തിരുവനന്തപുരം ∙ മടിയിൽ കനമില്ലെന്നു മുഖ്യമന്ത്രി ബോർഡ് എഴുതിവച്ചിട്ടു കാര്യമില്ലെന്നും പേടിയുണ്ടെന്നു തെളിയിക്കുന്നതാണു സ്വർണക്കടത്ത് കേസിലെ വെപ്രാളമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേസിലെ ഒരു പ്രതിയായ എം.ശിവശങ്കറിനെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ കയറ്റുകയും പുസ്തകമെഴുതാൻ സമ്മതിക്കുകയും ചെയ്തു. അതേക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ‘നിങ്ങൾക്കു പൊള്ളുന്നുണ്ടാകും അല്ലേ’ എന്നു പ്രതികരിച്ചയാളാണ് മുഖ്യമന്ത്രി. അതേകേസിലെ മറ്റൊരു പ്രതിയായ സ്വപ്ന കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയപ്പോൾ അവർക്കെതിരെ കേസെടുത്തു. ഇതെന്തു നീതിയാണ്? സ്വപ്നയെ ഭയപ്പെടുന്നതിനു വേറെ തെളിവു വേണോ?
രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിനെ മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിപ്പറഞ്ഞില്ലേ എന്നു ചോദിക്കുന്നുണ്ട്. എല്ലാ അക്രമവും നടത്തിയ ശേഷം തള്ളിപ്പറയുന്നതു സിപിഎമ്മിന്റെ രീതിയാണ്. ടി.പി.ചന്ദ്രശേഖരനെ കൊന്നപ്പോഴും കെ.ടി.ജയകൃഷ്ണനെ കൊന്നപ്പോഴും അതു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെ, അദ്ദേഹത്തിന്റെ ഓഫിസാണ് എസ്എഫ്ഐക്കാരെ അയച്ചത്.
സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽനിന്നു 2 പേരും കൈരളി ടിവിയിൽനിന്നു 3 പേരും തന്റെ വാർത്താ സമ്മേളനത്തിനെത്തിയെന്നും ഇതിൽ താൻ ബഹുമാനിതനാണെന്നും സതീശൻ പറഞ്ഞു. പ്രധാനമന്ത്രി പത്രസമ്മേളനം നടത്തിയാൽ പോലും ഇത്രയും ലേഖകരെ ഒരു മാധ്യമ സ്ഥാപനവും അയയ്ക്കില്ല. എന്നാൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉന്നയിച്ചില്ല, അല്ലെങ്കിൽ ഉന്നയിക്കാൻ അവസരം ലഭിച്ചില്ല – സതീശൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, നിയമസഭയിലെ മാധ്യമ വിലക്ക്, കെപിസിസി ഓഫിസ് അതിക്രമം, കന്റോൺമെന്റ് ഹൗസിലെ അതിക്രമം, പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തല തകർത്ത സംഭവം, പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരായ വധഭീഷണി, അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം എന്നിവയൊന്നും ചോദിച്ചില്ല.
പ്രതിപക്ഷത്തിന്റെ ഭാഗം സംപ്രേഷണം ചെയ്യാതിരുന്ന ഇന്നലത്തെ രീതി സഭാ ടിവി തുടർന്നാൽ ടിവി പൂർണമായി ബഹിഷ്കരിക്കുമെന്നു സതീശൻ പറഞ്ഞു. ഭരണപക്ഷത്തെ മാത്രം കാണിക്കാനാണെങ്കിൽ സഭാ ടിവി വേണ്ട. അതിനു സിപിഎം ടിവി മതി. പിണറായിയുടെ ഭരണകാലത്തെ പത്താമത്തെ അവതാരം സഭാ ടിവിയുടെ ഓഫിസിൽ കയറിയതോടെ അവിടെ ആർക്കാണു സ്വാധീനമെന്ന് എല്ലാവർക്കും മനസ്സിലായെന്നും സതീശൻ പറഞ്ഞു.
Content Highlights: VD Satheesan press meet