ADVERTISEMENT

തിരുവനന്തപുരം ∙ സോളർ കേസ് സിബിഐയ്ക്കു വിട്ടത് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, സ്വപ്ന രഹസ്യമൊഴി നേരത്തെയും നൽകിയിട്ടുണ്ടെന്നും അടിയന്തരപ്രമേയ ചർച്ചയ്ക്കു മറുപടി നൽകവേ മുഖ്യമന്ത്രി വ്യക്തമാക്കി. രഹസ്യമൊഴിയിലെ വിവരങ്ങൾ എങ്ങനെയാണ് പ്രതിപക്ഷം ശേഖരിച്ചത്? സ്വപ്നയിൽനിന്നാണോ ഇടനിലക്കാർ വഴിയാണോ? മൊഴി മാറ്റിയാൽ സ്വർണക്കടത്തു കേസ് ഇല്ലാതാകില്ല. ഓരോ ദിവസം മാറ്റാവുന്നതല്ല രഹസ്യമൊഴി. സ്വപ്നയ്ക്കു സഹായം നൽകുന്ന സ്ഥാപനം സംഘപരിവാർ ബന്ധമുള്ളതാണ്.

സ്വപ്നയെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതുപോലുള്ള ഏർപ്പാടാണ് സ്ഥാപനം ചെയ്യുന്നത്. കേരളത്തിന്റെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കം നടക്കുമ്പോൾ പൊലീസ് അന്വേഷിക്കും. സ്വർണക്കടത്തിൽ അന്വേഷണം നടക്കേണ്ട എന്ന നിലപാട് സർക്കാരിനില്ല. സുതാര്യമായ അന്വേഷണം നടക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷം വേവലാതിപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി സംസാരിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിൽ കെട്ടിവയ്ക്കാനാണ് ശ്രമം. ഒരു കാര്യത്തിലും ഇടനിലക്കാരെ വയ്ക്കേണ്ട കാര്യം സർക്കാരിനില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടിക്കു മടിയില്ല. രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. അവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാർ. 

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു ചോദ്യവും കോൺഗ്രസ് ചോദിക്കില്ല. സ്വപ്നയ്ക്കു കാർ കിട്ടിയതെങ്ങനെ, പൊലീസ് സുരക്ഷയ്ക്കു പകരം സ്വകാര്യ സുരക്ഷ ലഭിച്ചതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളൊന്നും പ്രതിപക്ഷം ചോദിക്കില്ല. ചോദിച്ചാൽ സംഘപരിവാറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടും. സംഘപരിവാറിന്റെ ശബ്ദം സഭയിൽ കേൾപ്പിക്കാൻ പ്രതിനിധിയില്ലാത്തതിന്റെ കുറവ് നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുൻ മൊഴികളാണ് സ്വപ്ന ആവർത്തിക്കുന്നത്. രഹസ്യമൊഴി കൊടുത്തിട്ട് പുറത്തു പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ്. 

ഷാർജ ഷെയ്ഖിനു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്ന പമ്പര വിഡ്ഢിത്തം സ്വപ്ന എഴുന്നെള്ളിച്ചപ്പോൾ കോൺഗ്രസ് തോളിലേറ്റി. വിഡ്ഢിത്തമാണെന്നു കണ്ട് കോൺഗ്രസ് തന്നെ പിന്നീടത് ഉപേക്ഷിച്ചു. പരിശോധനയില്ലാതെ വിമാനത്താവളത്തിലൂടെ ഡോളർ കൊണ്ടുപോകാൻ കഴിയില്ല. വിമാനത്തിൽ ബാഗ് പരിശോധിക്കുന്ന കസ്റ്റംസ് കേരളത്തിന്റെ ഏജൻസിയല്ല. കോൺസലേറ്റിലെ നയതന്ത്രപ്രതിനിധികൾ രാജ്യം വിട്ടതെങ്ങനെയെന്നും ആരും ചോദിക്കുന്നില്ല.

നയതന്ത്രത ബാഗേജിലൂടെ സ്വർണം കടത്തിയെങ്കിൽ അത് കേന്ദ്രത്തിന്റെ വീഴ്ചയാണ്. കടത്തിയവരെ കണ്ടെത്താൻ കഴിയാത്തതും വീഴ്ചയാണ്. കേന്ദ്രത്തിന് എന്തിനാണ് കോൺഗ്രസ് രക്ഷാകവചം തീർക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു സ്വർണം വിട്ടുകിട്ടാൻ ഫോൺ വിളിച്ചു എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല. കേന്ദ്ര ഏജൻസികളെ കോൺഗ്രസ് അകമഴിഞ്ഞു പിന്തുണയ്ക്കുകയാണ്. എന്നാൽ, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ സിപിഎം കയ്യടിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan on Solar case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com