ADVERTISEMENT

തിരുവനന്തപുരം ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല(ഇഎസ്‌സെഡ്) നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാനും ഭേഗദതി ഹർജി നൽകാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു. 12 ന് ഹർജി നൽകും. നിയമനിർമാണ സാധ്യത പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ടു കേരളത്തിന്റെ ആശങ്കകൾ ഉന്നയിക്കുന്നതും പരിഗണനയിലുണ്ട്.

ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നു തീരുമാനം ഉണ്ടാകുന്നതു വരെ കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടു വിധി നടപ്പാക്കൽ നിർത്തിവയ്ക്കാൻ വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയും രൂപീകരിച്ചു. ജനവാസ മേഖല ഒഴിവാക്കി ബഫർ സോൺ പുനർനിർണയിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ മുൻപ് കേന്ദ്രത്തിനു നൽകിയ വിജ്ഞാപന നിർദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പുതിയ ഉന്നതാധികാര സമിതി (സിഇസി) മുൻപാകെ ഒരാഴ്ചയ്ക്കകം സമർപ്പിക്കും. പരിസ്ഥിതി ലോല മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ വിശദാംശം സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ നൽകാൻ വനം മേധാവിയെയും ചുമതലപ്പെടുത്തി.

ഇന്നലെ ചോദ്യോത്തരത്തിലൂടെയും അടിയന്തര പ്രമേയ നോട്ടിസിലൂടെയും പ്രതിപക്ഷം കൊണ്ടു വന്ന ബഫർ സോൺ വിഷയം നിയമസഭയിൽ ഇരുപക്ഷവും തമ്മിൽ ചൂടേറിയ തർക്കത്തിനിടയാക്കി. കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് നേതാവ് ജയറാം രമേശാണു ബഫർ സോൺ 10 കിലോമീറ്ററാക്കിയതെന്നും ഇതാണു പിന്നീടുള്ള തിരിച്ചടികൾക്കു വഴിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എന്നാൽ, കിലോമീറ്ററിന്റെ കണക്കു പറഞ്ഞിട്ടു കാര്യമില്ലെന്നും ജനവാസ മേഖല പൂർണമായി ഒഴിവാക്കാനുള്ള നടപടികളാണു കൈക്കൊള്ളേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.

ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും തീരുമാനം എടുക്കുന്നില്ലെന്നും ആരോപിച്ചു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ജനവാസ മേഖല ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ അടക്കം ആവശ്യം അംഗീകരിക്കുന്ന തീരുമാനത്തിലേക്കാണു നിയമസഭാ യോഗത്തിനു ശേഷം ഓൺലൈൻ ആയി ചേർന്ന ഉന്നതതല യോഗം എത്തിച്ചേർന്നത്.

English Summary: Eco Sensitive Zone; Kerala to approach supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com