ADVERTISEMENT

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഴ്ത്തുപാട്ട് ഉത്സവമാണ് ഭരണപക്ഷം കൊണ്ടാടുന്നതെന്ന അഭിപ്രായമുള്ള നജീബ് കാന്തപുരം അതിനു പകരം രണ്ടു പരിപാടികൾ നിർദേശിച്ചു. ഒന്നുകിൽ ഈ വാഴ്ത്തൽ വാട്സാപ്പിൽ മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുക. പോരെങ്കിൽ 99 പേരും കൂടി ആ പഴയ പാട്ടിന്റെ താളത്തിൽ സഭയിൽ തിരുവാതിര കളിച്ച് പിണറായിയെ സംപ്രീതനാക്കുക.

ഈ നിർദേശങ്ങൾ തോമസ് കെ.തോമസ് തള്ളി. പകരം ഒരു അഭിനവ കലാരൂപം അദ്ദേഹം അവതരിപ്പിച്ചു. പ്രസംഗ രൂപേണ മുദ്രാവാക്യം വായിക്കുക! ആ ഒറ്റ കലാവിരുന്നിലൂടെ കുട്ടനാടിന്റെ എംഎൽഎ മറ്റു പിണറായി സ്തുതിക്കാരെ വള്ളപ്പാട് പിന്തള്ളി.

‘ ഞങ്ങൾക്കുണ്ടൊരു നേതാവ്, പേരു കേട്ടാൽ പേടിക്കും, വേണേൽ പേരു പറഞ്ഞേക്കാം, പിണറായി എന്നാണാപ്പേര്, വീരാ, വീരാ പിണറായി, ലക്ഷം ലക്ഷം പിന്നാലെ !! ’

എൻസിപി എംഎൽഎയുടെ ഈ മുദ്രാവാക്യഗാന പാരായണം കേൾക്കാൻ ആ സമയത്ത് പിണറായി വിജയൻ സഭയിൽ ഉണ്ടായിരുന്നില്ല. തോമസ് സഭയിൽ എഴുന്നേൽക്കുന്നത് കുട്ടനാടിന്റെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനോ, തന്റെ അചഞ്ചലമായ ഭക്തി പിണറായിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനോ ആണ്.

പക്ഷേ കുട്ടനാടിനു വേണ്ടി കേഴാറുള്ള തോമസ് കൂടുതൽ ദിവസവും തൃക്കാക്കരയിലാണ് ഉള്ളതെന്ന വെളിപ്പെടുത്തലിനും സഭ വേദിയായി. താനും എറണാകുളം എംഎൽഎ ടി.ജെ വിനോദും പിന്നെ തോമസ് കെ.തോമസും തൃക്കാക്കരയിലെ താമസക്കാരാണെന്നു പറഞ്ഞത് സിപിഎമ്മിന്റെ വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണിക്ക‍ൃഷ്ണനാണ്. പ്രതിപക്ഷ ആരോപണം അല്ലാത്തതു കൊണ്ട് തോമസിനു നിഷേധിക്കാനും കഴിഞ്ഞില്ല.

സഭാസ്തംഭനവും അടിയന്തരപ്രമേയ ചർച്ചയും മൂലം പ്രക്ഷുബ്ധമായ സഭ ഇന്നലെ ഏറെക്കുറെ ശാന്തമായിരുന്നു. വൈദ്യുതി, വ്യവസായ വകുപ്പുകളിന്മേൽ നടന്ന ചർച്ചകൾ ഇടയ്ക്ക് അൽപം ഹൈടെൻഷനായെന്നു മാത്രം.

വീണാവിജയനെതിരെ സഭയിലും പുറത്തും ആരോപണം കടുപ്പിച്ച മാത്യു കുഴൽനാടനായിരുന്നു ഭരണപക്ഷത്തിന്റെ ഉന്നം. അതിന് അവർ ‘എക്സ്ട്രാ ടൈം’ ഉപയോഗിച്ചു; ‘ലോജിക്കുകൾ’ പ്രയോഗിച്ചു.

കള്ളം പറയുന്നതിലാണ് മാത്യു ഡോക്ടറേറ്റ് എടുത്തതെന്ന് സി.എച്ച്.കു‍ഞ്ഞമ്പു കണ്ടെത്തി. സംഘപരിവാറിന്റെ കുഴൽ നാദമാണ് മാത്യു മുഴക്കുന്നത് എന്നായി ഐ.ബി.സതീഷ്. തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥന്റെ പഴകിപ്പുളിച്ച ആരോപണങ്ങളാണ് മാത്യു ആവർത്തിക്കുന്നതെന്നു സേവ്യർ ചിറ്റിലപ്പിള്ളിയും. ഇതെല്ലാം കേട്ടപ്പോൾ ‘ചിന്ത’ ഡയറിയും കക്ഷത്തിൽ വച്ചു നാട്ടിൽ കാണുമായിരുന്ന നല്ല കമ്യൂണിസ്റ്റുകാരെയാണ് കുറുക്കോളി മൊയ്തീന് ഓർമ വന്നത്. ഈ പുതിയ കമ്യൂണിസ്റ്റുകാരുടെ കക്ഷത്തിൽ പോലും ചിന്തയില്ലെന്നു മൊയ്തീൻ പരിതപിച്ചു!

ക്രമപ്രശ്നം ഉന്നയിച്ച് സി.എച്ച്.കുഞ്ഞമ്പുവിനു മറുപടി നൽകാൻ മാത്യു കുഴൽനാടൻ ശ്രമിച്ചു. പ്രസംഗകരുടെ പട്ടികയിൽ ഇല്ലാതിരുന്നതുകൊണ്ട് കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹത്തിന് അവസരമുണ്ടായില്ല.

മാത്യു കൊണ്ടു വന്ന ഇലക്ട്രോണിക് തെളിവിന് ഇലക്ട്രോണിക് ആയി തന്നെ മറുപടി പറയൂ എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭരണപക്ഷക്കാരെ ഉപദേശിച്ചത്. ആദ്യ രണ്ടു ദിവസം ഗാലറിയിൽ ഇരുന്ന തിരുവഞ്ചൂർ പത്താം നമ്പർ ജഴ്സി അണിഞ്ഞ് ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിസർകട്ട് മുളങ്കൂട്ടത്തിലാണ് പതിച്ചതെന്നു പി.ബാലചന്ദ്രൻ പരിഹസിച്ചു.

പി.വി.ശ്രീനിജനും പി.മമ്മിക്കുട്ടിയും കെ.ബാബു (നെന്മാറ)വും വി.ശശിയും മറ്റും ഒരു വശത്തും റോജി എം.ജോണും അൻവർ സാദത്തും കെ.കെ.രമയും എല്ലാം മറുവശത്തും ആയി തൃക്കാക്കരയുടെ പേരിലും കോർത്തു. അതോടെ തൃക്കാക്കരയിലെ കണക്കുകൾ, അവിടെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മന്ത്രി പി.രാജീവ് നൽകി. രാജീവിന്റെ വിശകലനം കേട്ട് അദ്ഭുതപരതന്ത്രനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഴുന്നേറ്റു നിന്നു സമ്മതിച്ചു: ‘ശരി, അവിടെ ഞങ്ങൾ തോറ്റു’!’

ബഫർ സോണിന്റെ കാര്യത്തിൽ ആരാണ് കൂടുതൽ കുഴപ്പം ചെയ്തത് എന്ന വാദപ്രതിവാദമാണ് സണ്ണി ജോസഫ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിന്മേൽ ഉണ്ടായത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേതൃത്വം നൽകിയ സംവാദത്തിനൊടുവിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കു പ്രസംഗങ്ങളുടെ സമയം സ്പീക്കർ വല്ലാതെ നിയന്ത്രിക്കുന്നതിലെ രോഷം എം.കെ.മുനീർ മറച്ചുവച്ചില്ല.

ഇന്നത്തെ വാചകം

‘പ്രതിപക്ഷനേതാവിന് സെക്രട്ടേറിയറ്റിനു മുന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ‘ഗുഡ് ഇഡി’ ആണ്. തൊട്ടപ്പുറത്ത് രാജ്ഭവനു മുന്നിൽ ചെന്നാൽ ‘ബാഡ് ഇഡി’യും’ – ജോബ് മൈക്കിൾ

Content Highlight: Naduthalam, Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com