ഐടി പാർക്കിലെ മദ്യ ലൈസൻസ് ഡവലപ്പർക്കോ, കോ–ഡവലപ്പർക്കോ

HIGHLIGHTS
  • എഫ്എൽ 4 സി എന്ന പുതിയ തരം ലൈസൻസ്
  • ചട്ടം നിയമവകുപ്പ് അംഗീകരിച്ചു; ഫീസ് 20 ലക്ഷം
liquor-bar
SHARE

തിരുവനന്തപുരം∙ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ ലൈസൻസ് നൽകുക പാർക്കിന്റെ ഡവലപ്പർക്കോ, കോ–ഡവലപ്പർക്കോ മാത്രം. ഇവർക്കു സ്വയം നടത്തുകയോ, മറ്റാരെയെങ്കിലും ഏൽപിക്കുകയോ ചെയ്യാമെന്ന നിബന്ധനയോടെ പ്രത്യേക ചട്ടം നിയമവകുപ്പ് അംഗീകരിച്ചു നികുതി വകുപ്പിനു കൈമാറി. എഫ്എൽ 4 സി എന്ന പുതിയ തരം ലൈസൻസ് ആകും നൽകുക.

പഞ്ചനക്ഷത്ര ബാർ നടത്തി പരിചയമുള്ളയാളെ ഏൽപിക്കണമെന്നായിരുന്നു ഐടി വകുപ്പിന്റെ ശുപാർശ. എന്നാൽ ലൈസൻസികൾക്ക് ആരെ വേണമെങ്കിലും ഏൽപിക്കാമെന്നല്ലാതെ, ആരെ ഏൽപിക്കണമെന്നു ചട്ടത്തിൽ ഇല്ല. ലൈസൻസ് ലഭിക്കുന്ന ഡവലപ്പർക്കോ, കോ–ഡവലപ്പർക്കോ ആകും പൂർണ ഉത്തരവാദിത്തം. ഐടി പാർക്കിലെ മദ്യശാലയ്ക്കു ബാറിന്റെയോ, ക്ലബ്ബിന്റെയോ സ്വഭാവമില്ല. ബാർ ആകണമെങ്കിൽ ഹോട്ടൽ ക്ലാസിഫിക്കേഷൻ നിർബന്ധമാണ്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് നൽകുന്നുള്ളൂ. ക്ലബ് ആകണമെങ്കിൽ കായിക വിനോദകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണം. രണ്ടിലും ഉൾപ്പെടുത്താൻ കഴിയാത്തതിനാലാണു പുതിയ തരം ലൈസൻസ്.

അതേസമയം, ക്ലബ് ലൈസൻസിന് ഈടാക്കുന്ന ഫീസായ 20 ലക്ഷം രൂപ തന്നെയാകും ഐടി പാർക്കിലെ ഫീസ്. പ്രവർത്തനസമയം രാത്രി 11 വരെ 12 മണിക്കൂറാണെന്നാണു വിവരം. നിയമവകുപ്പ് അംഗീകരിച്ച സ്ഥിതിക്ക് നികുതി സെക്രട്ടറി ഒപ്പിടുകയും വിജ്ഞാപനമിറങ്ങുകയും ചെയ്താൽ ചട്ടം നിലവിൽ വരും. എന്നാൽ ബന്ധപ്പെട്ട ഭരണവകുപ്പ് കരടു ചട്ടത്തിന്റെ കൃത്യത പരിശോധിക്കണമെന്ന ശുപാർശ നിയമവകുപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരിക്കൽകൂടി എക്സൈസ് വകുപ്പിന്റെ പരിശോധനയ്ക്കു വരും.

നിയമസഭ നടക്കുന്ന സാഹചര്യത്തിൽ ചട്ടം വിജ്ഞാപനം ചെയ്യുന്നതിനു മുൻപു സഭയുടെ സബ്ജക്ട് കമ്മിറ്റിക്കു വിടാനും സാധ്യതയുണ്ട്. ഏതു ചട്ടം രൂപീകരിക്കുമ്പോഴും മാറ്റംവരുത്തുമ്പോഴും സബ്ജക്ട് കമ്മിറ്റിയുടെ മുൻകൂർ അനുമതി വേണമെന്നുണ്ട്. അടിയന്തരഘട്ടത്തിൽ വിജ്‍ഞാപനം ഇറക്കിയശേഷം 30 ദിവസത്തിനകം അനുവാദം നേടാനുമാകും. ഇതിൽ ഏതുവഴി സ്വീകരിക്കുമെന്നു വ്യക്തമല്ല.

English Summary: IT park liquor licence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS