‘മുഖ്യമന്ത്രി തന്റെ ശ്രദ്ധയെ ഒന്നു ശ്രദ്ധിക്കണം’; സ്വർണം പൊള്ളിച്ചു, കുഴൽനാടൻ നോവിച്ചു

pinarayi-vijayan-and-mathew-kuzhalnadan
പിണറായി വിജയൻ, മാത്യു കുഴൽനാടൻ
SHARE

പുറത്തു രാഷ്ട്രീയ ചർച്ചകളെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന ‘സ്വർണം’ ഒടുവിൽ നിയമസഭയ്ക്കകത്തും കത്തിപ്പടർന്നു. വീണാ വിജയനെ അതിനിടയിൽ മാത്യു കുഴൽനാടൻ പരാമർശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ പൊള്ളിച്ചു. പുലർത്തി വന്ന ശാന്തത അദ്ദേഹം വിട്ടു. 57 മിനിറ്റ് നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗം ശാന്തമായി കേട്ടിരുന്ന പ്രതിപക്ഷത്തെയും അത് ഉണർത്തി.

അവരുടെ യുക്തി ലളിതമായിരുന്നു: സരിത നായരെ വിളിച്ചു വരുത്തി എഴുതി വാങ്ങിച്ച പരാതിയിന്മേൽ, കേരളം ആദരിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാമെങ്കിൽ അതേ സിബിഐ അന്വേഷിക്കണം എന്ന സ്വപ്ന സുരേഷിന്റെ ആവശ്യം അംഗീകരിക്കാൻ പിണറായി വിജയൻ തയാറുണ്ടോ ?

പ്രതിപക്ഷ നേതാവിന്റെ ആ ചോദ്യം തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി തള്ളി. സംസ്ഥാനത്തെ അന്വേഷണം ഒത്തുകളിയാണെന്ന് സരിത ആരോപിച്ചതു കൊണ്ടാണ് സിബിഐക്കു വിട്ടത്. ഇവിടെ അതു പ്രസക്തമല്ല എന്നു വ്യംഗ്യം.

രാഹുലിന്റെ ഓഫിസ് ആക്രമണം സഭാ സ്തംഭനത്തിൽ കലാശിച്ച ആദ്യ ദിനത്തിനു ശേഷം സ്വർണക്കടത്തുമായി പ്രതിപക്ഷം വരുമെന്ന് ഭരണപക്ഷത്തിനും തീർച്ചയായിരുന്നു. പ്രതിപക്ഷത്തെയും ഒരു വേള അമ്പരപ്പിച്ച് അടിയന്തരപ്രമേയം ചർച്ചയ്ക്ക് എടുക്കാമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതുകേട്ട് പ്രതിപക്ഷം വിളറിയെന്നു കെ.കെ.ശൈലജ. മുൻപ് കൊണ്ടു വന്നപ്പോൾ ചർച്ചയ്ക്കു തയാറാവാത്ത സർക്കാർ ഇത്തവണ നിർബന്ധിതമായെന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ജനമനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ മാത്രമാണ് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് ഷാഫി പറമ്പിൽ ആ ചോദ്യങ്ങൾ നിറച്ച പ്രമേയം അവതരിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പലതിനും ‘ശ്രദ്ധയിൽപെട്ടിട്ടില്ല’ എന്ന മറുപടി നൽകിയ മുഖ്യമന്ത്രിയെ ഷാഫി പരിഹസിച്ചു : മുഖ്യമന്ത്രി തന്റെ ശ്രദ്ധയെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ഷാഫി അവതാരമായി വിശേഷിപ്പിച്ച ഷാജ് കിരൺ, രമേശ് ചെന്നിത്തലയുടെയും കുമ്മനം രാജശേഖരന്റെയും കൂടെ നിൽക്കുന്ന ചിത്രങ്ങളെടുത്ത് വീശി വി. ജോയി പ്രതിപക്ഷത്തെ ഇരുത്താൻ നോക്കി. ഫെയ്സ് ബുക്കിലെ ആ ചിത്രങ്ങൾക്കു ബദലായി അതേ ഫെയ്സ്ബുക്കിൽ ഷാജ് ‘ ഇരട്ടച്ചങ്കന് ലാൽസലാം’ അർപ്പിക്കുന്ന കുറിപ്പ് എൻ.ഷംസുദ്ദീൻ ഉദ്ധരിച്ചു സ്കോർ തുല്യ നിലയിലാക്കി.

സഭയിൽ നിറഞ്ഞു തുളുമ്പിയ പിണറായി വിജയൻ സ്തുതികൾക്ക് എ.എൻ.ഷംസീർ മറ്റൊരു മാനം കണ്ടെത്തി: ‘ മത ന്യൂനപക്ഷങ്ങൾക്ക് ഇന്ന് വിശ്വസിക്കാൻ പറ്റിയ മുഖം പാണക്കാട് തങ്ങളുടേതല്ല, പിണറായി വിജയന്റേതാണ്’.

മുഖ്യമന്ത്രിയെ ‘കൂപമണ്ഡൂകം’ എന്നു സതീശൻ പുറത്തു വിശേഷിപ്പിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. അതു വാക്യാർഥത്തിൽ എടുക്കരുതെന്നും മുഖ്യമന്ത്രി ഇടുങ്ങിയ ചിന്താഗതി പുലർത്തരുത് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും സതീശൻ വിശദീകരിച്ചു. സാകിയ ജാഫ്രിയെ സോണിയ ഗാന്ധി സാന്ത്വനിപ്പിച്ചോ എന്ന തർക്കത്തിൽ സഭയ്ക്കു പുറത്ത് ഏറ്റുമുട്ടിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അകത്തും കോർത്തു. കോൺഗ്രസ് അവരെ ചേർത്തു പിടിച്ചില്ലെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിനെ ഉദ്ധരിച്ച് സ്ഥാപിക്കാനായി പിണറായിയുടെ ശ്രമം.

പി.കെ.കുഞ്ഞാലിക്കുട്ടി ഉപദേശിച്ചാൽ പ്രതിപക്ഷം നന്നാകുമെന്ന് കെ.ടി.ജലീലിനു തോന്നുന്നത് അപൂർവം. ഷാർജ സുൽത്താന് കേരളത്തിന്റെ മുഖ്യമന്ത്രിയും ഭാര്യയും ചേർന്ന് കൈക്കൂലി കൊടുക്കാൻ നോക്കി എന്നെല്ലാം ആരോപിക്കുന്നതിലെ അസംബന്ധം കുഞ്ഞാലിക്കുട്ടി പറഞ്ഞു കൊടുക്കണം എന്നായി ജലീലിന്റെ അഭ്യർഥന.

ക്രിമിനൽ കേസ് പ്രതിയായ സ്വപ്നയുടെ വക്കാലത്തുമായി പ്രതിപക്ഷം എന്ന പരിഹാസം ഉടനീളം ഭരണപക്ഷം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അവരെ വിശ്വാസമാണെന്നു കരുതേണ്ടിവരുമെന്ന് മന്ത്രി വീണാ ജോർജും കുത്തി. സരിതയുടെ ആരോപണങ്ങളുടെയും പരാതിയുടെയും പേരിൽ സമര പരമ്പര തൊട്ട് സിബിഐ അന്വേഷണത്തിനു വരെ തയാറായവർ സ്വപ്നയുടെ വിശ്വാസ്യത സന്ദേഹിക്കുമ്പോൾ ചിരിക്കാതെ തരമില്ലെന്നായി സതീശൻ.

‘രണ്ടാം എപ്പിസോഡിൽ’ സ്വപ്നയ്ക്കു സംരക്ഷണം നൽകുന്ന എച്ച്ആർഡിഎസിന്റെ സംഘപരിവാർ ബന്ധത്തിലാണ് മറുപടിയിൽ മുഖ്യമന്ത്രി പ്രധാനമായും ഊന്നിയത്. ‘തീയില്ലാത്ത പുകയാണ് ഇവർ പറയുന്ന പുകിൽ’ എന്നു മുഖ്യമന്ത്രി ചുരുക്കി. സംഘപരിവാർ ചെല്ലും ചെലവും കൊടുത്തു വളർത്തിയ സ്വപ്നയെ മുൻപ് ചെല്ലും ചെലവും കൊടുത്തു വളർത്തിയത് സർക്കാരും മുഖ്യമന്ത്രിയുടെ ഓഫിസും അല്ലേ എന്ന മർമഭേദിയായ ചോദ്യം സതീശൻ ഉയർത്തി. പക്ഷേ മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അവർ അന്ന് കോൺസൽ ജനറൽ ജീവനക്കാരി മാത്രം.

പൊതു ഭരണ ചർച്ചയിലും കത്തിപ്പടർന്നത് രാഷ്ട്രീയം തന്നെ. തൃക്കാക്കരയും വിമാന പ്രതിഷേധവും അതു ചൂടുപിടിപ്പിച്ചു. മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞ യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ ഇ.പി.ജയരാജനെ വിമർശിക്കുന്നവരോട് പി.എസ്.സുപാലിന് നല്ല അരിശമുണ്ട്: ‘ജയരാജൻ പിന്നെ അവരെ ഉമ്മ വയ്ക്കേണ്ടിയിരുന്നോ?’ സുപാൽ രോഷത്തോടെ ചോദിച്ചു.

ഇന്നത്തെ വാചകം

‘ജേക്കബ് തോമസ് സ്രാവുകൾക്കൊപ്പം നീന്തിയാൽ കേസ്, ശിവശങ്കർ അശ്വത്ഥാമാവിനെക്കൊണ്ട് ആന കളിപ്പിച്ചാൽ ഒരു കേസും ഇല്ല. അതാണ് പിണറായിയുടെ നീതി’ – ഷാഫി പറമ്പിൽ 

Content Highlights: Kerala Assembly, Naduthalam, Diplomatic Baggage Gold Smuggling, Pinarayi Vijayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS