തിരുവനന്തപുരം ∙ പരിസ്ഥിതി ലോല വിഷയത്തിൽ സുപ്രീം കോടതിയെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോഴുള്ള പ്രശ്നത്തിനു കാരണം സുപ്രീം കോടതി ഈ മാസം ആദ്യവാരം പുറപ്പെടുവിച്ച നിർദേശമാണെന്നു കോടിയേരി പറഞ്ഞു.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിന്റെ കാലത്ത് 2011ൽ പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിർദേശം പരിശോധിക്കാൻ സംസ്ഥാന സർക്കാർ വി.ഡി.സതീശൻ, ടി.എൻ.പ്രതാപൻ എന്നീ എംഎൽഎമാർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. പരിസ്ഥിതിലോല മേഖല 10 കിലോ മീറ്റർ ആകാമെന്ന നിർദേശമാണു സമിതി സമർപ്പിച്ചതെന്നും കോടിയേരി വ്യക്തമാക്കി.
2018ൽ പ്രളയക്കെടുതിയെത്തുടർന്ന്, സംരക്ഷിത പ്രദേശത്തോടു ചേർന്നുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതിലോല മേഖലയായി തത്വത്തിൽ നിശ്ചയിച്ചു. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. ഇതനുസരിച്ച് 23 സംരക്ഷിത പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി കേന്ദ്രത്തിനു സമർപ്പിക്കുകയും തുടർന്ന് 20 എണ്ണത്തിന്റെ കരടു വിജ്ഞാപനം പുറത്തു വരികയും ചെയ്തു. ഇത്തരത്തിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കയെത്തുടർന്ന്, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ ഒഴിവാക്കി കരടു ഭേദഗതി നിർദേശവും കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു.
ഇതു പരിശോധിച്ചു വിദഗ്ധ സമിതി വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സുപ്രീം കോടതി വിധിയുണ്ടായത്.
തുടർന്നു മന്ത്രി എ.കെ.ശശീന്ദ്രൻ യോഗം വിളിച്ചെന്നും ജനവാസമേഖല പൂർണമായും ഒഴിവാക്കിയുള്ള നിർദേശങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി അംഗീകാരം വാങ്ങാൻ തീരുമാനിച്ചെന്നും കോടിയേരി പറഞ്ഞു.
English Summary: Kodiyeri on buffer zone