ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിഞ്ഞു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ആളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.

ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമാണു ലഭിച്ചത്. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു. സ്ഫോടകവസ്തു എറിഞ്ഞശേഷം ഇവർ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.

AKG Centre blast
എകെജി സെന്ററിൽ സ്ഫോടകവസ്തു വന്നു വീണ സ്ഥലം പരിശോധിക്കുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.

ഉഗ്രശബ്ദത്തോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞു. ഹാളിന്റെ കരിങ്കൽഭിത്തിയിൽ സ്ഫോടകവസ്തു വന്നു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാവ് പി.കെ.ശ്രീമതി ഓഫിസിന് അകത്തുണ്ടായിരുന്നു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, പിബി അംഗം എ.വിജയരാഘവൻ, മന്ത്രി ആന്റണി രാജു എന്നിവരും ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് എൽഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിയെ വരെ വധിക്കാൻ ശ്രമിച്ചവർക്ക് എകെജി സെന്റർ ആക്രമിക്കാൻ ബുദ്ധിമുട്ടില്ല. ഇതിന്റെ പേരിൽ പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുത്. സംയമനം പാലിക്കണം – അദ്ദേഹം പറഞ്ഞു.

Protest by DYFI on AKG center blast
ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരത്ത് എകെജി സെന്ററിനു മുന്നിൽ ഒത്തുകൂടിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

English Summary: Blast near AKG Centre - CPM State Committe Office - at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com