൂറോളം ഭരണ–പ്രതിപക്ഷങ്ങൾ സഭയ്ക്കുള്ളിൽ പരസ്പരം മുദ്രാവാക്യങ്ങളുമായി യുദ്ധ സജ്ജരായി തുടരുകയായിരുന്നു. സ്പീക്കർ സഭ നിർത്തി വയ്ക്കുമ്പോൾ പ്രതിഷേധവും നിർത്തി കന്റീനിൽ ഒരുമിച്ചു ചായ കുടിക്കാൻ പോകുന്ന രീതിയിൽ നിന്നു തീ‍ർത്തും ഭിന്നം. കേരളത്തിന്റെ തെരുവുകളിൽ അലയടിക്കുന്ന ഭരണ–പ്രതിപക്ഷ പോര് അതേ തീവ്രതയിൽ നിയമസഭ അനുഭവിച്ചു. പതിവു മുദ്രാവാക്യക്കാരുടെ ‘സ്റ്റോക്ക്’ തീർന്നപ്പോൾ മന്ത്രിമാരും നേതാക്കളും വരെ പുതിയതു വിളിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങി.

ശൂന്യവേള ആരംഭിച്ചപ്പോൾ കെ.ശങ്കരനാരായണൻ അടക്കമുള്ള മുൻ സാമാജികരുടെ ചരമോപചാരത്തിനായി സഭ അൽപനേരം നിശ്ശബ്ദമായി. കഴിഞ്ഞ പാടേ ‘പ്രതിഷേധം, പ്രതിഷേധം’ എന്ന മുദ്രാവാക്യം പ്രതിപക്ഷ നിരയിൽ നിന്നു വീണ്ടുമുയർന്നു. ‘നിങ്ങൾ തന്നെ നൽകിയ റൂൾ 50 വേണ്ടേ ? ടി.സിദ്ദിഖ് അത് അവതരിപ്പിക്കുന്നില്ലേ ?’ എന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള ചോദ്യം അവർ ഗൗനിച്ചതേയില്ല. വയനാട്ടിൽ നിന്നുളള എംഎൽഎ ഐ.സി.ബാലകൃഷ്ണനൊപ്പം പ്രതിഷേധ ബാനറും പിടിച്ച് ഉമ തോമസും നടുത്തളത്തിൽ നിന്നു. ചുറ്റും സഭ തിളച്ചു മറി‍ഞ്ഞു. ചോദ്യോത്തര വേളയിലും ശൂന്യ വേളയിലും ഉയർന്ന ആ പ്രതിഷേധം എന്തുകൊണ്ട് സഭാ ടിവിയുടെ ക്യാമറക്കണ്ണിൽ പിടിച്ചില്ല എന്ന ചോദ്യം പിന്നീട് കത്തിപ്പടർന്നു. ജനാധിപത്യത്തിന്റെ ഒന്നാം തൂണായ ‘ലെജിസ്ലേച്ചർ’ നാലാം തൂണായ മാധ്യമങ്ങളെ നിയന്ത്രിക്കാൻ മുതിരുന്നോ എന്ന സംവാദം പുറത്ത് ചൂടുപിടിച്ചും തുടങ്ങി.

ഇന്നത്തെ വാചകം

∙ ‘അധ്യക്ഷൻ എഴുന്നേറ്റു നിന്നാൽ സഭയിലെ മറ്റുള്ളവർ ഇരിക്കണം. പ്രതിപക്ഷവും ഭരണപക്ഷവും അതിനു തയാറാകണം’ – സ്പീക്കർ എം.ബി. രാജേഷ്

Content Highlight: Kerala Assembly, Naduthalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS