നിയമസഭയിൽ അസാധാരണ നിയന്ത്രണങ്ങൾ; പ്രതിപക്ഷത്തെ സെൻസർ ചെയ്ത് സഭാ ടിവി

HIGHLIGHTS
  • പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ പോകാനും വിലക്ക്
sabha-tv
SHARE

തിരുവനന്തപുരം ∙ നിയമസഭയിൽ മാധ്യമപ്രവർത്തകർക്കു നിയന്ത്രണം; വാർത്തകൾക്കും ദൃശ്യങ്ങൾക്കും സെൻസറിങ്. മീഡിയ റൂമിലും പ്രസ് ഗാലറിയിലുമല്ലാതെ മറ്റെവിടെയും പ്രവേശനമില്ലെന്നു മാധ്യമപ്രവർത്തകരെ അറിയിച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധിച്ചതു കാരണം, അവരിലേക്കു ഫോക്കസ് ചെയ്യുന്ന ക്യാമറയിൽ‌നിന്നുള്ള ദൃശ്യങ്ങൾ സഭാ ടിവിയിലെ തൽസമയ സംപ്രേഷണത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. നടപടികൾ സ്പീക്കറുടെ ഓഫിസിലെ നിർദേശ പ്രകാരമാണെന്നാണ് അധികൃതർ വിശദീകരിച്ചത്.

രാവിലെ പതിവുപോലെ പ്രധാന കവാടം വഴി സഭാ വളപ്പിലേക്കു കയറാൻ ശ്രമിച്ച ചാനൽ വാഹനങ്ങളോട് ഇതുവഴി പറ്റില്ലെന്നും വലത്തേ ഗേറ്റിലൂടെ പോകണമെന്നും സുരക്ഷാ ജീവനക്കാർ നിർദേശിച്ചു. എന്നാൽ, അൽപം കഴിഞ്ഞ്‌ പ്രധാന ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചു. സഭാമന്ദിരത്തിന്റെ വാതിൽക്കലും കർശന പരിശോധനയായിരുന്നു. 

യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലേക്കു മാധ്യമപ്രവർത്തകർ നീങ്ങിയപ്പോൾ അവിടെ നിൽക്കാൻ പാടില്ലെന്നായി വാച്ച് ആൻഡ് വാർഡ്. മീഡിയ റൂമിലോ പ്രസ് ഗാലറിയിലോ മാത്രമേ ഇരിക്കാവൂ എന്നു സ്പീക്കറുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.

ഇതു വാർത്തയായതോടെ സ്പീക്കറുടെ പ്രതിനിധിയെത്തി നിയന്ത്രണമില്ലെന്ന് അറിയിച്ചെങ്കിലും സഭാ മന്ദിരത്തിന്റെ പല ഭാഗങ്ങളിലും പിന്നെയും തടഞ്ഞു. 

ചോദ്യോത്തര വേളയിലെ പ്രതിപക്ഷം പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഒഴിവാക്കിയാണ് തൽസമയ സംപ്രേഷണമെന്നു ചൂണ്ടിക്കാട്ടിയപ്പോഴും മറുപടി ലഭിച്ചില്ല. പ്രതിപക്ഷ എംഎൽഎമാർ ദൃശ്യങ്ങൾ പകർത്തി ചാനലുകൾക്കു കൈമാറി. 

സഭ നിർത്തിവച്ചപ്പോഴുള്ള പ്രതിഷേധം പ്രസ് ഗാലറിയിൽ ഇരുന്ന ചില മാധ്യമപ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചെങ്കിലും വാച്ച് ആൻഡ് വാർഡ് തടഞ്ഞു.

മാധ്യമവിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി.വിഷ്ണുനാഥ് സ്പീക്കർക്കു കത്തു നൽകി. 

∙ ‘മാധ്യമപ്രവർത്തകർ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസുകളിലേക്കു പോകുന്നതു വാച്ച് ആൻഡ് വാർഡ് വിലക്കിയെന്നു മനസ്സിലായ ഉടൻ ചീഫ് മാർഷലിനെ വിളിച്ചുവരുത്തി അതു പാടില്ലെന്നു നിർദേശിച്ചു. സഭയിൽ പ്ലക്കാർഡും ബാനറും പ്രദർശിപ്പിക്കാൻ പാടില്ലെന്നതു സഭാ ചട്ടമാണ്.  അതു സഭാ ടിവിയിൽ കാണിക്കാനും പാടില്ല.’ – സ്പീക്കർ എം.ബി.രാജേഷ്

English Summary: Unusual restrictions in Kerala Assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS