എഫ്എച്ച്ഡബ്ല്യു കോഴ്സിന് അംഗീകാരമില്ല; ആശങ്കയിൽ നാലായിരത്തോളം വിദ്യാർഥികൾ

kannur news
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ കേരളത്തിലെ വി എച്ച്എസ്ഇ സ്കൂളുകളിൽ ഏകദേശം നാലായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നത് അംഗീകാരമില്ലാത്ത വൊക്കേഷനൽ കോഴ്സ്. വിഎച്ച്എസ്ഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ (എഫ്എച്ച്ഡബ്ല്യു) കോഴ്സിനാണ് അംഗീകാരമില്ലാത്തത്. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് 2021ൽ റദ്ദാക്കിയ 21 കോഴ്സുകളുടെ കൂട്ടത്തിൽ ഉള്ളതാണ് ഈ കോഴ്സും. ഡെന്റൽ അസിസ്റ്റന്റ്, സ്പീച്ച് ആൻഡ് ഓഡിയോ തെറപ്പി അസിസ്റ്റന്റ് കോഴ്സുകളും 2021 ഫെബ്രുവരി 17ലെ വി‍ജ്ഞാപന പ്രകാരം റദ്ദാക്കിയതാണെങ്കിലും ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ കോഴ്സ് മാത്രം വിഎച്ച്എസ്ഇ നിലനിർത്തി. ഇതുപ്രകാരം പ്രവേശനം നേടിയ വിദ്യാർഥികളാണ് ഇപ്പോൾ ദുരിതത്തിലായത്. രണ്ടാംവർഷക്കാരായ ഇവർ കോഴ്സ് പൂർത്തിയാക്കുമ്പോൾ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കേരളത്തിൽ 130 ബാച്ചുകളിലാണ് ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ കോഴ്സ് പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിജ്ഞാപനം വന്നിട്ടും കോഴ്സുകൾ വിഎച്ച്എസ്ഇ തുടരുകയായിരുന്നെന്നു വിദ്യാർഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. ഭാവിയിൽ അംഗീകാരം നേടിയെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. കോഴ്സിന് അംഗീകാരം നൽകുന്ന കാര്യത്തിൽ എത്രയും പെട്ടെന്നു തീരുമാനം കൈക്കൊള്ളണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ അധ്യയനവർഷം ഈ കോഴ്സ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്താവുന്ന പുതിയ കോഴ്സുകളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

നേരത്തേ വിഎച്ച്എസ്ഇ കോഴ്സുകളിൽ ഏറെ പ്രചാരമുണ്ടായിരുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) കോഴ്സാണ് ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി (എൻ എസ്ക്യുഎഫ്) നടപ്പാക്കിയതിന്റെ ഭാഗമായി ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ എന്ന പേരിലേക്കു മാറിയത്. ഏറെ അവസരങ്ങളുണ്ടായിരുന്ന എംഎൽടി ഒഴിവാക്കി, ആശാ വർക്കർമാർ ചെയ്യുന്ന ജോലിയാണ് ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ കോഴ്സിൽ ഇപ്പോൾ വിദ്യാർഥികൾ പഠിക്കുന്നത്.

എൻഎസ്ക്യുഎഫ് നടപ്പാക്കിയതോടെ അടിക്കടി വൊക്കേഷനൽ കോഴ്സുകൾ മാറുന്നത് ഏറെ വലയ്ക്കുന്നത് വിദ്യാർഥികളെയും അധ്യാപകരെയുമാണ്. മാത്രമല്ല, കോഴ്സുകൾ മാറുന്നതിനനുസരിച്ച് ലാബ് സൗകര്യങ്ങൾ മാറ്റേണ്ടി വരുന്നതും പാഴ്ച്ചെലവുണ്ടാക്കുന്നു. കേരളത്തിലെ സാഹചര്യങ്ങളിൽ, യാതൊരു പ്രസക്തിയുമില്ലാത്ത, ജോലിസാധ്യത തീരെ കുറഞ്ഞ കോഴ്സുകൾ പഠിപ്പിക്കേണ്ടി വരുന്നത് വിഎച്ച്എസ്ഇയുടെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കുകയാണ്.

English Summary: Kerala VHSE FHW course

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS