ADVERTISEMENT

കൊച്ചി ∙ നിയമസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു മുഴുവൻ പച്ചക്കള്ളമാണെന്നു നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. കോവിഡ് വിവര വിശകലനത്തിനായി സ്പ്രിൻക്ലർ കമ്പനിയുമായി കരാറുണ്ടാക്കി പൊതുജനങ്ങളുടെ ആരോഗ്യ ഡേറ്റ വിൽപന നടത്തിയതിന്റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണെന്നും വിവാദമായതോടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ബലിയാടാക്കിയെന്നും സ്വപ്ന കുറ്റപ്പെടുത്തി.

മാധ്യമങ്ങളുടെ മുന്നിലേക്കു മുഖ്യമന്ത്രിയും മകളും തന്നെ എറിഞ്ഞു കൊടുത്തെന്നു വേദനയോടെ ശിവശങ്കർ തുറന്നു പറഞ്ഞിരുന്നു. താൻ കോൺസൽ ജനറലിനൊപ്പവും ഒറ്റയ്ക്കും ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും പോയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും 2016 മുതൽ 2020 വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ ഇതു വ്യക്തമാണെന്നും അവർ പറഞ്ഞു. ഇൗ ദൃശ്യങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു

സ്വപ്നയുടെ ആരോപണങ്ങൾ:

∙ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവും സമ്മതവുമില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും ഒട്ടേറെ തവണ ക്ലിഫ് ഹൗസിൽ രഹസ്യയോഗം നടത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ഇത്തരം കൂടിക്കാഴ്ചകൾ ഒരുക്കിയതു താനാണ്. 

∙ ഷാർജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണു രാജ്ഭവനിലേക്കു നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ യാത്ര എഡിജിപി മനോജ് ഏബ്രഹാമിന്റെ സഹായത്തോടെ വഴി മാറ്റി വിട്ട് ക്ലിഫ് ഹൗസിലെത്തിച്ചത്. 

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഷാർജ ഭരണാധികാരിയും കുടുംബവുമായി ഒറ്റയ്ക്കു സംസാരിക്കാൻ വേണ്ടിയാണ് നിയമവിരുദ്ധമായ ഈ സന്ദർശനത്തിനു വഴിയൊരുക്കിയത്. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. എം.എ.യൂസഫലിയുടെ ടീം ഇതിനെ എതിർത്തപ്പോൾ താൻ മുന്നിട്ടിറങ്ങിയാണു രാജ്ഭവനിലേക്കുള്ള യാത്രയുടെ റൂട്ട് മാറ്റി ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിലെത്തിച്ചത്. 

വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ അദ്ദേഹത്തിന്റെ യാത്രാ രേഖകൾ പരിശോധിച്ചാൽ ക്ലിഫ് ഹൗസ് കൂടിക്കാഴ്ച നിയമവിരുദ്ധമാണെന്നു ബോധ്യപ്പെടും.

∙ രാജ്യാന്തര കൺസൽറ്റേഷൻ ഏജൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി (പിഡബ്ല്യുസി) വീണ വിജയനുള്ള ബന്ധം എല്ലാവർക്കും അറിയാം. അവരുടെ കൂട്ടുകച്ചവടങ്ങളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കൊടുത്തിട്ടുണ്ട്. ഇവരുടെ ബന്ധത്തിലൂടെയാണു സ്പേസ് പാർക്കിൽ തനിക്കു ജോലി ലഭിച്ചത്. 

സ്പ്രിൻക്ലർ വിവാദം കടുത്തപ്പോൾ എല്ലാം തുറന്നു പറഞ്ഞു പുറത്തുവരേണ്ടി വരുമെന്നും അങ്ങനെയെങ്കിൽ സ്പേസ് പാർക്കിലെ ജോലി രാജി വച്ചു പുറത്തു വരേണ്ടിവരുമെന്നും ശിവശങ്കർ മുന്നറിയിപ്പു നൽകിയിരുന്നു.

∙ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസിന്റെ ജാതകമെല്ലാം തനിക്കറിയാം. ഇത് ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ പക്കലുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വന്നു.

∙ മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന്റെ ഭാഗമായി കറൻസി ഒളിപ്പിച്ച ബാഗ് ശിവശങ്കറിന്റെ നിർദേശ പ്രകാരം നയതന്ത്ര ചാനൽ വഴി ദുബായിൽ എത്തിച്ചിരുന്നു. അതിൽ ഉപഹാരമാണെങ്കിൽ എന്തിന് നയതന്ത്ര ചാനൽ വഴി കൊടുത്തു വിട്ടു?

∙ വിവാദ ഇടനിലക്കാരൻ ഷാജ് കിരൺ തന്നെ കാണാൻ എത്തിയതു മുഖ്യമന്ത്രി അറിയാതെയാണെങ്കിൽ എന്തിനാണ് അതിന്റെ പേരിൽ എഡിജിപി എം.ആർ.അജിത്ത് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്? കെ.ടി.ജലീലിന്റെ പരാതിയിൽ തനിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടുപ്പിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണു ഷാജ് കിരണിനെതിരെ കേസെടുപ്പിക്കാത്തത് ?

∙ ഷാർജ ഭരണാധികാരിക്കു കൈക്കൂലി നൽകിയെന്നു താൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, എം.ശിവശങ്കർ എന്നിവർ ബിസിനസ് ആവശ്യങ്ങൾക്കു വേണ്ടി വിലകുറഞ്ഞ വാഗ്ദാനങ്ങളുമായി ഷാർജ ഭരണാധികാരികളുടെ കുടുംബാംഗങ്ങളെ സമീപിക്കാനൊരുങ്ങിയപ്പോൾ താൻ തടഞ്ഞുവെന്നാണു പറഞ്ഞത്.

മുൻമന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.

English Summary: Swapna Suresh against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com