നിയമസഭയിൽ മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ പലത്; ഒറ്റ ഉത്തരം: ചിലത് ‘ശ്രദ്ധയിൽപെട്ടില്ല’

Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതിയായ സ്വപ്നയെ സ്വാധീനിച്ചു മൊഴി മാറ്റാൻ മുൻ മാധ്യമപ്രവർത്തകൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇയാൾ വിജിലൻസ് മേധാവിയുമായി സംസാരിച്ചോ, അതേക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടോ, വിജിലൻസ് മേധാവിക്കെതിരെ ഈ വിഷയത്തിൽ നടപടിയെടുത്തോ, ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുമായി ഇയാൾ സംസാരിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം നിയമസഭയിൽ മുഖ്യമന്ത്രിക്ക് ഒറ്റ ഉത്തരം മാത്രം– പരാതി ലഭിച്ചിട്ടില്ല.

2016 ൽ മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണക്കടത്തുകേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപെട്ടോ എന്ന ചോദ്യത്തിന്, ശ്രദ്ധയിൽപെട്ടില്ലെന്നാണു മറുപടി.

സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിജിലൻസ് സംഘം പാലക്കാട്ടെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയതു മുഖ്യമന്ത്രിയുടെ ‘ശ്രദ്ധയിൽപെട്ടില്ല’. എന്നാൽ, സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതു നിയമാനുസൃതമാണെന്നു മറുപടി നൽകി. സ്വപ്നയ്ക്കെതിരെയുള്ള ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ വൻ പൊലീസ് സംഘത്തെ നിയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടിയില്ല. സ്വർണക്കടത്തുകേസ് പ്രതിയുടെ ഭർത്താവിനു കെ ഫോൺ പദ്ധതിയുടെ ഭാഗമായ ഏജൻസിയിൽ നിയമനം നൽകിയിരുന്നോ എന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെ– ‘ആരെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല’.

വിമാനത്തിൽ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടെന്ന പരാതി അന്വേഷിക്കാൻ ശംഖുമുഖം എസിപിയെ ചുമതലപ്പെടുത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു.

udf-protest-6
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ നിയമസഭയിൽ പ്രതിഷേധിച്ചശേഷം പുറത്തിറങ്ങുന്ന പ്രതിപക്ഷാംഗങ്ങൾ. എ.കെ.എം.അഷറഫ്, അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, കെ.ബാബു, പി.കെ.കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, ടി.സിദ്ദിഖ്, മാണി സി. കാപ്പൻ, വി.ഡി.സതീശൻ, റോജി എം. ജോൺ, എൻ.ഷംസുദ്ദീൻ, സജീവ് ജോസഫ്, അൻവർ സാദത്ത് തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: മനോരമ

English Summary: Many questions to chief minister in kerala assembly but only one answer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS