ADVERTISEMENT

മലപ്പുറം ∙ കോളജിൽ പഠിച്ചതു രസതന്ത്രമാണെങ്കിലും ടി.ശിവദാസമേനോന്റെ വൈഭവം ഭരണതന്ത്രത്തിലായിരുന്നു. യുക്തിയും അറിവും കൃത്യമായ അളവിൽ ചേർത്തുള്ള നൂതനമായ പല ആശയങ്ങളും അദ്ദേഹം മലയാളിക്കു മുൻപിൽ അവതരിപ്പിച്ചു. ഹൈസ്കൂൾ അധ്യാപകനിൽനിന്ന് കേരളം കണ്ട മികച്ച നേതാക്കളിൽ ഒരാളായി ശിവദാസമേനോൻ മാറിയതിനു പിന്നിൽ മറ്റു രാഷ്ട്രീയ സമവാക്യങ്ങൾ തപ്പിപ്പോകേണ്ടതില്ല. തീരുമാനമെടുക്കാനുള്ള കഴിവ്, എടുത്ത തീരുമാനം നടപ്പാക്കാനുള്ള നിശ്ചയദാർഢ്യം – രണ്ടുവട്ടം മന്ത്രിയായ ശിവദാസ മേനോൻ ഈ രണ്ടുകാര്യങ്ങളുടെയും മിശ്രിതമായിരുന്നു.

കമ്യൂണിസ്റ്റ് ആശയങ്ങളിലും ആദർശത്തിലും കടുകിട വിട്ടുവീഴ്ചയില്ലാത്ത ഈ ‘ഹെഡ് മാഷ്’ ആയുസ്സിന്റെ നവതി പിന്നിട്ട ശേഷമാണ് വിട പറഞ്ഞത്. ജൂൺ 14ന് ആയിരുന്നു 90–ാം പിറന്നാൾ. ഇഎംഎസ് ജനിച്ചത് ജൂൺ 13ന് ആണെങ്കിൽ ശിവദാസ മേനോൻ ജനിച്ചത് ജൂൺ 14ന്. വള്ളുവനാട്ടുകാരായ രണ്ട് ഒന്നാം നിര കമ്യൂണിസ്റ്റ് നേതാക്കളുടെ പിറന്നാൾ തൊട്ടടുത്ത ദിവസങ്ങളിലായത് കൗതുകകരമായ യാദൃച്ഛികത.

സമരം ചെയ്യുന്ന അധ്യാപകൻ

അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായാണ് ടി.ശിവദാസ മേനോൻ അറിയപ്പെട്ടത്. അതിനൊരു കാരണവുമുണ്ട്. അധ്യാപകർക്കു വേണ്ടി സമരം ചെയ്താണ് രാഷ്ട്രീയ പ്രവേശം. ബിരുദവും അധ്യാപന പരിശീലനവും കഴിഞ്ഞ് മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായി. അന്നത്തെ കാലത്ത് എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കുള്ള ശമ്പളം സർക്കാർ സ്കൂൾ മാനേജർമാർക്കാണു നൽകുക. മാനേജർക്കു തോന്നുന്നൊരു തുക അധ്യാപകനു നൽകും. മാനേജരെന്ന ഇടനിലക്കാരനെ ഒഴിവാക്കി അധ്യാപകർക്കു സർക്കാർ നേരിട്ടു ശമ്പളം നൽകണമെന്ന ആവശ്യമുയർത്തിയായിരുന്നു ആദ്യ പ്രതിഷേധം. മാനേജർമാരുടെ നിയന്ത്രണത്തിലായിരുന്ന ടീച്ചേഴ്സ് ഗിൽഡ് എന്ന സംഘടനയിൽനിന്നു മാറി സൗത്ത് മലബാർ ഹൈസ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. ശിവദാസ മേനോൻ ആയിരുന്നു സെക്രട്ടറി.

കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻ മലബാർ റീജനൽ പ്രസിഡന്റ്, കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ പദവികളും പിന്നീട് അദ്ദേഹം വഹിച്ചു. മണ്ണാർക്കാട് കെടിഎം സ്കൂളിൽ 1952 ൽ അധ്യാപകനായി ജോലിക്കു കയറിയ അദ്ദേഹം 1956 ൽ പ്രധാനാധ്യാപകനായി. 1977 ൽ വിആർഎസ് വാങ്ങി സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

നിലപാടുകളുടെ കടുപ്പം

മണ്ണാർക്കാട് പെരുമ്പിടാരി തച്ചങ്ങോട് വി.എസ്.കെ.പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി ജന്മി കുടുംബത്തിലാണ് ജനനമെങ്കിലും ദുരിതമനുഭവിക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്കൊപ്പമായിരുന്നു മനസ്സ് എപ്പോഴും. ആദ്യമായി അറസ്റ്റ് വരിക്കുന്നതും റിമാൻഡിൽ കഴിയുന്നതും ഇത്തരമൊരു കാര്യത്തിനു വേണ്ടിയായിരുന്നു. പെരുമ്പിടാരിയിലെ ഒരു കുളത്തിൽ കുളിച്ചെന്നു പറഞ്ഞ് ഭൂവുടമ താഴ്ന്ന ജാതിക്കാരനെ മർദിച്ചു. പരാതിയെത്തിയത് ശിവദാസമേനോനു മുൻപിൽ. എന്നാൽ പിന്നെ നാളെ എല്ലാവരുടെയും കുളി ആ കുളത്തിലെന്ന് ശിവദാസമേനോൻ. പിറ്റേന്നു പുലർച്ചെ നൂറിലധികം പേർ ചേർന്ന് ആ കുളം കലക്കി; സംഘർഷമായി. പൊലീസ് എത്തി. മേനോൻ അറസ്റ്റിൽ. രണ്ടുദിവസമേ റിമാൻഡിൽ കിടക്കേണ്ടി വന്നുള്ളൂ എങ്കിലും ആ അനുഭവം ഭയാനകമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അടിസ്ഥാന മാനുഷിക പരിഗണന പോലും ലഭ്യമല്ലാത്ത ഇടമായിരുന്നു അന്നത്തെ ജയിലുകൾ. താഴ്ന്ന ജാതിക്കാർ കുളിച്ചാൽ കുളം അശുദ്ധമാകുമെങ്കിൽ ജന്മിയുടെ പാടത്ത് കൊയ്യാനുമിറങ്ങേണ്ട എന്ന തീരുമാനം വന്നതോടെ ഭൂവുടമകൾ അയഞ്ഞു. കുളം പ്രശ്നം പരിഹരിക്കപ്പെട്ടു.

പിൽക്കാലത്ത്, കോഴിക്കോട് എസിപി രാധാകൃഷ്‌ണപിള്ളയെ യൂണിഫോമിടാതെ കണ്ടാൽ തല്ലിക്കോളാനുള്ള എം.വി.ജയരാജന്റെ ആഹ്വാനം വിവാദമായ സന്ദർഭത്തിൽ ടി.ശിവദാസമേനോന്റെ പ്രതികരണം ഇതായിരുന്നു: ‘കണ്ണൂരിൽ ജയരാജൻ പറഞ്ഞതിന് ഒരു ഭേദഗതിയുണ്ട്, യൂണിഫോം അഴിച്ചുവച്ചാൽ തല്ലാമെന്നല്ല, യൂണിഫോമോടെ കണ്ടാൽ അടിക്കണമെന്നാണ് എന്റെ അഭിപ്രായം. കുട്ടികളെ തല്ലിയാൽ അടിക്കണം. ഇങ്ങോട്ടു തല്ലിയാൽ അങ്ങോട്ടും തല്ലും. ഇങ്ങോട്ട് അക്രമം കാട്ടിയാൽ ചവിട്ടി നീളംവലിക്കും’

