നരേന്ദ്ര മോദിയെ പേടിച്ച് യച്ചൂരി ഗുജറാത്ത് കലാപബാധിതരെ കാണാതെ മുങ്ങി: സതീശൻ

sitaram-yechury-vd-satheesan
സീതാറാം യച്ചൂരി, വി.ഡി. സതീശൻ. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ ഗുജറാത്ത് കലാപബാധിതരെ സന്ദർശിക്കാൻ ടീസ്റ്റ സെതൽവാദ് കാലുപിടിക്കുന്നതുപോലെ യാചിച്ചു ഗുജറാത്തിലെത്തിച്ച സിപിഎം നേതാവ് സീതാറാം യച്ചൂരി നരേന്ദ്ര മോദിയെ ഭയന്ന് അവരെ കാണാതെ മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഭാര്യയെ സോണിയ ഗാന്ധി സന്ദർശിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനാണു സതീശന്റെ മറുപടി. ഗുജറാത്ത് മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്റെ പുസ്തകം ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണമെങ്കിൽ, കൃഷ്ണൻ മോഹൻലാൽ എഴുതിയ ‘ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ’ എന്ന പുസ്തകത്തിലെ ടീസ്‌റ്റയുടെ അഭിമുഖമാണ് സതീശൻ ചൂണ്ടിക്കാട്ടിയത്.

ടീസ്റ്റ വെളിപ്പെടുത്തിയതായി സതീശൻ ഉദ്ധരിച്ചത്: ‘പരിചയമുള്ള എംപിമാരായ രാജ് ബബ്ബർ, അമർസിങ്, ശബാന ആസ്മി, സിപിഎം നേതാവ് സീതാറാം യച്ചൂരി എന്നിവരെ കലാപം തുടങ്ങിയ ഉടൻ വിളിച്ചു. അടിയന്തരമായി ഗുജറാത്തിൽ പോയി ജനങ്ങളെ കാണണമെന്നു പറഞ്ഞു. യാചിക്കുന്നതുപോലെ പറഞ്ഞിട്ടും അവർ മടിച്ചുനിന്നു. ഫാഷിസമാണ്, എങ്ങനെ പോകാൻ എന്നു യച്ചൂരി ചോദിച്ചു. നാലുപേരെയും മാറിമാറി വിളിച്ചപ്പോൾ ഒടുവിൽ സമ്മതിച്ചു. യച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. ഇവരുടെ ഓരോരുത്തരുടെയും ഫോണിലേക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിളിച്ചു. ഇവിടെ എല്ലാം നിയന്ത്രണവിധേയമാണെന്നു പറഞ്ഞ മോദി, നിങ്ങൾ എന്തിനാണു വന്നതെന്നു ചോദിച്ചു.

തിരിച്ചുപോകാൻ അവർ തിടുക്കം കൂട്ടി. നിങ്ങൾ സർക്യൂട്ട് ഹൗസിൽ നിൽക്കൂ, കലാപബാധിതരെ അങ്ങോട്ടു കൊണ്ടുവരാം എന്ന് അവരോടു പറഞ്ഞു. പിറ്റേന്നു രാവിലെ 9 മുതൽ 11 വരെ പരാതി കേൾക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ രാവിലെ എട്ടിനുള്ള വിമാനത്തിൽ സംഘം ഡൽഹിക്കു മടങ്ങി. അവർ മോദിയെ പേടിച്ചാണു കടന്നുകളഞ്ഞതെന്നു തോന്നി.’ടീസ്‌റ്റയുടെ വെളിപ്പെടുത്തലിനോടു മുഖ്യമന്ത്രിക്ക് എന്തു പറയാനുണ്ടെന്നു സതീശൻ ചോദിച്ചു.

English Summary: V.D. Satheesan against Sitaram Yechury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS