ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ റബർ സ്റ്റാംപിനെയല്ല, നിഷ്പക്ഷമായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രപതിയെയാണു രാജ്യത്തിനാവശ്യമെന്നു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. സ്ഥാനാർഥിയെന്ന നിലയിൽ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനു സിൻഹ കേരളത്തിൽ തുടക്കമിട്ടു. നിയമസഭാ മന്ദിരത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാരെയും എംപിമാരെയും പ്രത്യേകമായി കണ്ട് വോട്ടഭ്യർഥിച്ചു. കേരളത്തിലെ മുഴുവൻ വോട്ടുകളും ലഭിക്കുന്നതിൽ നന്ദിയും ആഹ്ലാദവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക നൽകിയതു സ്ഥാനാർഥിയല്ല, പ്രധാനമന്ത്രിയാണെന്നും ഇതൊരു സൂചനയാണെന്നും സിൻഹ പറഞ്ഞു. പ്രതിഭ പാട്ടീൽ പത്രിക നൽകിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് സ്ഥാനാർഥിക്കു പിന്നിൽ നിന്നു പിന്തുണയ്ക്കുകയാണു ചെയ്തത്. ഇവിടെ രാഷ്ട്രപതി സ്ഥാനാർഥി നിശബ്ദയായിരിക്കുന്നതാണു രാജ്യം കണ്ടത്. സർക്കാർ ഭരണഘടനാ ലംഘനം നടത്തുമ്പോൾ അതു ബോധ്യപ്പെടുത്താൻ കഴിയുന്ന, അങ്ങനെ ചെയ്യുന്നതിൽ ഭയപ്പെടാത്ത ഒരു രാഷ്ട്രപതിയെയാണ് ഇന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്.

എൽഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിലായിരുന്നു. യശ്വന്ത് സിൻഹ ഗാന്ധിഭവനിൽ പൗരസ്വീകരണത്തിലും പങ്കെടുത്തു. ഇന്നു തമിഴ്നാട്ടിലെത്തും.

English Summary: President candidate yashwant sinha against Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com