അമ്മാവനെ തോൽപിച്ച് തുടക്കം

മൂന്നു തവണ എംഎൽഎയും 2 തവണ മന്ത്രിയുമായി. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം അമ്മാവനെതിരെയായിരുന്നു. 1961 ൽ മണ്ണാർക്കാട് പഞ്ചായത്ത് ബോർഡ് തിരഞ്ഞെടുപ്പിലാണ് ടി.നാരായണൻകുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും പോരാടിയത്. സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മത്സരം. അമ്മാവൻ തുലാസ് ചിഹ്നത്തിലും മരുമകൻ സൈക്കിൾ ചിഹ്നത്തിലും. നല്ല വോട്ട് വ്യത്യാസത്തിൽ ശിവദാസ മേനോൻ വിജയിച്ചു. 1977, 1980, 1984 വർഷങ്ങളിൽ പാലക്കാട്ടുനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1987 ൽ മലമ്പുഴയിൽ നിന്ന് നിയമസഭയിലേക്ക്. കോൺഗ്രസിലെ എ.തങ്കപ്പൻ ആയിരുന്നു മുഖ്യ എതിരാളി. പതിനായിരത്തിലധികം വോട്ടിന് മേനോൻ വിജയിച്ചു. ആഹ്ലാദപ്രകടനത്തിന് തുറന്ന ജീപ്പിൽ നിൽക്കുമ്പോഴാണ് സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്ന് കമ്പിയെത്തുന്നത്. നാളെ രാവിലെ തിരുവനന്തപുരത്തെത്തണം. ടാക്സി വിളിച്ച് പോയി. കുളിച്ചു ഫ്രഷായിക്കോളൂ, പുന്നപ്ര വയലാർ വരെ ഒന്നു പോകണം എന്നായിരുന്നു അടുത്ത നിർദേശം. മന്ത്രിമാരാകുന്നവരെല്ലാം പുന്നപ്ര വയലാർ രക്തസാക്ഷി കുടീരത്തിൽ അഭിവാദ്യമർപ്പിക്കുന്ന പതിവുണ്ട്. മന്ത്രി പദവിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ഗ്രാമവികസനവും വൈദ്യുതിയുമായിരുന്നു വകുപ്പുകൾ. 1991,96 വർഷങ്ങളിലും മലമ്പുഴ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ഭൂരിപക്ഷമുയർത്തി. 1996 ൽ വീണ്ടും മന്ത്രിസ്ഥാനം; ധനകാര്യവും എക്സൈസുമായിരുന്നു വകുപ്പുകൾ.

വെളിച്ചം പ്രശ്നമാണുണ്ണീ

ബൾബ് കത്തുന്നുണ്ടോയെന്നറിയാൻ ടോർച്ചടിച്ചു നോക്കണം. മലബാറിലെ വോൾട്ടേജ് ഈ വിധമായിരുന്ന ഒരു കാലമുണ്ട്. അതിനു മാറ്റം വരുത്താനുള്ള നടപടികൾക്കു തുടക്കമിട്ടത് ശിവദാസ മേനോനെന്ന വൈദ്യുതി മന്ത്രിയായിരുന്നു. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ കരാറുകാരിൽനിന്നു സഹകരണ സംഘങ്ങൾക്ക് ഏൽപിച്ചു കൊടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനമന്ത്രിയായ ശിവദാസമേനോൻ തന്റെ ഒരു ബജറ്റിൽ ഉപയോഗിച്ച ഉദ്ധരണി ‘we shall overcome’ എന്നായിരുന്നു. അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റിൽ നിന്നു കടമെടുത്ത പ്രയോഗം.

ക്ലാസെടുക്കും പോലെ പ്രസംഗം

വടിയെടുത്തല്ല, സ്വതസിദ്ധമായ നർമം കൊണ്ടും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾകൊണ്ടുമായിരുന്നു ശിവദാസമേനോന്റെ അധ്യാപനം. അതു ക്ലാസ് മുറിയാകട്ടെ, പാർട്ടി ക്ലാസ് ആകട്ടെ, പൊതുസമ്മേളനങ്ങളാകട്ടെ; ലളിതസുന്ദരമായ ഭാഷയിൽ നർമത്തിന്റെ മേമ്പൊടി ചേർത്ത് കാര്യങ്ങൾ അവതരിപ്പിക്കും. കഥ പറയും പോലെ, ക്ലാസെടുക്കും പോലെയുള്ള പ്രസംഗം.

അദ്ദേഹം നൽകിയ ഉപദേശത്തെക്കുറിച്ച് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞതിങ്ങനെ ‘ഒരിക്കൽ എന്റെ പ്രസംഗത്തിൽ ജാജ്വല്യമായ എന്ന പദം കടന്നു വന്നു. പ്രസംഗം കഴിഞ്ഞപ്പോൾ മാഷ് ചെവിയിൽ പറഞ്ഞു. എന്താടോ നിനക്ക് ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ പോരേ’ ജാജ്വല്യമായാലും കൊള്ളാം അനർഗള നിർഗളമായാലും കൊള്ളാം. കേൾക്കുന്നവർക്ക് നിഘണ്ടു തപ്പി ഓടേണ്ടി വരരുത്. സിംപിൾ!

അമ്മമാരോടും ചേച്ചിമാരോടും മുത്തശ്ശിമാരോടും നിക്കരാഗ്വയിലെയും ഗ്വാട്ടിമാലയിലെയും കാര്യങ്ങൾ പറഞ്ഞ് വോട്ടുപിടിക്കാൻ ശ്രമിച്ചാൽ ‘പോയി പണി നോക്കാൻ’ അവർ പറയുമെന്നാണ് ഒരിക്കൽ അദ്ദേഹം സഹപ്രവർത്തകർക്കു നൽകിയ ഉപദേശം.

‘സാർവദേശീയ രംഗത്ത് അമേരിക്കൻ സാമ്രാജ്യത്വം പിടിമുറുക്കുന്നു, ഇന്ത്യ നവലിബറൽ നയങ്ങൾ കാരണം ബുദ്ധിമുട്ടുന്നു’ എന്നൊക്കെ പറഞ്ഞ് ചെന്നാൽ വോട്ട് കിട്ടില്ല. അമ്മേ, ചേച്ചീ, മുത്തശ്ശീ, ഞാൻ തിരഞ്ഞെടുപ്പിനു നിൽക്കുന്നുണ്ട്. എല്ലാ അനുഗ്രഹവും വേണം എന്നു മാത്രം പറഞ്ഞാൽ മതി, വോട്ട് ചോദിക്കേണ്ട.

മലമ്പുഴയിൽ മത്സരിച്ചപ്പോൾ ആനക്കല്ല് എന്ന സ്‌ഥലത്ത് കന്യാസ്‌ത്രീ മഠത്തിൽ 88 പേർക്കു വേണ്ടി പ്രത്യേക ബൂത്ത് ഏർപ്പെടുത്തുന്നതിനെ എതിർക്കണമെന്നു സഹപ്രവർത്തകർ. വേണ്ടെന്നു മേനോനും. ഒരു ദിവസം മഠത്തിൽ ചെന്ന് മദറിനെ കണ്ടു. അടുത്ത ഞായറാഴ്‌ച തനിക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തണമെന്നു മാത്രം അഭ്യർഥിച്ചു. ‘മോസ്‌റ്റ് ഗ്ലാഡ്‌ലി’ എന്നായിരുന്നു അവരുടെ മറുപടി. ആ ബൂത്തിലെ 88 വോട്ടും സ്വന്തം പെട്ടിയിൽ. 

‘കന്യാസ്‌ത്രീ മഠത്തിൽ ചെന്ന്, കത്തു കിട്ടിയില്ലേ? രാവിലെ തന്നെ വരണം, ഇതാണു ചിഹ്നം എന്നൊക്കെ പറഞ്ഞാൽ അവർ വേണ്ടതു ചെയ്യാം എന്നു പറയും. ചെയ്യുന്നതു നമുക്കു വേണ്ടതായിരിക്കില്ല; അവർക്കു വേണ്ടതായിരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

Content Highlights: T. Sivadasa Menon, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com