ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിനെതിരെ കടന്നാക്രമണം നടത്തി പ്രതിപക്ഷ നിര. 

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: സ്വർണക്കടത്തു കേസിനു വിശ്വാസ്യതയുണ്ടാക്കിയതു സർക്കാരിന്റെ വെപ്രാളമാണ്. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ നിയമപരമായി പരാതി കൊടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. പകരം, നിയമവിരുദ്ധമായ കാര്യങ്ങളുടെ പിറകേയാണ്. നിരപരാധിത്വം തെളിയിക്കാൻ നിയമപരമായി അവസരമുള്ളപ്പോൾ എന്തിനാണ് ഈ മാർഗം? 

സ്വർണക്കടത്തു കേസിൽ അന്വേഷണത്തിനു പ്രധാനമന്ത്രിക്കു കത്തെഴുതിയ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം എതിരായപ്പോൾ ജുഡീഷ്യൽ കമ്മിഷനെ വച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള കമ്മിഷനെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും കാലാവധി നീട്ടിക്കൊടുത്തു. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി വൈകിട്ട് എങ്ങോട്ടാണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ. ദിവസവും ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിക്കും. അങ്ങയുടെ ഓഫിസിൽ ഇരുന്ന് ഇതു പോലുള്ള നിഴൽ സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ചു യാത്ര ചെയ്യുകയും നടക്കുകയും ഉണ്ണുകയും ചെയ്ത് രാത്രി രണ്ടു മണിക്കാണു പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ. അവിടെ രാമായണം വായിക്കുകയായിരുന്നോ? ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്കു ചോദിക്കുകയാണ്. സ്വപ്നം പറയുന്നത് കള്ളമാണെന്നു പറയാൻ ഇവർ ഇറക്കിയ ആളുടെ പേര് കേട്ടാൽ തന്നെ ചിരി വരും. സർക്കാരിന് ഏറ്റവും കൂടുതൽ വിശ്വാസ്യത ഉള്ള ആളാണു സോളർ കേസിലെ പരാതിക്കാരി. 

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജുമായി 29 അല്ല 32 വർഷത്തെ ബന്ധമുണ്ട്. ലോ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണ്. കൂടെ പഠിച്ചവനെ അറിയില്ലെന്നു പറയാൻ കഴിയുമോ? (കൃഷ്ണരാജൻ സതീശന്റെ അടുപ്പക്കാരനാണെന്ന് ഭരണപക്ഷത്തു നിന്ന് വി.ജോയ് ആരോപണം ഉന്നയിച്ചിരുന്നു). 

∙ എൻ.ഷംസുദീൻ: ഗുരുതരമായ ആരോപണം വന്നിട്ടും പിപ്പിടി വിദ്യ വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങൾ പറയുന്നു ഈ ചെപ്പടിവിദ്യകൊണ്ടെന്നും മുഖ്യമന്ത്രിക്കു രക്ഷപ്പെടാനാകില്ല. സ്വർണക്കടത്ത് ആരോപണങ്ങൾ‌ വഴി തിരിച്ചുവിടാനാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. 

∙ മാത്യു കുഴൽനാടൻ: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേ? എന്തു കൊണ്ട് നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തി? കോൺസുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്ന് എം.ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. കുറച്ചു മണിക്കൂർ കൊണ്ട് വിദേശത്ത് എത്തിക്കാൻ കഴിയുന്ന ബാഗ് കൊടുത്തു വിടാൻ എന്തിനാണ് സ്വപ്നയുടേയും കോൺസൽ ജനറലിന്റെയും സഹായം? സ്വപ്ന ക്ലിഫ് ഹൗസിൽ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സിപിഎം എംഎൽഎയ്ക്കോ സിപിഎം നേതാവിനോ ക്ലിഫ് ഹൗസിൽ വരാൻ കഴിയുമോ? 

∙ മോൻസ് ജോസഫ്: ഒരു പ്രതിയെ വെള്ളപൂശുന്നു. മറ്റൊരു പ്രതിക്ക് എതിരെ കേസെടുക്കുന്നു. മുഖ്യമന്ത്രി എന്തു പറയുന്നുവെന്നു കേൾക്കാൻ ഭരണപക്ഷവും കാത്തിരിക്കുകയാണ്. 

∙ കെ.കെ.രമ: മടിയിൽ കനമുള്ള ഒളിച്ചോടലാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഈന്തപ്പഴം വിതരണം ചെയ്യുന്ന കുറിയർ സർവീസുകാരണോ സംസ്ഥാന സർക്കാർ?

English Summary: Opposition attacks government on Diplomatic Baggage Gold Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com