മാധ്യമ നിയന്ത്രണ ചട്ടത്തിനെതിരെ അന്ന് പ്രക്ഷോഭം; ഇന്ന് നടപ്പാക്കൽ

HIGHLIGHTS
  • പണ്ട് എൽഡിഎഫ് എതിർത്ത ഭേദഗതി ഇന്നു നടപ്പാക്കി സ്പീക്കർ
  • ദൃശ്യങ്ങൾ വാണിജ്യ നേട്ടത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചു
kerala-assembly
കേരള നിയമസഭ
SHARE

തിരുവനന്തപുരം∙ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ തത്സമയ സംപ്രേഷണത്തിൽ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്ന ഭരണപക്ഷം, ഇൗ നിയന്ത്രണത്തിനു കാരണമായ ചട്ട ഭേദഗതിക്കെതിരെ 20 വർഷം മുൻപ് സഭയിൽ ഉയർത്തിയതു വൻ പ്രതിഷേധം. ദൃശ്യമാധ്യമങ്ങളുടെ സഭയിലെ പ്രവർത്തനങ്ങൾക്കു നിയന്ത്രണം കൊണ്ടുവരുന്നത് 2002 ൽ വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെയാണ്. ലോക്സഭയിലെ ചട്ടങ്ങൾ അതേപടി പകർത്തിയാണു കേരള നിയമസഭയിലും ചട്ടഭേദഗതി കൊണ്ടുവന്നത്. നിയമസഭയിലെ ബഹളങ്ങളും വാക്കൗട്ടും സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും ആ സമയത്തു ക്യാമറക്കണ്ണുകൾ സ്പീക്കറിൽ ഉറപ്പിച്ചിരിക്കണമെന്നുമായിരുന്നു അന്നത്തെ പ്രധാന ഭേദഗതി.

ഇതിനെതിരെ പ്രതിപക്ഷത്തു നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും വൻ പ്രതിഷേധമുണ്ടായി. വിലക്കു പിൻവലിക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്കു പോകുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു. സഭാ നടപടികൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് ഒരു രീതിയിലും യോജിക്കാനാകില്ലെന്നായിരുന്നു മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അന്നത്തെ പ്രതികരണം. ജനങ്ങളുമായി സംവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനാധിപത്യത്തിന് എന്ത് അർഥമുണ്ടെന്നു ചോദിച്ച അദ്ദേഹം, താൻ സ്പീക്കറായിരിക്കെ സഭാ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിച്ചതു ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ ചാനൽ ക്യാമറകൾക്കു പ്രതിഷേധ ദൃശ്യങ്ങൾ പകർത്തി പ്രക്ഷേപണം ചെയ്യാൻ‌ സ്പീക്കർ അനുമതി നൽകി. എന്നാൽ, ചട്ടങ്ങൾ‌ അതേപടി ഇപ്പോഴും തുടരുകയാണ്. അതു വീണ്ടും എടുത്തു പ്രയോഗിക്കാൻ തീരുമാനിച്ചത് ഇപ്പോഴാണ്. തത്സമയ ദൃശ്യങ്ങളിൽ‌ നിന്ന് പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയതിനു കാരണമായി ഇന്നലത്തെ റൂളിങ്ങിൽ ചൂണ്ടിക്കാട്ടിയത് 2002ൽ വക്കം പുരുഷോത്തൻ നടപ്പാക്കിയ ഭേദഗതിയാണ്. അതിനെതിരെ അന്നു സഭയ്ക്കകത്തും പുറത്തും ശക്തമായി പ്രതിഷേധം ഉയർത്തിയ ഇടതുപക്ഷത്തിന് ഇപ്പോൾ പ്രതിപക്ഷ പ്രതിഷേധം മൂടിവയ്ക്കാൻ‌ അതേ ചട്ടങ്ങൾ തന്നെ ആശ്രയിക്കേണ്ടി വന്നു.

നിയമസഭാ ദൃശ്യങ്ങൾ സാമ്പത്തിക നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും ചട്ടങ്ങളിലുണ്ടെന്ന് ഇന്നലത്തെ റൂളിങ്ങിൽ സ്പീക്കർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതേ ദൃശ്യങ്ങൾ സഭാ ടിവി യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലും അപ്‌ലോഡ് ചെയ്യുന്നുണ്ട്. പരസ്യത്തോടെയാണ് ഇവ സംപ്രേഷണം ചെയ്യുന്നത്. അതിനാൽ ദൃശ്യങ്ങൾ സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചില്ലേയെന്ന ചോദ്യവും പ്രസക്തം. 

English Summary: Kerala Assembly media ban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS