ADVERTISEMENT

ശബരിമല∙ കഴിഞ്ഞ മാസ പൂജയ്ക്ക് അപ്പാച്ചിമേട് മല കയറുന്നതിനിടെ തീർഥാടകനു ഹൃദ്രോഗ ബാധ ഉണ്ടായപ്പോൾ ദേവസ്വം ബോർഡിന്റെ ഓഫ് റോഡ് ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതു ചരിത്രമായി. പരീക്ഷണം വിജയിച്ചതോടെ കുത്തനെയുള്ള നീലിമല പാതയിലൂടെ രോഗികളുമായി ഇനി ഓഫ് റോഡ് ആംബുലൻസ് അനായാസം കടന്നു പോകും. ‌ 

ശബരിമല കയറുന്നതിനിടെ അയ്യപ്പന്മാർക്ക് ഹൃദ്രോഗം കൂടുതലായി ഉണ്ടാകുന്നത് നീലിമല, അപ്പാച്ചിമേട് ഭാഗത്തുവച്ചായിരുന്നു. ഇവിടങ്ങളിലെ കയറ്റത്തിന്റെ കാഠിന്യം കുറച്ചും പടിക്കെട്ടുകൾ പൂർണമായും ഒഴിവാക്കി കരിങ്കല്ല് പാകിയും പുതിയ റോഡ് ഒരുങ്ങുകയാണ്. 

കേന്ദ്ര സർക്കാരിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ 11.75 കോടി രൂപ മുടക്കിയാണു പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ ദൂരത്തിൽ നവീകരണം നടത്തുന്നത്. മരക്കൂട്ടം മുതൽ അപ്പാച്ചിമേട് മുകൾഭാഗം വരെ കരിങ്കല്ലു പാകുന്ന ജോലി പൂർത്തിയായി. പമ്പ മുതൽ അപ്പാച്ചിമേട് മുകൾ ഭാഗം വരെയുള്ള 1.2 കിലോമീറ്റർ ഭാഗത്തെ പണികളാണ് ബാക്കിയുള്ളത്. 

100 ലേറെ വർഷം മുൻപ്, നീലിമല, അപ്പാച്ചിമേട് ഭാഗത്തു തീർഥാടകരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഭക്തരുടെ ചെലവിൽ കരിങ്കല്ല് കൊണ്ടുള്ള പടികൾ കെട്ടിയത്. ശബരിമല വികസനത്തിനു വനഭൂമി വിട്ടു കിട്ടിയ ശേഷം പടികൾ നിലനിർത്തിക്കൊണ്ടുതന്നെ പാതയുടെ വീതി കൂട്ടി പിന്നീടു കോൺക്രീറ്റ് ചെയ്തു. ഇവ പൂർണമായും പൊളിച്ചുമാറ്റിയാണ് ഇപ്പോൾ മുഴുവൻ ഭാഗവും കരിങ്കൽ പാളികൾ പാകുന്നത്. പണി നടക്കുന്നതിനാൽ ഇതുവഴി തീർഥാടകർ പോകുന്നതിനു നിയന്ത്രണമുണ്ട്. മരക്കൂട്ടം മുതൽ അപ്പാച്ചിമേട് മുകൾ ഭാഗം വരെ ഇപ്പോൾ ആംബുലൻസ് അനായാസം കടന്നു പോകും. 

നീലിമല പാതയിൽ കയറ്റം കൂടിയതായി ചില ഭക്ത സംഘങ്ങൾ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും ആക്ഷേപം ശരിയല്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. പണിക്കുള്ള സാധനങ്ങൾ ഇറക്കിയതിനാൽ കല്ലുകൾ കൂടിക്കിടക്കുന്നതിനാലാണു നടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്ന് ബോർഡ് വിശദീകരിക്കുന്നു. 

English Summary: Ambulance in sabarimala path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com